കോഴിക്കോട്: അഴിമതിക്കേസില്‍ കേജ്രിവാള് അറസ്റ്റിലായപ്പോള്‍ ഏറ്റവുമധികം ചങ്കുപിടയ്ക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് മുന്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ്. പിണറായി കട്ടുമുടിച്ചതിന്റെ തെളിവുകള്‍ ഹൈക്കോടതിയുടെ മുന്നിലെത്തിയിട്ടുണ്ട്. ഹൈക്കോടതി നിര്‍ദേശപ്രകാരമുള്ള അന്വേഷണം അവസാനഘട്ടത്തിലാണ്. പിണറായിയും മകളും വൈകാതെ കേജ്രിവാളിനു പിന്നാലെ ജയിലില്‍ കിടക്കേണ്ടിവരും. അതില്‍ വേവലാതിപ്പെട്ടിട്ട് കാര്യമില്ല. കേരളത്തിലെ ജനങ്ങളെ കൊള്ളയടിക്കുമ്പോള്‍ ഓര്‍ക്കണമായിരുന്നു. മോഷ്ടിച്ചും ഗുണ്ടായിസം കാട്ടിയും കേരളത്തെ നശിപ്പിക്കുന്നതിനെതിരെയുള്ള വിധിയെഴുത്താവണം തെരഞ്ഞെടുപ്പ്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂര്‍ സംഘര്‍ഷം പരിഹരിക്കുന്നതില്‍ ഏറെ പങ്കുവഹിച്ചു. പ്രശ്നം പരിഹരിക്കുന്നതില്‍ ഒരു ഭരണാധികാരിയും മുതിരാത്ത നടപടികളാണ് അദ്ദേഹം കൈക്കൊണ്ടത്. മണിപ്പൂരില്‍ ഗോത്രവര്‍ഗ വിഭാഗമായ കുക്കി ക്രിസ്ത്യാനികളും മെയ്തെയ് ക്രിസ്ത്യാനികളും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ചില ഭീകരവാദികള്‍ മണിപ്പൂരില്‍ കടന്ന് ഉണ്ടാക്കുന്ന പ്രശ്നമാണ് നിലവിലുള്ളത്. മണിപ്പൂരിലെ തദ്ദേശീയ പ്രശ്നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഹമാസിനു വേണ്ടിയും പൗരത്വ നിയമത്തിനെതിരെയും പ്രതിഷേധിക്കുന്നവര്‍ പൂഞ്ഞാറിലെ അച്ചനെ വണ്ടിയിടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ മിണ്ടിയില്ല. ക്രിസ്ത്യാനിക്ക് കൊള്ളുന്നതില്‍ ഇടതിനും വലതിനും ഒരു പ്രശ്നവുമില്ല. ഹമാസിന് അനുകൂലമായും പൗരത്വനിയമ ഭേദഗതിക്കെതിരെയും ഇടതുവലതു മുന്നണികള്‍ കോഴിക്കോട് കേന്ദ്രീകരിച്ച് നടത്തുന്ന പ്രതിഷേധങ്ങള്‍ മുസ്ലിംവോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ്.
മുസ്ലിംസമൂഹം ഇവരെ തിരിച്ചറിയണം. ഭാരതത്തിലെ ക്രൈസ്തവ സമൂഹം ഉള്‍പ്പെടെ മുഴുവന്‍ സമൂഹത്തോടും തനിക്ക് പറയാനുള്ളത് ഏകരക്ഷ മോദിയാണെന്നും ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ ഭാരതം നിറഞ്ഞുനില്ക്കാന് നരേന്ദ്ര മോദിക്കും മോദിയെ പിന്തുണയ്ക്കുന്നവര്‍ക്കും വോട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്, സംസ്ഥാന വക്താവ് അഡ്വ. ശ്രീപത്മനാഭന്, ലോക്സഭാ മണ്ഡലം തെരഞ്ഞെടുപ്പ് ഇന്‍ ചാര്‍ജ് കെ. നാരായണന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: