ന്യൂദല്‍ഹി: ടു ജി സ്പെക്ട്രം അഴിമതി കേസില്‍ ഡിഎംകെ വീണ്ടും പ്രതിക്കൂട്ടിലേക്ക്. മുന്‍ ടെലികോം മന്ത്രി എ. രാജ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ വിചാരണക്കോടതി ഉത്തരവിനെതിരെ സിബിഐ നല്കിയ ഹര്‍ജി ദല്‍ഹി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കേസില്‍ സിബിഐ നല്കിയ അപ്പീല്‍ നിലനില്കുന്നതാണെന്നും വിശദമായ വാദം കേള്‍ക്കേണ്ടതാണെന്നും ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ദിനേശ് കുമാര്‍ ശര്‍മ അറിയിച്ചു.
ഹര്‍ജിക്കാര്‍ നല്കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസില്‍ വിശദമായ പരിശോധന നടത്തേണ്ടതുണ്ടെന്നാണ് പ്രഥമദൃഷ്ട്യാ മനസിലാകുന്നത്. അതുകൊണ്ടുതന്നെ പ്രതികളെ കുറ്റവിമുക്തരാക്കിയതില്‍ സിബിഐയുടെ ഹര്‍ജി നിലനില്‍ക്കുന്നതാണ്. മെയില്‍ വിചാരണ ആരംഭിക്കുമെന്നും ദല്‍ഹി ഹൈക്കോടതി അറിയിച്ചു.
പ്രതികളെ കുറ്റവിമുക്തരാക്കിയ പ്രത്യേക കോടതി ഉത്തരവ് പുറത്തിറക്കി ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിബിഐയുടെ അപ്പീല്‍ ഹര്‍ജി പരിഗണിക്കുന്നത്. 2018ല്‍ സിബിഐ നല്കിയ അപ്പീല്‍ ഹര്‍ജി ജസ്റ്റിസ് ദിനേശ് കുമാര്‍ ശര്‍മയ്ക്ക് മുമ്പ് ഏഴോളം ജഡ്ജിമാര്‍ ഹര്‍ജി പരിഗണിച്ചെങ്കിലും ഇപ്പോഴാണ് ഉത്തരവിറക്കിയത്. അഴിമതി പുറത്തുവന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രതികള്‍ക്കെതിരെ മതിയായ തെളിവ് കണ്ടെത്താന്‍ സിബിഐക്ക് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രത്യേക കോടതി അന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയത്.
2017 ഡിസംബര്‍ 21നാണ് ടു ജി സ്പെക്ട്രെം അഴിമതി കേസില്‍ എ. രാജ, ഡിഎംകെ എംപി കനിമൊഴി അടക്കമുള്ളവരെ പ്രത്യേക കോടതി കുറ്റവിമുക്തരാക്കിയത്. തുടര്‍ന്ന് 2018 മാര്‍ച്ച് 19ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ഇത് കള്ളപ്പണം വെളുപ്പിക്കല്‍ കേസാണെന്നും, പിഎംഎല്‍എ 2002 ആക്ട് പ്രതികള്‍ ലംഘിച്ചെന്നുമാണ് ഇ ഡി നല്കിയ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. പിറ്റേന്ന് സിബിഐയും ഇതിനെതിരെ കോടതിയെ സമീപിച്ചു.
എ. രാജ, കനിമൊഴി എന്നിവരെ കൂടാതെ അന്നത്തെ ടെലികോം സെക്രട്ടറി സിദ്ധാര്‍ത്ഥ് ബെഹുറ, രാജയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി ആര്.കെ. ചന്ദോളിയ, യുണിടെക് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ സഞ്ജയ് ചന്ദ്ര, റിലയന്‍സ് അനില്‍ ധിരുഭായ് അംബാനി ഗ്രൂപ്പിലെ (ആര്‍എഡിഎജി) മൂന്ന് ഉന്നത ഉദ്യോഗസ്ഥരായ ഗൗതം ദോഷി, സുരേന്ദര പിപാര, ഹരി നായര്‍ എന്നിവരെ കുറ്റവിമുക്തരാക്കിയതിനേയും സിബിഐ ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നുണ്ട്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ ടെലികോം മന്ത്രാലയ ജീവനക്കാര്‍ക്കെതിരെ അന്വേഷണം വേണമെന്നും സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത് കൂടാതെ സ്വാന് ടെലികോം സ്ഥാപകരായ ഷാഹിദ് ബല്‍വ, വിനോദ് ഗോയങ്ക, കുസെഗോവ് ഫ്രൂട്ട്സ് ആന്‍ഡ് വെജിറ്റബിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍മാരായ ആസിഫ് ബല്‍വ. രാജീവ് അഗര്‍വാള്‍ എന്നിവരേയും പ്രത്യേക കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
2017ല്‍ ഇതേ ദിവസം തന്നെ ഇ ഡി നല്കിയ കേസിലും പ്രത്യേക കോടതി എ. രാജ, കനിമൊഴി, ഡിഎംകെ അധ്യക്ഷനായിരുന്ന കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാള്‍, വിനോദ് ഗോയങ്ക, ആസിഫ് ബല്‍വ. കരിം മൊറാനി, പി. അമൃതം, ശരദ് കുമാര്‍ എന്നിങ്ങനെ 19 പേരെയും കുറ്റവിമുക്തരാക്കിയിരുന്നു. ടു ജി അഴിമതിയുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ എസ്സാര്‍ ഗ്രൂപ്പ് ഉടമ രവികാന്ത് രുയ, അനുഷ്മാന്‍ റുയ, ലൂപ് ടെലികോം ഉടമകളായ ഐപി ഖെയ്താന്, കിരണ്‍ ഖെയ്താന് എന്നിവരേയും കുറ്റവിമുക്തരാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: