കേരളത്തില്‍ മാത്രം ഇരുമുന്നണികളിലായി തെരഞ്ഞെടുപ്പുകളില്‍ പരസ്പരം എതിര്‍ത്ത് മത്സരിക്കുന്ന സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും മുഖംമൂടികള്‍ പൂര്‍ണമായും അഴിഞ്ഞുവീണിരിക്കുന്നു. അയല്‍ സംസ്ഥാനങ്ങളായ ത്രിപുരയിലും പശ്ചിമബംഗാളിലും ഇരുപാര്‍ട്ടികളും ഔദ്യോഗികമായി സഖ്യത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ത്രിപുരയില്‍ ആകെയുള്ള രണ്ട് ലോക്സഭാ മണ്ഡലങ്ങള്‍ സിപിഎമ്മും കോണ്‍ഗ്രസ്സും പങ്കിട്ടെടുത്തിരിക്കുന്നു. ഒരുമിച്ച് വേദിപങ്കിടാനും സംയുക്തമായി പ്രചാരണം നടത്താനും ഇരുപാര്‍ട്ടികളുടെയും നേതൃത്വം തീരുമാനിച്ചിരിക്കുകയാണ്. സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും മുന്‍ മുഖ്യമന്ത്രി മണിക്ക് സര്‍ക്കാരും പങ്കെടുത്ത ചര്‍ച്ചയിലാണ് സിപിഎമ്മും കോണ്‍ഗ്രസും ഘടകകക്ഷികളായി മത്സരിക്കാന്‍ തീരുമാനിച്ചത്. രണ്ടര പതിറ്റാണ്ടിലേറെക്കാലം സിപിഎം തുടര്‍ച്ചയായി ഭരിച്ച സംസ്ഥാനമാണ് ത്രിപുര. ഇടയ്ക്ക് കോണ്‍ഗ്രസ്സിനും അധികാരം ലഭിച്ചു. 2018 ല്‍ ഇടതുവാഴ്ചയ്ക്ക് അന്ത്യം കുറിച്ച് ബിജെപി അധികാരം പിടിച്ചു. 2023 ല്‍ ബിജെപി സര്‍ക്കാരിന് അധികാര തുടര്‍ച്ച ലഭിക്കുകയും ചെയ്തു. ത്രിപുരയില്‍ നീണ്ടകാലം ഭരണകക്ഷിയും പ്രതിപക്ഷവും ആയിരുന്ന സിപിഎമ്മും കോണ്‍ഗ്രസ്സും ഇപ്പോള്‍ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഒറ്റയ്ക്ക് മത്സരിച്ചാല്‍ ഒരു നേട്ടവും ഉണ്ടാക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞാണ് രാഷ്ട്രീയ ശത്രുത ഉപേക്ഷിച്ച് ഒന്നിക്കാന്‍ തീരുമാനിച്ചത്. നിലവില്‍ രണ്ട് ലോക്സഭാ മണ്ഡലങ്ങളും ബിജെപിക്ക് ഒപ്പമാണ്. സിപിഎമ്മും കോണ്‍ഗ്രസ്സും കൈകോര്‍ത്താലും ഈ ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപിയെ തോല്‍പ്പിക്കാനാവില്ല.
ത്രിപുരയില്‍ സഖ്യം ഉണ്ടാക്കിയതിനു പിന്നാലെയാണ് പശ്ചിമ ബംഗാളിലും ലോക്സഭാ തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാന്‍ സിപിഎമ്മും കോണ്‍ഗ്രസ്സും തീരുമാനിച്ചത്. ഇതിനു മുന്‍പും ലോക്സഭാ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും ബിജെപിയെ തടയാനെന്ന പേരില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും ബംഗാളില്‍ പരസ്പര ധാരണയോടെ മത്സരിച്ചിട്ടുണ്ട്. രണ്ട് അവസരങ്ങളിലും കനത്ത തിരിച്ചടിയാണ് ഇരുപാര്‍ട്ടികള്‍ക്കും ലഭിച്ചത്. ബിജെപി ലോക്സഭാ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം ഉണ്ടാക്കുകയും, നിയമസഭയില്‍ മുഖ്യപ്രതിപക്ഷമാവുകയും ചെയ്തു. ഇക്കുറി ബിജെപിക്കെതിരെ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിക്കാനാണ് കോണ്‍ഗ്രസും സിപിഎമ്മും ആഗ്രഹിച്ചത്. എന്നാല്‍ ഈ പാര്‍ട്ടികളുടെ അധികാരമോഹംകൊണ്ട് അത് നടന്നില്ല. മൂന്നു പാര്‍ട്ടികളും ‘ഇന്‍ഡി’ സഖ്യത്തില്‍ അംഗമാണെങ്കിലും സിപിഎമ്മിനും കോണ്‍ഗ്രസിനും നാമമാത്ര സ്വാധീനമുള്ള ബംഗാളില്‍ അവര്‍ക്ക് സീറ്റ് നല്‍കേണ്ടതില്ലെന്ന് മുഖ്യമന്ത്രി മമത തീരുമാനിക്കുകയായിരുന്നു. ഇരുപാര്‍ട്ടികളെയും ഒപ്പംകൂട്ടുന്നത് ബാധ്യതയാകുമെന്നും മമതയ്ക്കറിയാം. കോണ്‍ഗ്രസിനെ ദല്ലാളാക്കി മമതയുമായി ചേര്‍ന്ന് ഒരുമിച്ച് മത്സരിച്ച് നേട്ടമുണ്ടാക്കാം എന്ന സിപിഎമ്മിന്റെ മോഹമാണ് ഇതിലൂടെ പൊലിഞ്ഞത്. ഈ സാഹചര്യമാണ് ഒരിക്കല്‍ക്കൂടി തുറന്ന സഖ്യത്തില്‍ ഏര്‍പ്പെടാന്‍ സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും നിര്‍ബന്ധിതരാക്കിയത്. വലിയ വിലപേശല്‍ നടത്തിയാണ് ഏറെക്കുറെ തുല്യ സീറ്റുകളില്‍ ഒരുമിച്ച് മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ വിശ്വാസ്യതയില്ലാത്ത, അവസരവാദപരമായ ഈ സഖ്യത്തിന് കാര്യമായ നേട്ടമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല. തൃണമൂലിനെ പിന്നിലാക്കി ബംഗാളില്‍ ബിജെപി വന്‍ കുതിപ്പുകള്‍ നടത്തുമെന്നാണ് അഭിപ്രായ സര്‍വേകള്‍ പറയുന്നത്.
കേരളത്തില്‍നിന്ന് ജയിച്ചുപോയാല്‍ പാര്‍ലമെന്റില്‍ എല്ലാ കാര്യങ്ങളിലും സിപിഎമ്മും കോണ്‍ഗ്രസ്സും ഒറ്റക്കെട്ടാണ്. കാലങ്ങളായി ദല്‍ഹിയിലെ സിപിഎം നേതാക്കള്‍ കോണ്‍ഗ്രസിനാണ് വോട്ടുചെയ്യുന്നത്. കോണ്‍ഗ്രസിന്റെ ദേശീയ നേതാവിനെ പോലെയാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പെരുമാറുന്നത്. യഥാര്‍ത്ഥത്തില്‍ കേരളത്തിനു പുറത്ത് നിരവധി സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനൊപ്പമാണ് സിപിഎം. ഇരുപാര്‍ട്ടികളും ‘ഇന്‍ഡി’ സഖ്യത്തിലുണ്ട്. പക്ഷേ തങ്ങള്‍ക്ക് കോണ്‍ഗ്രസുമായി നേരിട്ട് ബന്ധമില്ലെന്നും, മുന്നണിയില്‍ അവര്‍ വരുന്നതില്‍ ഉത്തരവാദിത്തമില്ലെന്നും, ഇതിനെ ഒരു സഖ്യമായി കാണേണ്ടതില്ലെന്നുമാണ് സിപിഎം വാദിച്ചുകൊണ്ടിരുന്നത്. തമിഴ്നാട്ടില്‍ ഡിഎംകെ നേതൃത്വം നല്കുന്ന സഖ്യത്തെ ഇതിന് ഉദാഹരണമായി ഉയര്‍ത്തിക്കാട്ടുകയും ചെയ്യാറുണ്ട്. ഇതൊരു തൊടുന്യായം മാത്രമാണ്. കാരണം ബംഗാളില്‍ നിയമസഭാ- ലോക്സഭ തെരഞ്ഞെടുപ്പുകളില്‍ തുറന്ന സഖ്യത്തിലേര്‍പ്പെടാന്‍ ഇവര്‍ക്ക് യാതൊരു ലജ്ജയുമില്ലായിരുന്നു. ഇക്കാര്യം മറച്ചുപിടിച്ചുകൊണ്ടായിരുന്നു തമിഴ്നാട്ടിലെ ന്യായവാദം. ഇനിയിപ്പോള്‍ ഇതിനും കഴിയാതെ വന്നിരിക്കുന്നു. കേരളത്തില്‍ എതിര്‍ത്തും കേരളത്തിനു പുറത്ത് ഒരുമിച്ചും മത്സരിക്കുന്നതിന്റെ കാപട്യത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ് സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍. ബിജെപിയുമായി ബന്ധമുണ്ടാക്കിയിരിക്കുകയാണെന്ന് ഇവര്‍ പരസ്പരം അടിസ്ഥാനരഹിതമായി ആരോപിക്കുകയും ചെയ്യും. ഈ പ്രചാരണം ഇനിയെങ്കിലും അവസാനിപ്പിക്കുകയാണ് വേണ്ടത്. ഇരുപാര്‍ട്ടികളും ‘ഒക്കച്ചങ്ങായിമാര്‍’ ആണെന്ന് ജനങ്ങള്‍ നന്നായി തിരിച്ചറിഞ്ഞിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: