ഹെഡ്ലൈനുകള് (വാര്‍ത്തയുടെ തലക്കെട്ടുകള്‍) അല്ല ഡെഡ്ലൈനുകളാണ് (സമയപരിധി) എന്റെ വിഷയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീകളെയും പാവപ്പെട്ടവരെയും ശാക്തീകരിക്കാനുള്ള ആയുധമായിട്ടാണ് ഇന്ന് ഭാരതം സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. ഡിജിറ്റല്‍ നടപടികള്‍, പാവപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ജീവിതപാതയായിക്കഴിഞ്ഞു. ഇക്കാര്യം പലപ്പോഴും മാധ്യമങ്ങള്‍ പറയാറില്ല, ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കവേ അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്ത് സ്റ്റാര്‍ട്ടപ്പുകളുടെ മുന്നേറ്റമാണ്. പത്തുവര്‍ഷം മുന്‍പ് 100 സ്റ്റാര്‍ട്ടപ്പുകള്‍ പോലും ഉണ്ടായിരുന്നില്ല. ഇന്ന് 600 ജില്ലകളിലായി (90 ശതമാനം) ഒന്നേകാല്‍ ലക്ഷം സ്റ്റാര്‍ട്ടപ്പുകളാണ് ഉള്ളത്. വഴിയോര കച്ചവടക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ വായ്പ ലഭ്യമാക്കാന്‍ തുടങ്ങിയതാണ് സ്വനിധി പദ്ധതി. നിരക്ഷരര്‍ എന്ന് അവഹേളിക്കപ്പെട്ടിരുന്ന അവരാണ് ഇന്ന്, ഭാരത ഡിജിറ്റല്‍ വിപ്ലവത്തിന്റെ മുഖം. ആയുഷ്മാന്‍ യോജനയും ആയുഷ്മാന്‍ ആരോഗ്യമന്ദിറും രാജ്യത്തെ ആരോഗ്യമേഖലയില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. ഒരു കുടുംബത്തിന് ഇന്ന് പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് ഇതുവഴി ലഭ്യമാക്കുന്നത്.
വരുന്ന അഞ്ചു വര്‍ഷം ഭാരതത്തിന്റെ അടിസ്ഥാന സൗകര്യ വികസന രംഗം പുതിയ ഉയരങ്ങൡ എത്തും. ഭാരത റെയില്‍വേയും വിപ്ലവത്തിലേക്കാണ് നീങ്ങുന്നത്. രാജ്യത്തിന്റെ പ്രതിരോധ ഉപകരണങ്ങളുടെ കയറ്റുമതിയും പുതിയ ചരിത്രത്തിലേക്കാണ് നീങ്ങുന്നത്. മോദി പറഞ്ഞു.
രാജ്യത്തിന്റെ ചിന്ത ഇന്ന് വികസനത്തിന്റെയാണ്. മൂന്നാമത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയാകാമെന്നതാണ്. മുന്‍പ് രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തിലൂടെയാണ് കടന്നു പോയിരുന്നത്. എന്നാല്‍ ഇന്ന് എയര്‍ ഇന്ത്യയും ബിഎസ്എന്‍എല്ലും പുതിയ അവതാരങ്ങള്‍ എടുത്തുകഴിഞ്ഞു. പത്തു വര്‍ഷം കൊണ്ട് അവയുടെ സ്വത്തു വര്‍ധിച്ചു. മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: