കോഴിക്കോട്: ദേശീയ പാര്‍ട്ടിയെന്ന പദവി നഷ്ടപ്പെടുമെന്ന് സിപിഎമ്മിന് ആശങ്ക. പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗം എ.കെ. ബാലനാണ് ഇന്നലെ ആശങ്ക പ്രകടിപ്പിച്ചത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിശ്ചിത ശതമാനം വോട്ടോ, എംപിമാരെയോ ലഭിച്ചില്ലെങ്കില്‍ ദേശീയ പാര്‍ട്ടിയെന്ന അംഗീകാരം നഷ്ടപ്പെടും. അതോടെ അരിവാള്‍ ചുറ്റിക നക്ഷത്രത്തിനു പകരം ഈനാംപേച്ചി, എലിപ്പെട്ടി, നീരാളി തുടങ്ങിയ ചിഹ്നങ്ങളില്‍ മത്സരിക്കേണ്ടി വരും, കെഎസ്എഫ്ഇ ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ശില്‍പശാലയില്‍ അദ്ദേഹം പറഞ്ഞു.
ഇടതുപാര്‍ട്ടികള്‍ക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിശ്ചിത ശതമാനം വോട്ട് ലഭിച്ചില്ലെങ്കില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളുടെ സ്ഥിതിയിലാകും. ഇലക്ഷന്‍ കമ്മിഷന്‍ അവര്‍ക്ക് ഇഷ്ടമുള്ള ചിഹ്നമായിരിക്കും നല്കുക. ഇല മുതല്‍ സൈക്കിള്‍ പോലുള്ള ചിഹ്നങ്ങള്‍ വീതംവച്ചു കഴിഞ്ഞു. ഞാന്‍ പറയുന്നത് തമാശയായി തോന്നാം. അംഗീകാരം നഷ്ടപ്പെടാതിരിക്കാന്‍ ജാഗ്രത വേണം. ഈ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യമാണത്. ഇടതുപാര്‍ട്ടികളുടെ ഐഡന്റിറ്റി സംരക്ഷിക്കണം. ചിഹ്നം സംരക്ഷിക്കണം, ബാലന്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക