ഒരു സര്‍ക്കാരിനെ, മുന്നണിയെ തകര്‍ക്കാന്‍ നേതാക്കള്‍ക്ക് മക്കള്‍പ്രേമം മതി. അത്തരം ചരിത്രങ്ങളേറെയുണ്ട്. ഇന്ദിരാഗാന്ധിയെ ജവഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിയാക്കുമ്പോള്‍ ദേശീയരാഷ്ട്രീയത്തില്‍ ഒരു ‘ടിനാ (ടിഐഎന്‍എ) ഫാക്ടര്‍’ ഉണ്ടായിരുന്നു. പൂര്‍ണരൂപം ‘ദയര്‍ ഈസ് നോ ആള്‍ട്ടര്‍നേറ്റീവ്’. ‘ബദലില്ല’ എന്നര്‍ത്ഥം. ആ ടിനാ ഘടകമാണ് ഇന്ദിരയ്ക്ക് തുണയായത്. എന്നാല്‍ മകന് സഞ്ജയ് ഗാന്ധി, അമ്മയുടെ പ്രിയപുത്രനായി വളര്‍ന്ന് അമ്മയേയും അനുസരിക്കാതായപ്പോഴാണല്ലോ കോണ്‍ഗ്രസിലും മുറുമുറുപ്പുകള്‍ തുടങ്ങിയത്. ‘ഇന്ദിര എന്നാല്‍ ഇന്ത്യ’ എന്നൊക്കെപ്പറഞ്ഞുനിന്നവരുടെ താല്‍പ്പര്യം ഇന്ദിര കഴിഞ്ഞാല്‍? എന്നതിന്റെ സ്വയം മറുപടികളായിരുന്നു. പക്ഷേ, സഞ്ജയ് എന്ന മകന് ജനാധിപത്യത്തെയും ഭരണഘടന തന്നെയും മരവിപ്പിക്കാന്‍ ഇടയാക്കുന്ന സാഹചര്യത്തിലേക്ക് അമ്മയെ നയിച്ചു.
ജനതാ സര്‍ക്കാരിന്റെ പതനം പൂര്‍ത്തിയാക്കാന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ മകന് അഴിമതി നടത്തിയെന്ന ആക്ഷേപം ചരണ്‍സിങ് ഉയര്‍ത്തി. മൊറാര്‍ജിയുടെ മകന് കാന്തിദേശായിയുടെ പേരിലുള്ള ചില അഴിമതിയാരോപണങ്ങള്‍ ചരണ്‍സിങ് രേഖാമൂലം ഉന്നയിച്ചു. ആറു കത്തുകളാണ് ചരണ്‍ സിങ് പ്രധാനമന്ത്രിക്ക് എഴുതിയത്. ആഭ്യന്തരമന്ത്രി പ്രധാനമന്ത്രിക്ക് എഴുതിയ കത്തുകള്‍. ഒരച്ഛന് മകള്‍ക്ക് അയച്ച കത്തുകള്‍ പോലെയല്ലെങ്കിലും ആറു കത്തുകള്‍. ഓരോ കത്തിനും മൊറാര്‍ജി മറുപടി നല്കി. പക്ഷേ ചരണ്‍ സിങ് തൃപ്തനായില്ല.
ജനതാ സര്‍ക്കാര്‍ രൂപീകരണത്തിന്റെ തുടക്കത്തിലെ രണ്ടു സംഭവങ്ങള്‍ മുമ്പ് പറഞ്ഞത് ഇവിടെ സൂചിപ്പിക്കട്ടെ: ഒന്ന്, ജനതാ പാര്‍ട്ടിയുടെ ലോക്സഭാംഗങ്ങളെ രാജ്ഘട്ടില്‍ മഹാത്മാഗാന്ധി സമാധിക്കു മുന്നില്‍ നിര്‍ത്തി, രാജ്യഹിതത്തിന് പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞയെടുപ്പിക്കാന്‍ ജയപ്രകാശ് നാരായണന് കൂട്ടിക്കൊണ്ടുപോയപ്പോള്‍ ചരണ്‍ സിങ് വിട്ടുനിന്നു. രണ്ടാമത്തേത്, ജഗ്ജീവന് റാമിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ജെപി ആലോചിച്ച് ഉറച്ചപ്പോള്‍ മനസില്‍ക്കണ്ട സമവാക്യം മൊറാര്‍ജിയുമായുള്ള ചില വിയോജിപ്പുകള്‍ മൂലം ജഗ്ജീവന് അനുകൂലമായി ചരണ്‍ നില്ക്കും എന്നതായിരുന്നു. പക്ഷേ, ഈ രണ്ടു കാര്യത്തിലും ചരണ്‍സിങ് ഇന്ദിരയുടെ കളിപ്പാവയായി. ഈ അപകടം, ഇന്ദിരയുടെ രാഷ്ട്രീയ കുതന്ത്രങ്ങള്‍ ജെപി മുന്‍കൂട്ടിക്കണ്ടിരുന്നു. പ്രധാനമന്ത്രിയായ മൊറാര്‍ജിയെ ചരണ്‍സിങ് തന്നെ വീഴ്ത്തിയത് രാഷ്ട്രീയത്തിലെ അപ്രതീക്ഷിത സംഭവങ്ങളുടെ പരിണാമമാണോ? അതോ ഇന്ദിരയുടെ കളിയോ? അതല്ല ചരണ്‍സിങ്ങിന്റെ അധികാരക്കൊതിയോ? എന്തായാലും മുന്നണി, സര്‍ക്കാര്‍, ഒരു ജനതതിയുടെ വലിയ പ്രതീക്ഷ, തകര്‍ത്തുകളഞ്ഞു അത്. രാഷ്ട്രീയത്തിലെ മക്കള്‍ഭരണത്തക്കുറിച്ച് തുടരാം.
ചരണ്‍സിങ്ങിന്റെ കത്ത് കോണ്‍ഗ്രസ് പാര്‍ട്ടി വിഷയമാക്കി. കത്തുകള്‍ പാര്‍ലമെന്റില്‍ സമര്‍പ്പിക്കണമെന്നായി വാദം. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും തമ്മില്‍ ഭരണകാര്യങ്ങളില്‍ നടത്തിയ കത്തിടപാടുകള്‍ രാജ്യതാല്‍പ്പര്യത്തിനായി ‘സഭയുടെ മേശപ്പുറത്തുവയ്ക്കണം’ എന്നായിരുന്നു പ്രതിപക്ഷ നിലപാട്. രാജ്യസഭയും ലോക്സഭയും സ്തംഭിച്ചു. മൊറാര്‍ജി വഴങ്ങിയില്ല. കത്തുകള്‍ അതിനകം പത്രങ്ങളില്‍ വന്നു. പിന്നെ എന്തുകൊണ്ട് സഭയില്‍ വച്ചുകൂടാ എന്നായി. അന്ന് രാജ്യസഭയുടെ ചുമതലക്കാരനായിരുന്ന മന്ത്രി എല്‍.കെ. അദ്വാനിയായിരുന്നു. പ്രതിപക്ഷ പാര്‍ട്ടിക്കാരുടെ യോഗം വിളിച്ച്, സഭാസ്തംഭനം ഒഴിവാക്കാന്‍ ശ്രമിച്ചപ്പോള്‍ കത്തുകള്‍ മേശപ്പുറത്തുവയ്ക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യാമെന്ന് അദ്വാനി അറിയിച്ചു. പക്ഷേ മൊറാര്‍ജി വഴങ്ങിയില്ല. ഒടുവില്‍ കോടതിയുടെ ഇടപെടലില്‍ കത്തുകള്‍ രേഖയാക്കേണ്ടി വന്നു. മകനോടുള്ള സ്നേഹവും അമിത സ്നേഹവുമാണ് സര്‍ക്കാര്‍ പതനത്തിനു കാരണമായ ഒരു ഘടകമെന്ന് നിരീക്ഷിക്കാവുന്നതാണ്. അതല്ലെങ്കില്‍ മൊറാര്‍ജിക്ക് മകനോടുള്ള പ്രിയം ചരണ്‍സിങ്, അവസരമാക്കി എന്നും നിഗമനത്തിലെത്താം. എന്തായാലും സര്‍ക്കാര്‍ വീണു.
മക്കള്‍പ്രേമമാണ് കേരള രാഷ്ട്രീയത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പതനത്തിനും തുടക്കമിട്ടത് എന്നോര്‍മ്മിക്കണം. മകന് കെ. മുരളീധരനെ കെ. കരുണാകരന് ‘അനന്തരാവകാശി’യാക്കുമെന്ന ആശങ്കയായിരുന്നല്ലോ ‘തിരുത്തല്‍വാദ’മായതും പിന്നീട് കരുണാകരന്റെ നേതൃമാറ്റംവരെ എത്തിച്ചതും കോണ്‍ഗ്രസ് പിളര്‍ന്ന് ഡിഐസി ഉണ്ടായതും മറ്റും. മകന് സ്നേഹം പ്രകടമാക്കാതെ ‘ഒളിച്ചുകടത്തിയ’ത് ഇഎംഎസിന്റെ മകന്, ഇ.എം. ശ്രീധരന്റെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി പ്രവേശന കാലത്തെ രഹസ്യവിവാദമായിരുന്നല്ലോ. ശ്രീധരന്റെ തെരഞ്ഞെടുപ്പ് തോല്‍വികളും സാമ്പത്തിക ശാസ്ത്രജ്ഞന്മാരായി തോമസ് ഐസക്കിനെപ്പോലുള്ളവര്‍ വിഗ്രഹവല്‍ക്കരിക്കപ്പെട്ടതുമൊക്കെ രാഷ്ട്രീയത്തിലെ മക്കള്‍ സ്നേഹത്തിന്റെ ഉദാഹരണങ്ങളാണ്. ഇപ്പോള്‍, മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയെപ്പറ്റിയുള്ള വിവാദങ്ങള്‍ക്കുമുണ്ട് ഈ മക്കള്‍ സ്നേഹത്തിന്റെ പശ്ചാത്തലം. ഭരണത്തില്‍ പിന്തുണയുടെ ആളെണ്ണമാണ് മുഖ്യമെന്നതുകൊണ്ടും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഘടനയിലെ പ്രത്യേകതകൊണ്ടും പിടിച്ചുനില്‍ക്കുന്നുവെന്നുമാത്രം.
സര്‍ക്കാര്‍ പതിച്ചശേഷം ഒരിക്കല്‍ മൊറാര്‍ജിയോട് മകന്റെ കാര്യത്തിലെ പിടിവാശി എന്തിനായിരുന്നുവെന്ന ചോദ്യത്തിന്, മൊറാര്‍ജിയുടെ കുടുംബാംഗങ്ങളുടെ ആത്മഹത്യാപ്രവണതയെക്കുറിച്ചും മകന് അത്തരത്തില്‍ കടുംകൈ ചെയ്തേക്കുമോ എന്ന് ഭയന്നിരുന്നതിനെക്കുറിച്ചും മൊറാര്‍ജി വിവരിച്ചതായി എല്‍.കെ. അദ്വാനി ആത്മകഥയില്‍ എഴുതിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: