കോട്ടയം: സംസ്ഥാന പൊതുമേഖലയിലുള്ളതും കാലങ്ങളായി ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് പോലും ശേഷിയില്ലാതെ കൈകാലിട്ടടിക്കുന്നതുമായ നാട്ടകം ട്രാവന്‍കൂര്‍ സിമന്റ് സ് ഫാക്ടറിയിലെ ഫ്യൂസ് ഊരിയ നടപടി ഉന്നതരുടെ നിര്‍ദ്ദേശപ്രകാരമെന്ന് കെ.എസ്.ഇ.ബി. സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള രണ്ടു വകുപ്പുകള്‍ തമ്മിലുണ്ടാകേണ്ട ഏകോപനമോ , ഉന്നതതല സഹകരണമോ ഇക്കാര്യത്തില്‍ ഉണ്ടായില്ലെന്ന വിമര്‍ശനം ഇതോടെ ഉയര്‍ന്നു.
പ്രവര്‍ത്തന മൂലധനമില്ലാതെ വിഷമിക്കുന്ന സിമന്റ്സിന്റെ ഒരു ദിവസത്തെയെങ്കിലും പ്രവര്‍ത്തനം മുടക്കാന്‍ വൈദ്യുതി വകുപ്പിനായി. അത്രയും നഷ്ടവും കൂടി.
ഫ്യൂസ് ഊരിക്കഴിഞ്ഞ് മന്ത്രിതലത്തില്‍ ചര്‍ച്ച നടന്നെങ്കിലും നടപടി ആയിട്ടില്ല. പ്രവര്‍ത്തനം മുടങ്ങുന്തോറും നഷ്ടം കൂടും.
വൈദ്യുതി ബില്‍ ഇനത്തില്‍ 2.20 കോടി കൊടുക്കാനുള്ളത് 2020 വരെയുള്ള കുടിശികയാണെന്ന് ട്രാവന്‍കൂര്‍ സിമന്റ്സ് പറയുന്നു. അതിനു ശേഷമുള്ള ബില്ലുകള്‍ കൃത്യമായി അടക്കുന്നുണ്ട്. മുന്നോട്ടു നീങ്ങാന്‍ പാടുപെടുന്ന സിമന്റ്സ് കാക്കനാട്ടെ ഭൂമി വിറ്റ് കടങ്ങള്‍ വീട്ടാനുള്ള ശ്രമത്തിലാണ് . സാവകാശം വേണമെന്ന് വൈദ്യുതി വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച ധാരണ ലംഘിച്ചാണ് കടുത്ത നടപടിയുമായി കെ.എസ്.ഇ.ബി മുന്നോട്ടു വന്നത്.
അതിനിടെ മറ്റൊരു പൊതുമേഖലാ സ്ഥാപനമായ കോട്ടയം ടെക്സ്റ്റെല്‍സിന്റെ ഫ്യൂസും കെ.എസ്.ഇ ബി ഊരി. ഇതും നഷ്ടത്തിലോടുന്ന സ്ഥാപനമാണ്. മാസങ്ങളായി ശമ്പളം കിട്ടാത്തതിന് ഇവിടത്തെ തൊഴിലാളികള്‍ സമരത്തിലായിരുന്നു. 38 ലക്ഷം രൂപയാണ് കോട്ടയം ടെക്സ്റ്റെല്‍സ് കെ.എസ്.ഇ.ബിക്ക് അടയ്ക്കാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: