മികച്ച വ്യായാമം ആരോഗ്യകരമായ ജീവിതത്തിന് അത്യാവശ്യമാണ്. ശരിയായ രീതിയിൽ വ്യായാമം ചെയ്യുന്നത് ശരീരത്തിനും മനസിനും ഉന്മേഷം തരുന്ന ഒന്നാണ്. എന്നാൽ വ്യായാമത്തിനൊപ്പം തന്നെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് കഴിക്കുന്ന ഭക്ഷണവും. നല്ല രീതിയിൽ വർക്കൗട്ട് ചെയ്തതിന് ശേഷം പിന്നീട് ശരീരത്തിന് ആവശ്യമെന്നത് ഊർജ്ജം നൽകുന്ന പോഷക സമൃദ്ധമായ ഭക്ഷണമാണ്. വ്യായാമത്തിന് ശേഷമുള്ള ഭക്ഷണക്രമത്തെ ആശ്രയിച്ചാകും ഊർജ്ജം പുനഃസ്ഥാപിക്കുന്നതും മെറ്റബോളിസം വർദ്ധിപ്പിക്കുന്നതും.
കൊഴുപ്പ്, പഞ്ചസാര, ദഹിക്കാൻ പ്രയാസമുള്ള ഭക്ഷണങ്ങൾ എന്നിവ വ്യായാമത്തിന് ശേഷം കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. കൂടാതെ വ്യായാമത്തിന് ശേഷം എരിവ് കൂടിയ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. ദഹിക്കാൻ സമയമെടുക്കുന്നു എന്നതിനാലാണ് എരിവ് കൂടിയ ഭക്ഷണം ഒഴിവാക്കേണ്ടത്. നെഞ്ചെരിച്ചൽ, വയറിളക്കം എന്നിങ്ങനെയുള്ള ദഹന പ്രശ്നങ്ങൾക്ക് ഇവ വഴിവയ്‌ക്കും. സാധാരണയായി വർക്കൗട്ടിന് ശേഷം ശരീരം സ്വയം മെരുക്കിയെടുക്കാൻ ശ്രമിക്കുന്ന സമയമാണ്. ഇതിനാൽ തന്നെ അനാരോഗ്യകരമായ ഭക്ഷണം ശരീരത്തെ പ്രതികൂലമായി ബാധിച്ചേക്കാം. ഇത്തരത്തിൽ സോഡ മനുഷ്യ ശരീരത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് നോക്കാം.
ആരോഗ്യത്തിന് അങ്ങേയറ്റം ദോഷകരമായി ബാധിക്കുന്ന ഒന്നാണ് സോഡ. ഇതിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര ശരീരഭാരം വർദ്ധിക്കുന്നതിന് കാരണമാകും. വായുടെ പ്രശ്നങ്ങൾസ ടൈപ്പ് 2 പ്രമേഹം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്‌ക്കും ഇത് കാരണമാകും. ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവും ഉൾപ്പെടെയുള്ള ദീർഘകാല രോഗങ്ങൾക്ക് ഇത് കാരണമായേക്കും. ഇതിനാൽ തന്നെ വ്യായാമം കഴിഞ്ഞതിന് ശേഷം ഒരിക്കലും സോഡയോ അല്ലെങ്കിൽ സോഡ ഉപയോഗിച്ചുള്ള മറ്റ് പാനിയങ്ങളോ കുടിക്കാൻ പാടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: