രാജ്യത്തിന് വേണ്ടി വലിയൊരു ലക്ഷ്യം നിറവേറ്റണം… വിശ്രമമില്ലാതെ പ്രയത്‌നിക്കണം.. നമുക്ക് ഇനി അധികം സമയമില്ല.. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ അടിയ്‌ക്കടി മലപ്പുറം ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ. അബ്ദുള്‍ സലാം പ്രവര്‍ത്തകരെയും കൂടെയുള്ള നേതാക്കളെയും ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കും. പ്രായം 71. ചെറുപ്പം വിട്ടുമാറാത്ത മനസ്, ചുറുചുറുക്ക്. പൊരിവെയിലത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൂടെയുള്ളവര്‍ അല്‍പ്പ നേരം വിശ്രമിക്കാം എന്ന് ആവശ്യപ്പെടുമ്പോഴും കുറച്ചുകൂടി കഴിയട്ടെ എന്ന് പറഞ്ഞ് പ്രചാരണം തുടരും. ‘കുറച്ചുകൂടി’ അവസാനിക്കുന്നത് രാത്രി ഏറെ വൈകിയാവും. പ്രവൃത്തിയിലും വാക്കിലും എപ്പോഴും അക്കാദമിക് നിലവാരം പുലര്‍ത്തുന്നയാള്‍ എന്നതുകൊണ്ടുതന്നെ പ്രചാരണത്തില്‍ എതിര്‍ ചേരിയില്‍ നില്‍ക്കുന്നവര്‍ക്ക് പോലും അബ്ദുള്‍ സലാം ബഹുമാനിതനും ആദരണീയനുമാണ്.
കാലിക്കറ്റ് സര്‍വകലാശാലയിലെ മുന്‍ വൈസ് ചാന്‍സലറായ ഡോ.എം. അബ്ദുള്‍ സലാം വിദ്യാഭ്യാസ വിചക്ഷണനും അന്താരാഷ്‌ട്രതലത്തില്‍ അറിയപ്പെടുന്ന കാര്‍ഷിക ശാസ്ത്രജ്ഞനുമാണ്. നാല് ഭൂഖണ്ഡങ്ങളിലായി മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ ഉഷ്ണമേഖല, വരണ്ട കാര്‍ഷിക ഭൂമേഖല എന്നിവിടങ്ങളിലെ കാര്‍ഷികകാര്യങ്ങളിലെ ഏറ്റവും ആധികാരിക ശബ്ദങ്ങളിലൊന്നായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇതിന് പുറമേ അക്കാദമിക ശാസ്ത്രജ്ഞന്‍ എന്ന നിലയിലും പ്രശസ്തനാണ്. കശുവണ്ടിക്കൃഷി, കൃഷിക്ക് വേണ്ട ജലസേചനം, ഉണങ്ങിയ നിലം കൃഷിക്ക് അനുയോജ്യമാക്കല്‍ തുടങ്ങിയ രംഗങ്ങളില്‍ അന്താരാഷ്‌ട്ര കണ്‍സള്‍ട്ടന്റ് എന്ന നിലയില്‍ ഭാരതത്തിന് പുറമേ, സുരിനെയിം (ദക്ഷിണാഫ്രിക്ക), മൊസാംബിക്ക്, യുഎസ്എ, യുകെ, ലൈബീരിയ, യുഎഇ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അബ്ദുള്‍ സലാമിന്റെ സേവനം ലഭിച്ചിട്ടുണ്ട്.
വിവിധ വിഷയങ്ങളില്‍ 155ല്‍ പരം പ്രബന്ധങ്ങളും13 പുസ്തകങ്ങളും അബ്ദുള്‍ സലാമിന്റെതായുണ്ട്. നാല് പതിറ്റാണ്ടായി, വൈസ് ചാന്‍സലര്‍, ഗവേഷകന്‍, പ്രൊഫസര്‍, ശാസ്ത്രജ്ഞന്‍, ഭരണാധികാരി എന്നീ പദവികളില്‍ വിവിധ സ്ഥാപനങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി ചുമതലയേല്‍ക്കുന്നതിന് മുമ്പ് അദ്ദേഹം കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയിലെ കശുവണ്ടി ഗവേഷണ കേന്ദ്രത്തിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ്, അസോസിയേറ്റ് ഡീന്‍ എന്നീ പദവികളിലായിരുന്നു. ഈ കാലയളവില്‍ അദ്ദേഹം നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ ഏറെ പ്രശംസയും ശ്രദ്ധയും നേടി.
വൈസ് ചാന്‍സലര്‍ എന്ന നിലയിലെ പ്രവര്‍ത്തനങ്ങളില്‍ കാലിക്കറ്റ് സര്‍വകലാശാലയെ ലോകം ശ്രദ്ധിക്കുന്ന മികച്ച അക്കാദമിക്ക് കേന്ദ്രമാക്കാന്‍ അബ്ദുള്‍ സലാമിന് സാധിച്ചു. പഠനത്തിനും ഗവേഷണത്തിനും കൂടുതല്‍ പ്രാധാന്യം നല്കി. പഠനത്തെ ക്രിയാത്മകമായി പ്രചോദിപ്പിക്കുന്ന തരത്തില്‍ അന്തരീക്ഷം ഉറപ്പാക്കി. 12 ഡയറക്ടറേറ്റുകള്‍ സ്ഥാപിച്ചു. 2015ല്‍ ക്യൂഎസ് വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ കാലിക്കറ്റ് സര്‍വകലാശാല 101-ാം സ്ഥാനത്തായിരുന്നു. ബ്രസീല്‍, റഷ്യ, ഭാരതം, ചൈന, ദക്ഷിണാഫ്രിക്ക തുടങ്ങിയ ബ്രിക്‌സ് രാജ്യങ്ങളില്‍ 5700 യൂണിവേഴ്‌സിറ്റികളാണ് ക്യൂഎസ് വേള്‍ഡ് റാങ്കിങ്ങില്‍ ഉള്‍പ്പെടുന്നത്. പരിഷ്‌കാരങ്ങളും പ്രവര്‍ത്തനങ്ങളും വഴി, ഭാരതത്തിലെ 735 യൂണിവേഴ്‌സിറ്റികളില്‍ കാലിക്കറ്റ് സര്‍വകലാശാലയെ ഏഴാം സ്ഥാനത്തേക്ക് ഉയര്‍ത്തി.
1952 മെയ് 10ന് കൊല്ലം ജില്ലയിലെ ചടയമംഗലത്ത് ജനനം. ഇളമ്പഴന്നൂരില്‍ പേരയത്ത് പുത്തന്‍ ബംഗ്ലാവില്‍ മുഹമ്മദ് ഹനീഫയുടെയും ഹാസുമ ബീവിയുടെയും മകന്‍. 1975 മുതല്‍ 1979 വരെ യൂണിയന്‍ ബാങ്കില്‍ അഗ്രികള്‍ച്ചറല്‍ ടെക്ക്‌നിക്കല്‍ ഓഫീസര്‍. 1984ല്‍ ഗവേഷണം പൂര്‍ത്തിയാക്കി പിഎച്ച്ഡി. 1979ല്‍ കേരളാ അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസറായി. 1989ല്‍ അസോസിയേറ്റ് പ്രൊഫസര്‍. 1991ല്‍ യുകെയിലെ യൂണിവേഴ്‌സിറ്റി ഓഫ് അബെര്‍ഡീനില്‍ കോമണ്‍വെല്‍ത്ത് ഫെലോ ആയി പോസ്റ്റ് ഡോക്ടറേറ്റ്. 1992ല്‍ വീണ്ടും അസോസിയേറ്റ് പ്രൊഫസറായി കേരളാ അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍. 1998ല്‍ പ്രൊഫസര്‍ തസ്തികയില്‍. 2001 മുതല്‍ 2002വരെ സുരിനേയിമില്‍ ഐടിഇസി എക്‌സ്പര്‍ട്ട്. 2002ല്‍ കേരളാ കാര്‍ഷിക സര്‍വകലാശാലയില്‍ അസോസിയേറ്റ് ഡീന്‍. 2003ല്‍ കുവൈറ്റിലെ കുവൈറ്റ് യൂണിവേഴ്സ്റ്റിയില്‍ ബയോളജിക്കല്‍ സയന്‍സില്‍ വിസിറ്റിങ് പ്രൊഫസര്‍. 2007ല്‍ വീണ്ടും കാര്‍ഷിക സര്‍വകലാശാലയില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ്. 2011 മുതല്‍ 2015 വരെ വിസി.
2014ല്‍ ബിജെപിയില്‍. 2021ല്‍ നിയമസഭയിലേക്ക് തിരൂര്‍ മണ്ഡലത്തില്‍ മത്സരിച്ച് മികച്ച ജനപിന്തുണ നേടി. 2021ല്‍ കര്‍ണാടക ന്യൂനപക്ഷമോര്‍ച്ച പ്രഭാരി, ബിജെപി സ്റ്റേറ്റ് കമ്മിറ്റി അംഗം, ബിജെപി സംസ്ഥാന കോര്‍കമ്മിറ്റി അംഗം, പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനായി ബിജെപി എന്‍ആര്‍ഐ ന്യൂനപക്ഷങ്ങളുടെ കോര്‍ഡിനേറ്റര്‍, 2022ല്‍ പോണ്ടിച്ചേരി ന്യൂനപക്ഷ മോര്‍ച്ച പ്രഭാരി, കോഴിക്കോട് ജില്ലാ ന്യൂനപക്ഷമോര്‍ച്ച പ്രഭാരി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: