പഞ്ചാരി തുടങ്ങിയാല്‍ പത്തുനാഴിക എന്ന ചൊല്ല് അന്വര്‍ഥമാകുന്ന വാദ്യവേദിയാണ് എടക്കുന്നിയിലെ ഉത്രംവിളക്ക്. പെരുവനം വിളക്കില്‍ പങ്കെടുക്കുന്ന എടക്കുന്നി ഭഗവതിക്ക് നടവഴി ഒഴിച്ചിടാതെ കാക്കുന്ന ഒരു ചുമതലയുണ്ട്. വിളക്കിനു ശേഷം പെരുവനത്തെ നിലപാട് തറയില്‍ കയറി നിന്ന് ഇരട്ടയപ്പനോട് ഉപചാരം ചൊല്ലാന്‍ അവകാശമുള്ള അപൂര്‍വ്വം ദേവീദേവന്മാരില്‍ ഒരാളാണ് എടക്കുന്നി ഭഗവതി. ആറാട്ടുപുഴ പൂരത്തിന് ശാസ്താവിന്റെ എഴുന്നള്ളിപ്പിന് ശേഷം നടക്കുന്നത് എടക്കുന്നി ഭഗവതിയുടെ എഴുന്നള്ളിപ്പാണ്.
ആഢംബരങ്ങളില്ലാത്ത ചിറ്റിച്ചാത്തക്കുടം ശാസ്താവ്
പെരുവനം ആറാട്ടുപുഴ പൂരങ്ങളില്‍ ഉള്‍പ്പെടുന്ന ഒട്ടുമിക്കക്ഷേത്രങ്ങളിലെ ചടങ്ങുകള്‍ക്കും ചിറ്റിച്ചാത്തക്കുടം ശാസ്താവിന്റെ സാന്നിധ്യമുണ്ട്. ആഢംബരങ്ങളില്ലെങ്കിലും ആചാരങ്ങള്‍ അതികണിശമായുള്ള ക്ഷേത്രമാണിത്. വലിയ പൂരങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറി എല്ലായിടത്തുമെത്തി ആഘോഷങ്ങള്‍ക്കെല്ലാം സാക്ഷിയാണ് ചിറ്റിച്ചാത്തക്കുടം ശാസ്താവ്. മകയിരത്തിനാണ് കൊടിയേറ്റും തിരുവാതിരക്കു പുറപ്പാടുമാണ്.
ആറാട്ടുപുഴ പൂരദിവസം കടലാശ്ശേരി പിഷാരിക്കല്‍ ക്ഷേത്രത്തില്‍ ഇറക്കി എഴുന്നള്ളിച്ചശേഷം ഉപചാരം പറഞ്ഞ് തൊട്ടിപ്പാള്‍ പൂരത്തിലെത്തി തൊട്ടിപ്പാള്‍ ഭഗവതിയോട് ഉപചാരം പയറുന്നു. സന്ധ്യയോടെ ആറാട്ടുപുഴ ശാസ്താക്ഷേത്രത്തില്‍ എത്തുന്നു.
കൊടിയേറ്റമില്ലാത്ത അന്തിക്കാട് കാര്‍ത്ത്യായനി
പെരുവനം പൂരത്തില്‍ പങ്കെടുക്കാതെ ആറാട്ടുപുഴ പൂരത്തില്‍ മാത്രം പങ്കെടുക്കുന്ന 5 ദേവീദേവന്മാരില്‍ ഒന്നാണ് അന്തിക്കാട് ഭഗവതി. ഇവിടത്തെ പൂരത്തിന് കൊടിയേറ്റമില്ല. ആറാട്ടുപുഴയില്‍ എടക്കുന്നി ഭഗവതിയുടെ പൂരത്തിന് ശേഷം അന്തിക്കാട്, ചൂരക്കോട് ഭഗവതിമാരെ എഴുന്നള്ളിക്കുന്നു.
അന്തിക്കാട് ഭഗവതിയുടെ സഹോദരിയാണ് ചൂരക്കോട് ഭഗവതി എന്നാണ് സങ്കല്‍പം. അവര്‍ക്ക് ഒരുമിച്ചാണ് ആറാട്ടുപുഴയില്‍ പൂരം. പൂരക്കാലത്തെ ഒട്ടുമിക്ക യാത്രകളും ഈ ഭഗവതിമാര്‍ ഒരുമിച്ചുതന്നെയാണ്. മന്ദാരം കടവിലെ മൂന്ന് ആറാട്ട് മണ്ഡപങ്ങളില്‍ ഒന്ന് അന്തിക്കാട് ഭഗവതിയുടേതാണ്.
ദേശത്തിന്റെ പരദേവതയായി ചൂരക്കോട് ഭഗവതി
ചൂരക്കോട് ഭഗവതിയും പെരുവനം പൂരത്തില്‍ പങ്കെടുക്കാതെ ആറാട്ടുപുഴ പൂരത്തില്‍ മാത്രമാണ് പങ്കെടുക്കുന്നത്.
മകയിരം നാളിലാണ് പൂരം പുറപ്പാട്. പൂരംനാളില്‍ ദീപാരാധനക്ക് ശേഷം ആറാട്ടുപുഴ പൂരത്തിന് പുറപ്പെടുന്നു. രാത്രി ആറാട്ടുപുഴ ക്ഷേത്രത്തില്‍ എത്തി ഇറക്കി എഴുന്നള്ളിക്കുന്നു.
ഉത്രംരാവിലെ മന്ദാരം കടവില്‍ അന്തിക്കാട് ഭഗവതിയോടൊപ്പം ചൂരക്കോട് ഭഗവതിക്ക് ആറാട്ട്. ആറാട്ടിനുശേഷം ആറാട്ടുപുഴ ശാസ്താവിനോട് ഉപചാരം പറഞ്ഞ് മടങ്ങി ചാഴൂര്‍ ഭഗവതീക്ഷേത്രത്തില്‍ ഇറക്കി എഴുന്നള്ളിപ്പ്.
അമ്പുംവില്ലുമേന്തിയ മാട്ടില്‍ ശാസ്താവ്
തൊട്ടിപ്പാള്‍ ഭഗവതിയുടെ സംരക്ഷകനും സഹോദരനുമാണ് മാട്ടില്‍ ശാസ്താവ്. തൊട്ടിപ്പാള്‍ പൂരം നടത്തിക്കൊടുക്കേണ്ടതിന്റെ ഉത്തരവാദിത്വം മാട്ടില്‍ ശാസ്താവിനാണ്. പെരുവനം, ആറാട്ടുപുഴ എന്നിവിടങ്ങളിലും പൂരത്തിന്റെ മേല്‍നോട്ടക്കാരന്‍ എന്ന സ്ഥാനമാണ് ഇരട്ടയപ്പന്‍ മാട്ടില്‍ ശാസ്താവിന് കല്‍പ്പിച്ചു നല്‍കിയിട്ടുള്ളത്.
മകയിരംനാളിലാണ് പൂരംപുറപ്പാട്.
പെരുവനം വിളക്കില്‍ മറ്റു ദേവീദേവന്മാര്‍ക്കൊപ്പം മാട്ടില്‍ ശാസ്താവ് പങ്കെടുക്കുന്നു. വിളക്ക് എഴുന്നള്ളിപ്പ് കഴിഞ്ഞ് തിരിച്ചെഴുന്നള്ളുന്നു. ആറാട്ടുപുഴ പൂരം ദിവസം രാവിലെ തൊട്ടിപ്പാള്‍ ക്ഷേത്രത്തിലേക്ക് പോകുന്നു. ആറാട്ടുപുഴയിലെത്തിയാല്‍ ശാസ്താവിന്റെ മേളം കഴിയുന്നതിനു മുന്‍പ് ക്ഷേത്രത്തിനകത്ത് കയറി ഇറക്കി എഴുന്നള്ളിക്കുന്നു.
പെരുവനത്തേക്കില്ലാത്ത കടുപ്പശ്ശേരി ഭഗവതി
കൊടികയറ്റമില്ലാതെ കൊട്ടിപുറപ്പെടുകയും പെരുവനം പൂരത്തില്‍ പങ്കെടുക്കാതിരിക്കുകയും ചെയ്യുന്ന മറ്റൊരു ക്ഷേത്രമാണ് കടുപ്പശ്ശേരി. പണ്ട് പെരുവനത്ത് കടുപ്പശ്ശേരിക്ക് പൂരമുണ്ടായിരുന്നെന്നും ചിലകാരണങ്ങളാല്‍ മുടങ്ങിയെന്നുമാണ് പറയുന്നത്.
പൂരംനാളില്‍ ഉച്ചതിരിഞ്ഞ് ആറാട്ടുപുഴ പൂരത്തിനായി പുറപ്പെടുന്നു. രാത്രി ആറാട്ടുപുഴ പാടത്ത് കടുപ്പശ്ശേരി ഭഗവതിയും സഹോദരിമാരായ കൊടകര പൂനിലാര്‍കാവ് ഭഗവതിയും ചാലക്കുടി പിഷാരിക്കല്‍ ഭഗവതിയും ചേര്‍ന്ന് 5 ആനയും പഞ്ചാരിയുമായി പൂരം എഴുന്നള്ളിപ്പുണ്ട്. ഉത്രംനാള്‍ രാവിലെ കരുവന്നൂര്‍ പുഴയിലെ മന്ദാരം കടവില്‍ ആറാട്ടിനു ശേഷം ആറാട്ടുപുഴ ശാസ്താവിനോട് ഉപചാരം പറഞ്ഞ് മടങ്ങുന്നു.
അധികദൂരം താണ്ടുന്ന കാട്ടുപിഷാരിക്കല്‍ ഭഗവതി
ആറാട്ടുപുഴപൂരത്തിന് ഏറ്റവുമധികം ദൂരംതാണ്ടിയെത്തുന്ന ദേവതയാണ് ചാലക്കുടി പിഷാരിക്കല്‍ ഭഗവതി. പൂരക്കാലത്ത് 7 ആറാട്ടുകളാണ് പിഷാരിക്കല്‍ ഭഗവതിക്കുള്ളത്. മകയിരംനാളിലാണ് പിഷാരിക്കല്‍ ഭഗവതിയുടെ പൂരം പുറപ്പാട്.
ആറാട്ടുപുഴപൂരദിവസം രാവിലെ ചാലക്കുടി പിഷാരിക്കല്‍ ഭഗവതി എഴുന്നള്ളുന്നു. പൂനിലാര്‍ക്കാവ് ഭഗവതിയും ചാലക്കുടി പിഷാരിക്കല്‍ ഭഗവതിയും ചേര്‍ന്നാണ് ആറാട്ടുപുഴയിലേക്ക് പുറപ്പെടുന്നത്. രാത്രി ആറാട്ടുപുഴ മന്ദാരം കടവിലെത്തുന്ന ദേവിമാരെ അവിടെ ഇറക്കി എഴുന്നള്ളിക്കുന്നു. ഉത്രംനാള്‍ രാവിലെ കരുവന്നൂര്‍ പുഴയിലെ മന്ദാരം കടവില്‍ ആറാട്ട്. അതിനുശേഷം ആറാട്ടുപുഴ ശാസ്താവിനോട് ഉപചാരം പറഞ്ഞ് ചാലക്കുടിയിലേക്ക് മടങ്ങുന്നു.
ഗ്രാമബലിതൂകാനെത്തുന്ന തിരുവുള്ളക്കാവ് ശാസ്താവ്
മീനത്തിലെ ഉത്രം നാള്‍ രാത്രിയില്‍ ഗ്രാമബലിക്കും പിറ്റേന്നത്തെ പെരുവനം പകല്‍പൂരത്തിനും മാത്രമെ എഴുന്നെള്ളുന്നുന്നുള്ളുവെങ്കിലും പൂരത്തിലെ പ്രധാനസ്ഥാനമാണ് അറിവിന്റെ ദേവനായ തിരുവുള്ളക്കാവ് ശാസ്താവിനുള്ളത്. പൂരത്തിലെ ഒരു പങ്കാളിയാണെങ്കിലും പെരുവനത്തെ രാത്രി പൂരത്തിനോ ആറാട്ടുപുഴ പൂരത്തിനോ പോകുന്നില്ല. പൂരത്തിന് 27 ദിവസം മുന്‍പ് കുംഭമാസത്തിലെ ഉത്രം നാളില്‍ തിരുവുള്ളക്കാവില്‍ കൊടിമരം നാട്ടുന്നു.
മീനമാസത്തിലെ ഉത്രം നാള്‍ വൈകീട്ടാണ് പൂരത്തില്‍ പങ്കാളിയായതും അതുവരെ പുറത്തേക്കിറങ്ങാത്തതുമായ തിരുവുള്ളക്കാവ് ശാസ്താവിന്റെ ആദ്യത്തെ എഴുന്നള്ളിപ്പ്. ഉത്രം കഴിയുന്നതോടെ പൂരങ്ങള്‍ അവസാന ദിവസത്തിലേക്ക് കടക്കുകയാണ്. അപ്പോഴാണ് 24ാമത്തെ ദേവനായ തിരുവുള്ളക്കാവ് ശാസ്താവ് ആദ്യമായി പുറത്തേക്ക് എഴുന്നള്ളുന്നത്. പൂരം കഴിഞ്ഞ് ഗ്രാമബലിതൂകി ശുദ്ധീകരിക്കാനാണ് ശാസ്താവ് യാത്രയാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക