തിരുവനന്തപുരം: മീനച്ചൂടിന് അല്പം ശമനവുമായി വേനല്‍ മഴയെത്തിയെങ്കിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖരിന്റെ പോരാട്ട ചൂടിന് ശമനമില്ല. പരമാവധി വോട്ടര്‍മാരെ നേരില്‍ കാണാനുള്ള തിരക്കിലാണ് സ്ഥാനാര്‍ത്ഥി. രാവിലെ കാര്യവട്ടം കമുകിന്‍കോട് ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്ര ദര്‍ശനത്തോടെയായിരുന്നു തുടക്കം. ഭഗവതിയെ തൊഴുത്, പൊങ്കാല മഹോത്സവത്തില്‍ പങ്കെടുത്ത ദക്തരോട് വോട്ട് അഭ്യര്‍ത്ഥിച്ചാണ് ഇന്നലത്തെ പര്യടനം ആരംഭിച്ചത്.
തുടര്‍ന്ന് മാരാര്‍ജി ഭവനിലെ സംസ്ഥാന ഇലക്ഷന് മാനേജ്മെന്റ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തില്‍ പങ്കാളിയായി.
അവിടെയും നിരവധി പേര് വിവിധ പരാതികളുമായി എത്തിയിരുന്നു. അവരുടെയല്ലാം പ്രശ്നങ്ങള്‍ ക്ഷമയോടെ കേട്ട് പരിഹാരത്തിന് ശ്രമിക്കാമെന്ന് ഉറപ്പ് നല്കി. തുടര്‍ന്ന് വൈഎംസി ഹാളിലെ കുരിശുകളുടെയും ബൈബിളുകളുടെയും പ്രദര്‍ശനം കണ്ടു. അവിടെ നിന്ന് ശാസ്തമംഗലം എന്‍എസ്എസ് കരയോഗം സെക്രട്ടറി ചന്ദ്രശേഖരന് നായരുടെ വീട്ടില്‍ ഉച്ചഭക്ഷണം. തുടര്‍ന്ന് തൈക്കാട് പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന് സംഘടിപ്പിച്ച ആഴ്ച്ചക്കൂട്ടം പരിപാടിക്കെത്തി സംവാദത്തില്‍ പങ്കെടുത്തു.
വൈകീട്ട് ഉന്നത വിദ്യാഭ്യാസ രംഗത്തെ വികസനവുമായി ബന്ധപ്പെട്ട പൊതുചര്‍ച്ചയിലും പങ്കെടുത്തു. തിരുവനന്തപുരത്തെ ഒരു ഉന്നതവിദ്യാഭ്യാസ കേന്ദ്രമാക്കുന്നതു സംബന്ധിച്ചായിരുന്നു ചര്‍ച്ച. നയതന്ത്ര വിദഗ്ധനും സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മുന്‍ അധ്യക്ഷനുമായ ടി.പി.ശ്രീനിവാസനുമായി രാജീവ് ചന്ദ്രശേഖര്‍ സംവദിച്ചു. സദസ്യരുടെ ചോദ്യങ്ങള്‍ക്കു മറുപടിയും നല്കി. ഒട്ടേറെ പേര് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: