കൊല്ലം: എഐ ക്യാമറ ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിച്ചതിലൂടെ സംസ്ഥാനത്ത് റോഡപകടങ്ങള്‍ കുറഞ്ഞെന്ന സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ തെറ്റെന്ന് പുതിയ കണക്കുകള്‍. 2022ല്‍ കേരളത്തില്‍ 43,910 റോഡപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2023ല്‍ 48,141 അപകടങ്ങള്‍ക്കാണ് കേരളം സാക്ഷിയായത്. 4,231 വര്‍ധന. 4,010 പേര്‍ക്ക് ജീവന്‍ നഷ്ടമായി. കേരളാ പോലീസ് പുറത്തുവിട്ട പുതിയ കണക്കുപ്രകാരം 2016 മുതല്‍ 2024 ജനുവരി വരെ കേരളത്തില്‍ 3,17,202 റോഡപകടങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 3,58,094 പേര്‍ക്ക് പരിക്കേറ്റു. 32,244 പേര്‍ മരിച്ചു. ജനുവരിയില്‍ മാത്രം രേഖപ്പെടുത്തിയത് 4796 അപകടങ്ങള്‍. 5412 പേര്‍ക്ക് പരിക്കേറ്റു. 348പേര്‍ മരിച്ചു.
പരിക്കേറ്റവരുടെ എണ്ണത്തില്‍ 2022ല്‍ നിന്ന് 2023ല്‍ 10 ശതമാനം വര്‍ധനയുണ്ടായി. 2023ല്‍ 54,369 പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. അപകടങ്ങളുടെ എണ്ണത്തില്‍ തമിഴ്നാടിനും മഹാരാഷ്‌ട്രയ്‌ക്കും പിന്നില്‍ മൂന്നാം സ്ഥാനത്താണ് കേരളം. എന്നാല്‍ 2016 മുതലുള്ള കണക്കെടുത്താല്‍ ഏറ്റവും കൂടുതല്‍ അപകട മരണങ്ങളുണ്ടായിരിക്കുന്നത് 2019 ലാണ്, 4440.
2022ല്‍ സംസ്ഥാനത്തെ റോഡുകളില്‍ പ്രതിദിനം ശരാശരി 120 അപകടങ്ങള്‍ നടന്നിരുന്നു. ഇത് കഴിഞ്ഞ വര്‍ഷം 131 ആയി ഉയര്‍ന്നു. 232 കോടി രൂപയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത നിരീക്ഷണ ക്യാമറകള്‍ ഉള്‍പ്പെടെ കേരള സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ ഉദ്ദേശിച്ച ഫലം നല്‍കുന്നതില്‍ പരാജയപ്പെട്ടുവെന്ന് റോഡ് സുരക്ഷാ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഗതാഗത വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഒരു വര്‍ഷം കേരളത്തില്‍ നാലായിരത്തിലധികം അപകടമരണങ്ങള്‍ സംഭവിക്കുന്നു. അതില്‍ 50 ശതമാനം ഇരുചക്രവാഹനക്കാരാണ്-18 ശതമാനം കാര്‍ യാത്രക്കാര്‍, 14 ശതമാനം കാല്‍നടക്കാര്‍.
നാഷനല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ പ്ലാനിങ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ (നാറ്റ്പാക്) റിപ്പോര്‍ട്ട് അനുസരിച്ച് ജനുവരിയില്‍ ഏറ്റവും കൂടുതല്‍ അപകടമേഖലകളുള്ളത് തൃശ്ശൂര്‍ ജില്ലയിലാണ്-37, കോഴിക്കോട്-32, മലപ്പുറം-32, തിരുവനന്തപുരം-29 എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍. കേന്ദ്രസര്‍ക്കാരിന്റെ റിപ്പോര്‍ട്ട് പ്രകാരം 2022ല്‍ ദേശീയപാത അപകടങ്ങള്‍ ഏറ്റവും കൂടുതല്‍ നടന്ന രണ്ടാമത്തെ സംസ്ഥാനമാണ് കേരളം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: