ലഖ്നൗ: തെരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇന്‍ഡി സഖ്യത്തിലെ പ്രധാന കക്ഷിയായ സമാജ്വാദി പാര്‍ട്ടിക്ക് വീണ്ടും തിരിച്ചടി.
അപ്നാദള്‍ കമെറാവാദി വിഭാഗം കഴിഞ്ഞ ദിവസം എസ്പിയുമായുള്ള സഖ്യത്തില്‍ നിന്ന് പിന്മാറിയിരുന്നു. ഇന്നലെ ജന്‍വാദി പാര്‍ട്ടി (സോഷ്യലിസ്റ്റും എസ്പിയുമായുള്ള ബന്ധം ഉപേക്ഷിച്ചു. ഉത്തര്‍പ്രദേശിലെ പതിനൊന്നു മണ്ഡലങ്ങളില്‍ തനിച്ചു മത്സരിക്കുമെന്ന് ജന്‍വാദി പാര്‍ട്ടി പ്രസിഡന്റ് സഞ്ജയ് ചൗഹാന് അറിയിച്ചു. മറ്റു മണ്ഡലങ്ങളില്‍ ആരെ പിന്തുണയ്ക്കണമെന്ന് പാര്‍ട്ടി നേതൃയോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നും സഞ്ജയ് പറയുന്നു.
മിര്‍സാപുര്‍ അടക്കം മൂന്നു ലോക്സഭാ മണ്ഡലങ്ങളില്‍ മത്സരിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് അപ്നാദളിനെ (കമെറാവാദി) സഖ്യം വിടാന്‍ പ്രേരിപ്പിച്ചത്. മിര്‍സാപുര്‍ മണ്ഡലത്തില്‍ എസ്പി ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുകയായിരുന്നു. മിര്‍സാപുര്‍, ഫൂല്‍പുര്‍, കൗശംബി മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന അപ്നാദള്‍ നേതാവ് കൃഷ്ണ പട്ടേല്‍ പറഞ്ഞു. കേന്ദ്രമന്ത്രി അനുപ്രിയ പട്ടേലിന്റെ അമ്മയാണ് കൃഷ്ണ പട്ടേല്‍. ലോനെവാള് വിഭാഗം, കമെറാവാദി വിഭാഗം എന്ന് അപ്നാദള്‍ പിളര്‍ന്നപ്പോള്‍ അനുപ്രിയ പട്ടേലിന്റെ നേതൃത്വത്തില്‍ ലോനെവാള് വിഭാഗം എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്നു. 2014ല്‍ മിര്‍സാപുര്‍ മണ്ഡലത്തില്‍ നിന്നു ജയിച്ച് അനുപ്രിയ പട്ടേല്‍ ലോക്സഭയിലെത്തി. അനുപ്രിയയുടെ സഹോദരി ഡോ. പല്ലവി പട്ടേല്‍ അമ്മയ്ക്കൊപ്പം കമെറാവാദി വിഭാഗത്തില്‍ നിലയുറപ്പിച്ചു. ഇപ്പോള്‍ യുപി വിധാന്‍ സഭ അംഗമാണ് പല്ലവി പട്ടേല്‍.
സമാജ്വാദി പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിച്ച സാഹചര്യത്തില്‍ ഞങ്ങള്‍ ഇനി ഇന്‍ഡി സഖ്യത്തില്‍ നില്‍ക്കണോ എന്നു തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണെന്ന് കൃഷ്ണ പട്ടേലും പല്ലവി പട്ടേലും പറയുന്നു. എന്‍ഡിഎയില്‍ ചേരുമോ എന്ന ചോദ്യത്തിന് ബിജെപിയില്‍ നിന്ന് ക്ഷണം കിട്ടിയിട്ടില്ല എന്നായിരുന്നു കൃഷണ പട്ടേലിന്റെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: