കോട്ടയം: എല്‍.ഡി.എഫിന്റെ ചാക്കിട്ടു പിടിത്തത്തിന് രാമപുരത്ത് തിരിച്ചടി. നറുക്കെടുപ്പിലൂടെ പഞ്ചായത്ത് ഭരണം യു.ഡി.എഫിന് തിരികെ കിട്ടി. കേരള കോണ്‍ഗ്രസിലെ ലിസമ്മ മത്തച്ചനാണ് പുതിയ പ്രസിഡന്റ്.
നിലവില്‍18 അംഗ പഞ്ചായത്ത് കമ്മിറ്റിയില്‍ എല്‍.ഡി.എഫിനും യു.ഡി എഫിനും ഏഴു വീതവും ബി.ജെ.പിക്ക് മൂന്നുമാണ് അംഗങ്ങളുള്ളത്.
പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഷൈനി സന്തോഷിനെ തിരഞ്ഞെടുപ്പു കമ്മിഷനും തുടര്‍ന്ന് ഹൈക്കോടതിയും അയോഗ്യയാക്കിയതാണ് വീണ്ടും വേട്ടെടുപ്പിന് വഴിതെളിച്ചത്.
2022 ജൂലായ് വരെ പ്രസിഡന്റായിരുന്ന കോണ്‍ഗ്രസിലെ ഷൈനി സന്തോഷ് യു.ഡി.എഫ് ധാരണപ്രകാരം രാജിവച്ചിരുന്നു. തുടര്‍ന്ന് കേരള കോണ്‍ഗ്രസിലെ ലിസമ്മയെ പ്രസിഡന്റാക്കാനായിരുന്നു തീരുമാനം . എന്നാല്‍ വോട്ടെടുപ്പു സമയമായപ്പോള്‍ ഇടതുമുന്നണി ഷൈനിയെ ചാക്കിട്ടുപിടിച്ച് എല്‍.ഡി.എഫ് സ്ഥാനാത്ഥിയാക്കി. ഷൈനിയെയും ചേര്‍ത്ത് 8 അംഗങ്ങളായതോടെ ഇടതുമുന്നണി ജയിച്ചു. കുറുമാറ്റത്തിലൂടെ ഷൈനി വീണ്ടും പ്രസിഡന്റാവുകയും ചെയ്തു. ഇതിനെതിരെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പു കമ്മിഷന് പരാതി നല്‍കുകയും കൂറുമാറ്റത്തിന് ഷൈനിയെ അയോഗ്യയാക്കുകയും ചെയ്തു. ഷൈനി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
ഷൈനി അയോഗ്യയായതോടെ എല്‍.ഡി.എഫിനും യു.ഡി. എഫിനും 7 അംഗങ്ങള്‍ വീതമായി . ഇന്നലെ നടന്ന വോട്ടെടുപ്പില്‍ ഇരുപക്ഷത്തിനും 7 വോട്ടുകള്‍ വീതം ലഭിച്ചു. തുടര്‍ന്ന് നടന്ന നറുക്കെടുപ്പില്‍ യു.ഡി എഫ് വിജയിക്കുകയായിരുന്നു. ബി.ജെ.പിയിലെ കവിത മനോജിന് മൂന്നു വോട്ടും ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: