Categories: Samskriti

കൊടിയേറ്റമില്ലാതെ പൂരം കൊട്ടിപ്പുറപ്പെടുന്ന തൊട്ടിപ്പാള്‍ ഭഗവതിക്ഷേത്രം

ഭൂമിയിലെ ദേവമേളയായ ആറാട്ടുപുഴപൂരത്തില്‍ പങ്കെടുക്കുന്ന ക്ഷേത്രങ്ങളെക്കുറിച്ചുള്ള വിവരണം...

Published by

റാട്ടുപുഴപൂരത്തിനു മുന്നോടിയായുള്ള കാര്‍ത്തികനാളിലാണ് ഇവിടെ പൂരം പുറപ്പാട്. കൊടിയേറ്റമില്ലാതെ പൂരം കൊട്ടിപ്പുറപ്പെടുന്ന ക്ഷേത്രമാണിത്. തൊട്ടിപ്പാള്‍ ഭഗവതിക്ക് വേണ്ടി കൊടിമരം നാട്ടുന്നതും കൊടികയറുന്നതും ഊരകം ക്ഷേത്രത്തിലാണ്. ഊരകത്തമ്മത്തിരുവടിയുടെ അനുജത്തിയാണ് തൊട്ടിപ്പാള്‍ ഭഗവതി എന്നാണ് സങ്കല്‍പം. ചാത്തക്കുടം ശാസ്താവിന്റെ സഹോദരി എന്നൊരു സങ്കല്‍പവും തൊട്ടിപ്പാള്‍ ഭഗവതിക്കുണ്ട്. ഊരകത്തമ്മത്തിരുവടി പെരുവനം പൂരത്തിനു പോകുമ്പോള്‍ പെരുവനം പൂരം കഴിഞ്ഞുവരുന്ന തൊട്ടിപ്പാള്‍ ഭഗവതി ക്ഷേത്രത്തിനു കാവലിരിക്കുന്ന പതിവുണ്ട്.

ആറാട്ടുപുഴപൂരത്തിന്റ തലേദിവസം വൈകീട്ട് തൊട്ടിപ്പാള്‍ ഭഗവതിക്ക് ആറാട്ടുപുഴ ശാസ്താവിന് അഭിമുഖമായി തറയ്‌ക്കല്‍പൂരമുണ്ട്. ആറാട്ടുപുഴ ശാസ്താവും തൊട്ടിപ്പാള്‍ ഭഗവതിയും ഊരകത്തമ്മത്തിരുവടിക്ക് അഭിമുഖം നിന്നുകൊണ്ട് ഊരകത്തമ്മത്തിരുവടിയെ കാശി വിശ്വനാഥനേയും ഗംഗാദേവിയേയും കാഞ്ചീപുരത്തമ്മയേയും മറ്റും ആറാട്ടുപുഴ പൂരത്തിനായി ക്ഷണിക്കാന്‍ യാത്രയാക്കുന്നതിന്റെ പ്രതീകാത്മ ചടങ്ങുണ്ട്. ആറാട്ടുപുഴദിവസം രാവിലെ തൊട്ടിപ്പാളില്‍ നടക്കുന്ന പൂരം പ്രസിദ്ധമാണ്.

ആറാട്ടുപുഴപൂരത്തിന്റെ പകല്‍പൂരമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. ആറാട്ടുപുഴ പൂരം ദിവസം രാത്രിയില്‍ തൊട്ടിപ്പാള്‍ ഭഗവതി ആറാട്ടുപുഴ പാടത്ത് നേരത്തെ തന്നെ എത്തി ചാത്തക്കുടം ശാസ്താവിനെ കാത്തുനില്‍ക്കുന്നു. രാത്രി ചാത്തക്കുടം ശാസ്താവിന്റെ പൂരം ആരംഭിക്കുമ്പോള്‍ ശാസ്താവിന്റെ വലതുവശത്ത് ഭഗവതിയെ എഴുന്നള്ളിക്കുന്നു.

  • മുങ്ങിക്കുളിയുള്ള കോടന്നൂര്‍ ശാസ്താവ്

പെരുവനംവിളക്കിലെ മൂന്നാം സ്ഥാനം കോടന്നൂര്‍ ശാസ്താവിനാണ്. പെരുവനത്തെ നിലപാടുതറയില്‍ കയറി നിന്ന് ഇരട്ടയപ്പനെ വണങ്ങാന്‍ അവകാശമുള്ള അപൂര്‍വ്വം ദേവീദേവന്മാരില്‍ ഒരാളാണ് കോടന്നൂര്‍ ശാസ്താവ്. ശാസ്താക്കന്മാര്‍ക്ക് ആറാട്ടില്ല എന്നാല്‍ കോടന്നൂര്‍ ശാസ്താവിന് മുങ്ങിക്കുളിയുണ്ട്. ആറാട്ടിന്റെ ചടങ്ങുകള്‍ ഒന്നുമില്ല. തിടമ്പ് ഒന്ന് വെള്ളത്തില്‍ മുക്കിയെടുക്കുക മാത്രം. അതിനെ ആറാട്ടെന്ന് പറയാന്‍ പറ്റില്ല. മുങ്ങിക്കുളി എന്നാണ് പറയുക. പുറത്തുപോയി വന്നാല്‍ കുറുവട്ടവണാവ് മനയിലെ കുളത്തില്‍ ഒന്ന് മുങ്ങിക്കുളിച്ചിട്ടാണ് കോടന്നൂര്‍ ശാസ്താവ് ക്ഷേത്രത്തിലേക്ക് പോകുക.

ആറാട്ടുപുഴ പാടത്ത് തൃപ്രയാര്‍ തേവരും ഊരകത്തമ്മത്തിരുവടിയും ചേര്‍പ്പ് ഭഗവതിയും വന്ന് കൂട്ടി എഴുന്നള്ളിച്ചു കഴിഞ്ഞാല്‍ കോടന്നൂര്‍ ശാസ്താവ് കരുവന്നൂര്‍ പുഴയിലെ മന്ദാരം കടവില്‍ ചെന്ന് പാദം കഴുകി തിരിച്ചുവരുന്നു. രാവിലെ ആറാട്ടുപുഴ ശാസ്താവിനോട് ഉപചാരം ചൊല്ലി കോടന്നൂരിലേക്ക് മടങ്ങുന്നു.

  • അഞ്ചുകുന്നുകളുണ്ടായിരുന്ന അയ്കുന്ന് ഭഗവതിക്ഷേത്രം

ചേര്‍പ്പ് ഭഗവതിയുടെയും കോടന്നൂര്‍ ശാസ്താവിന്റേയും സഹോദരിയാണ് അയ്‌ക്കുന്ന് ഭഗവതിയെന്നാണ് സങ്കല്‍പ്പം. പണ്ട് പെരുവനം നടവഴിയില്‍ ഒറ്റക്ക് പൂരമുണ്ടായിരുന്നപ്പോള്‍ പെരുവനം വിളക്കില്‍ പങ്കെടുത്തിരുന്നതായി പറയുന്നു. ഇപ്പോള്‍ ചേര്‍പ്പ് ഭഗവതിക്കൊപ്പമാണ് പെരുവനത്ത് അയ്കുന്ന് ഭഗവതിയുടെ പൂരം. മകയിരത്തിനാണ് കൊടിയേറ്റം.

പെരുവനത്തെ ഗ്രാമദേവതയുടെ സ്ഥാനമാണ് അയ്കുന്ന് ഭഗവതിക്ക്. ആറാട്ടുപുഴപൂരത്തിനെത്തുന്ന ഭഗവതി പിറ്റേന്ന് പുലര്‍ച്ചെ ചേര്‍പ്പ് ഭഗവതിക്കൊപ്പം കരുവന്നൂര്‍ പുഴയിലെ മന്ദാരം കടവില്‍ ആറാട്ടിനു ശേഷം ആറാട്ടുപുഴ ക്ഷേത്രം വരെ ചേര്‍പ്പ് ഭഗവതിയോടൊപ്പം സഞ്ചരിക്കുന്നു. ക്ഷേത്രമുറ്റത്ത് എത്തിയാല്‍ ആറാട്ടുപുഴ ശാസ്താവിനെ പ്രദക്ഷിണം വച്ച് ശാസ്താവിനോട് ഉപചാരം പറഞ്ഞ് തിരിച്ചെഴുന്നള്ളുന്നു.

  • തൈക്കാട്ടുശ്ശേരി ഭഗവതി: ധന്വന്തരിയായ ദുര്‍ഗ

ധന്വന്തരീഭാവത്തിലുള്ള ദുര്‍ഗയാണ് തൈക്കാട്ടുശ്ശേരി ഭഗവതി. മകയിരം നാളില്‍ ചക്കംകുളങ്ങര ശാസ്താവ് തൈക്കാട്ടുശ്ശേരിയിലേക്ക് എഴുന്നള്ളിവന്നാല്‍ നായരുവേല കഴിച്ച് കൊടികയറ്റി ഊരാളന്റെ അനുമതിയോടെ വലിയപാണി കൊട്ടി ഭഗവതിയെ പൂരം പുറപ്പാടിനായി മേളത്തോടെ എഴുന്നള്ളിക്കുന്നു. തിരുവാതിരദിവസം ഇറക്കിപൂജകളും പറയെടുപ്പും കഴിഞ്ഞ് ചാത്തക്കുടം ശാസ്താ ക്ഷേത്രത്തിലെത്തുന്നു. പുണര്‍തം നാളിലാണ് തൈക്കാട്ടുശ്ശേരി പൂരം. പൂരത്തിനുശേഷം എല്ലാ ദേവീദേവന്മാര്‍ക്കും ഉപചാരം പറയുന്നു.

ആറാട്ടുപുഴ പൂരദിവസം പിഷാരിക്കല്‍ ക്ഷേത്രത്തില്‍ പിഷാരിക്കല്‍ ഭഗവതിയോട് ഉപചാരം ചൊല്ലി തൊട്ടിപ്പാള്‍ ഭഗവതീക്ഷേത്രത്തിലെത്തുന്നു. തൊട്ടിപ്പാള്‍ പൂരത്തിന് സാക്ഷിയായി തൈക്കാട്ടുശ്ശേരി ഭഗവതിയെ തൊട്ടിപ്പാള്‍ ക്ഷേത്രത്തില്‍ ഇറക്കി എഴുന്നള്ളിക്കുന്നു. പൂരത്തിനു ശേഷം തൊട്ടിപ്പാള്‍ ഭഗവതിയോട് ഉപചാരം പറഞ്ഞ് തൈക്കാട്ടുശ്ശേരിയില്‍ തിരിച്ചെത്തുന്നു. രാത്രി ആറാട്ടുപുഴ പൂരത്തില്‍ പങ്കെടുക്കാനായി പുറപ്പെടുന്നു. ആറാട്ടുപുഴ ക്ഷേത്രത്തില്‍ തൈക്കാട്ടുശ്ശേരി ഭഗവതിയെ ഇറക്കി എഴുന്നള്ളിക്കുന്നു.

  • മുഹൂര്‍ത്തത്തില്‍ കൊടിയേറുന്ന നാങ്കുളം ശാസ്താവ്

പെരുവനം വിളക്കെഴുന്നള്ളിപ്പിലെ രണ്ടാം സ്ഥാനമാണ് നാങ്കുളം ശാസ്താവിന്. ഊരകത്തമ്മത്തിരുവടി പൂരം കഴിഞ്ഞ് പെരുവനം ക്ഷേത്രത്തിലേക്ക് പ്രവേശിക്കുമ്പോള്‍ നെട്ടിശ്ശേരി ശാസ്താവിനും കോടന്നൂര്‍ ശാസ്താവിനുമൊപ്പം നാങ്കുളം ശാസ്താവും നിലപാട് നില്‍ക്കുന്നു. പെരുവനം പൂരത്തിന് വൈകീട്ട് നാങ്കുളം ശാസ്താവിനെ എഴുന്നള്ളിക്കുന്നു.

ആറാട്ടുപുഴ പൂരത്തിന് രാത്രിയിലെത്തുന്ന നാങ്കുളം ശാസ്താവിനെ അവിടെ ഇറക്കി എഴുന്നള്ളിക്കുന്നു. പണ്ട് ആറാട്ടുപുഴയില്‍ നാങ്കുളം ശാസ്താവിന് നെട്ടിശ്ശേരി ശാസ്താവും നാങ്കുളം ശാസ്താവും ചേര്‍ന്ന് പൂരം ഉണ്ടായിരുന്നുവത്രേ.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by