സങ്കുചിതമായ കക്ഷി രാഷ്ട്രീയ താല്‍പ്പര്യം മുന്‍നിര്‍ത്തി കേരളത്തിന്റെ സാംസ്കാരിക രംഗത്തെ ഇടതുപക്ഷം മലീമസമാക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കഥകളി ആചാര്യന് കലാമണ്ഡലം ഗോപിയെയും, സിനിമാതാരവും ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിയെയും ബന്ധപ്പെടുത്തി സൃഷ്ടിച്ചെടുത്ത വിവാദം. സുരേഷ് ഗോപിയെ അനുഗ്രഹിക്കണമെന്ന് ആവശ്യപ്പെട്ട് ഏതോ ഒരു ഡോക്ടര്‍ കലാമണ്ഡലം ഗോപിയെ വിളിച്ചുവെന്നും, ആവശ്യം നിരസിച്ചപ്പോള്‍ പത്മഭൂഷന്‍ വേണ്ടേയെന്ന് ചോദിച്ചതായും കലാമണ്ഡലം ഗോപിയുടെ മകന് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതാണ് വിവാദത്തിന് തുടക്കംകുറിച്ചത്. ഇങ്ങനെയൊരു പത്മഭൂഷണ്‍ തനിക്ക് വേണ്ടെന്നും ഗോപിയാശാന് പറഞ്ഞുവത്രേ.
എന്നാല്‍ തനിക്കുവേണ്ടി കലാമണ്ഡലം ഗോപിയെ ബന്ധപ്പെടാന്‍ ആരെയും ചുമതലപ്പെടുത്തിയില്ലെന്ന് സുരേഷ് ഗോപി വ്യക്തമാക്കിയതോടെ സംഭവം പൊളിഞ്ഞു. എന്നിട്ടും ഇത് കണക്കിലെടുക്കാതെ ‘ആ ഗോപിയല്ല ഈ ഗോപി’ എന്ന രീതിയില്‍ വ്യാപകമായി പ്രചാരണം നടന്നു. ഗോപിയാശാന്റെ സിപിഎമ്മുകാരനായ മകന് നടത്തിയ നുണപ്രചാരണമാണിതെന്ന് അധികം വൈകാതെ തെളിഞ്ഞു. പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയോടെയാണ് ഇത് ചെയ്തത്. തൃശൂരിലെ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിക്ക് ലഭിക്കുന്ന വന്‍ ജനപിന്തുണയാണ് ഇങ്ങനെയൊരു തരംതാണ തന്ത്രം പ്രയോഗിക്കാന്‍ സിപിഎമ്മിനെയും ഇടതുപക്ഷത്തെയും പ്രേരിപ്പിച്ചത്. ഇങ്ങനെയൊക്കെ ചെയ്താല്‍ സുരേഷ് ഗോപിയുടെ സ്വീകാര്യതയ്ക്ക് മങ്ങലേല്‍പ്പിക്കാമെന്ന കണക്കുകൂട്ടലായിരുന്നു ഇതിനുപിന്നില്‍. വിവാദമായ സമൂഹമാധ്യമ പോസ്റ്റ് പിന്‍വലിക്കേണ്ടി വന്നിട്ടും പാര്‍ട്ടി വൃത്തങ്ങള്‍ അതുപയോഗിച്ച് കുപ്രചാരണം തുടര്‍ന്നത് ഇതുകൊണ്ടാണ്.
സംഭവത്തില്‍ വിശദീകരണവുമായി ഗോപിയാശാന് തന്നെ രംഗത്തുവന്നത് കുപ്രചാരണം കൈമുതലാക്കിയ ഇടതുപക്ഷത്തെ സാംസ്കാരിക വൈതാളികള്‍ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. സുരേഷ് ഗോപിയുമായി തനിക്ക് ഏറെക്കാലത്തെ ആത്മബന്ധമാണുള്ളതെന്നും, താരത്തിന് തന്റെ വീട്ടിലേക്ക് എപ്പോള്‍ വേണമെങ്കിലും വരാമെന്നും ഗോപിയാശാന് വ്യക്തമാക്കിയതോടെ ചുവപ്പന്‍ ഗീബല്സുമാരുടെ മുഖംമൂടികള്‍ അഴിഞ്ഞുവീണിരിക്കുകയാണ്. തന്റെ പേര് പത്മഭൂഷണുവേണ്ടി പരിഗണിക്കുന്നകാര്യം സുരേഷ് ഗോപിയോട് താന്‍ തന്നെയാണ് ഒരിക്കല്‍ പറഞ്ഞതെന്നും, അപ്പോള്‍ ഇക്കാര്യത്തില്‍ തനിക്ക് ഒന്നും ചെയ്യാനാവില്ലന്നാണ് താരം പറഞ്ഞതെന്നും ഗോപിയാശാന് തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. ഇതിന് കടകവിരുദ്ധമായ കാര്യമാണ് മകന് എഴുന്നെള്ളിച്ചത്.
രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ എത്ര നീചമായ പ്രചാരവേല ചെയ്യാനും സാംസ്കാരിക രംഗത്തെ സഖാക്കള്‍ക്ക് മടിയില്ലെന്ന് തെളിയിക്കുന്നതാണ് ഈ സംഭവം. ഇടതു-ജിഹാദി ശക്തികളുടെ അടുക്കളയില്‍ വേവിച്ചെടുത്ത ഈ അപവാദം ഏറ്റെടുക്കാന്‍ സിപിഎമ്മിന്റെ ബദ്ധവൈരികളെന്നു നടിക്കുന്ന കോണ്‍ഗ്രസ്സിനും മടിയുണ്ടായില്ല. തൃശൂരില്‍ വികസനം കൊണ്ടുവരാനും മാറ്റത്തിന് വഴിയൊരുക്കാനും ആത്മാര്‍ത്ഥമായി ശ്രമിക്കുന്ന സുരേഷ് ഗോപിക്കെതിരെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതു-വലതു മുന്നണികള്‍ തമ്മില്‍ നിലനില്‍ക്കുന്ന അന്തര്‍ധാരയാണ് ഇതിലൂടെ വ്യക്തമാവുന്നത്. ഗോപിയാശാന്റെ പ്രതികരണത്തോടെ ജനങ്ങള്‍ ഇത് പൂര്‍ണമായും തിരിച്ചറിഞ്ഞിരിക്കുന്നു.
ഇടതുപക്ഷം ഹൈജാക്കു ചെയ്തിരിക്കുന്ന സാംസ്കാരികരംഗത്തെ ജീര്‍ണതയാണ് പ്രമുഖ നര്‍ത്തകനും, കലാഭവന്‍ മണിയുടെ സഹോദരനുമായ ആര്‍എല്‍വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയിട്ടുള്ള പ്രതികരണം. രാമകൃഷ്ണന് കറുത്ത നിറമാണെന്നും, കറുത്തവര്‍ മോഹിനിയാട്ടം കളിക്കരുതെന്നും, രാമകൃഷ്ണന് നൃത്തം ചെയ്യുന്നതു കണ്ടാല്‍ പെറ്റതള്ള പോലും സഹിക്കില്ല എന്നുമൊക്കെയാണ് ഒരു യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ സത്യഭാമ പറഞ്ഞത്. സംഭവം വിവാദമായപ്പോള്‍ പറഞ്ഞതില്‍ താന്‍ ഉറച്ചുനില്‍ക്കുന്നതായും ഈ മഹതി ആവര്‍ത്തിച്ചിരിക്കുന്നു.
ഇതിനുമുന്‍പ് സത്യഭാമ പലതവണ തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് രാമകൃഷ്ണന് വെളിപ്പെടുത്തി. സംസ്കാരം തൊട്ടുതെറിക്കാത്തവിധം ഇങ്ങനെയൊക്കെ പറയാന്‍ സത്യഭാമയ്ക്ക് ധൈര്യം പകരുന്നത് ഇടതുപക്ഷ പിന്‍ബലമാണ്. തിരുവനന്തപുരം സ്വദേശിയായ സത്യഭാമ അറിയപ്പെടുന്ന സിപിഎമ്മുകാരിയാണ്. പാര്‍ട്ടി വേദികളിലെ പതിവുകാരിയുമാണ്. ചില പരിപാടികളില്‍ സാംസ്കാരിക മന്ത്രി സജി ചെറിയാന് പകരക്കാരിയായും ഇവര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതിന്റെയൊക്കെ പ്രത്യുപകാരമായി പിണറായി സര്‍ക്കാര്‍ കേരള കലാമണ്ഡലത്തിന്റെ ഭരണസമിതിയില്‍ സത്യഭാമയെ അംഗമാക്കുകയും ചെയ്തു. നൃത്തരംഗത്ത് യോഗ്യതയും അധികയോഗ്യതയുമുള്ളയാളാണ് ആര്‍എല്‍വി രാമകൃഷ്ണന്. കേരളത്തിനകത്തും പുറത്തും നിരവധി വേദികളില്‍ തന്റെ പ്രാവീണ്യം തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെയൊരു കലാകാരനെ നിന്ദിക്കുകയും വേദനിപ്പിക്കുകയും ചെയ്ത നടപടി കലാകേരളത്തിന് അപമാനമാണ്. സത്യഭാമയെയും സ്വപക്ഷത്തെയും സാംസ്കാരിക കേരളം ബഹിഷ്കരിക്കുകയാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: