ന്യൂദൽഹി: കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭയാനകമായ ആഘാതം ഗംഗ, സിന്ധു, ബ്രഹ്മപുത്ര എന്നിവയുൾപ്പെടെ ദക്ഷിണേഷ്യയിലെ പ്രധാന നദീതടങ്ങളിൽ അനുഭവപ്പെടുമെന്ന് പുതിയ റിപ്പോർട്ട്.
മനുഷ്യ നിർമ്മിത പ്രവർത്തനങ്ങളും കാലാവസ്ഥാ ക്രമങ്ങൾ മാറുന്നതും പ്രദേശത്തെ നൂറ് കോടി ആളുകൾക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും റിപ്പോർട്ട് അഭിപ്രായപ്പെട്ടു. “എലിവേറ്റിംഗ് റിവർ ബേസിൻ ഗവേണൻസ് ആൻഡ് കോപ്പറേഷൻ ഇൻ ദി എച്ച്കെഎച്ച് റീജിയണിൽ” റിപ്പോർട്ട് അനുസരിച്ച് ഈ മൂന്ന് നദികളിൽ, നദീതട പരിപാലനത്തിന് കാലാവസ്ഥാ-പ്രതിരോധ സമീപനം ഉടനടി ആവശ്യമാണെന്നാണ്.
ദക്ഷിണേഷ്യയിലെയും തെക്കുകിഴക്കൻ ഏഷ്യയിലെയും ശുദ്ധജല സ്രോതസ്സുകളാണ് ഹിന്ദു കുഷ് ഹിമാലയം. ഇവിടുത്തെ മഞ്ഞ്, ഹിമ പാളിക, മഴ എന്നിവയിൽ നിന്ന് ഉത്ഭവിക്കുന്ന ജലം ഏഷ്യയിലെ ഏറ്റവും വലിയ 10 നദീതടങ്ങളെ പരിപോഷിപ്പിക്കുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുടനീളമുള്ള 600 ദശലക്ഷത്തിലധികം ആളുകൾക്ക് പലപ്പോഴും പവിത്രവും അത്യന്താപേക്ഷിതവുമായി കണക്കാക്കപ്പെടുന്ന ഗംഗാ നദീതടം വർദ്ധിച്ചുവരുന്ന പാരിസ്ഥിതിക ഭീഷണികളെ അഭിമുഖീകരിക്കുകയാണ്.
ദ്രുതഗതിയിലുള്ള വ്യവസായവൽക്കരണം, നഗരവൽക്കരണം, തീവ്രമായ കാർഷിക രീതികൾ എന്നിവ നദിയുടെ പാരിസ്ഥിതിക ആരോഗ്യത്തെ ബാധിക്കുന്നു. മലിനജലവും വ്യാവസായിക മാലിന്യങ്ങളും വിവേചനരഹിതമായി പുറന്തള്ളുന്നത് ജലത്തെ ഗുരുതരമായി മലിനമാക്കുകയും മനുഷ്യന്റെ ആരോഗ്യത്തിനും പരിസ്ഥിതിക്കും കാര്യമായ അപകടസാധ്യതകൾ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.
ഈ നരവംശ പ്രവർത്തനങ്ങൾക്കൊപ്പം, പ്രത്യേകിച്ച് വർദ്ധിച്ചുവരുന്ന വെള്ളപ്പൊക്കത്തിന്റെയും വരൾച്ചയുടെയും രൂപത്തിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങൾ നിലവിലുള്ള വെല്ലുവിളികളെ കൂടുതൽ വഷളാക്കുന്നു. മഴക്കാലത്ത് ജലസ്രോതസ്സുകൾ നിറഞ്ഞു കവിയുകയാണ്. ഇത് വിനാശകരമായ വെള്ളപ്പൊക്കത്തിന് കാരണമാകുന്നു.
അതേസമയം വരണ്ട കാലങ്ങൾ ജലക്ഷാമം രൂക്ഷമാക്കുന്നുണ്ട് പ്രത്യേകിച്ച് ബംഗ്ലാദേശ് പോലുള്ള താഴ്ന്ന പ്രദേശങ്ങളിൽ. കാലാവസ്ഥയുമായി ബന്ധപ്പെട്ട ഈ അപകടങ്ങൾ സ്ത്രീകൾ, വൈകല്യമുള്ളവർ, പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾ എന്നിവയുൾപ്പെടെയുള്ള ദുർബല വിഭാഗങ്ങളെ അനുപാതമില്ലാതെ ബാധിക്കുന്നുണ്ടെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു.
അതുപോലെ, പാകിസ്ഥാൻ, ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ചൈന എന്നിവിടങ്ങളിലെ 268 ദശലക്ഷത്തിലധികം ആളുകളുടെ ജീവനാഡിയായ സിന്ധു നദി കാലാവസ്ഥാ വ്യതിയാനം മൂലം അപകടാവസ്ഥയിലാണ്. ഉയരുന്ന താപനിലയും ക്രമരഹിതമായ മൺസൂണും പാരിസ്ഥിതിക തകർച്ചയും സിന്ധു നദീതടത്തെ പ്രതിസന്ധി ഘട്ടത്തിലേക്ക് തള്ളിവിടുന്നുണ്ട്.
സിന്ധു നദീതടത്തിലെ കാലാവസ്ഥാ വ്യതിയാന പ്രത്യാഘാതങ്ങളുടെ തോത് അമിതമാണെന്നും ഭക്ഷ്യസുരക്ഷ, ഉപജീവനമാർഗം, ജലസുരക്ഷ എന്നിവയെ ഇവ രൂക്ഷമായി ബാധിക്കുമെന്നും റിപ്പോർട്ട് പറയുന്നു. മൺസൂൺ മഴയുടെ സമയത്തിലും തീവ്രതയിലും ഉള്ള വ്യതിയാനങ്ങൾ ഇതിനകം തന്നെ സിന്ധു നദീ തടത്തിന്റെ ആരോഗ്യത്തിലും സുസ്ഥിരതയിലും ആഴത്തിലുള്ള സ്വാധീനം ചെലുത്തുന്നുണ്ട്.
അതിലുപരിയായി, വർദ്ധിച്ചുവരുന്ന കാർഷിക, വ്യാവസായിക മലിനീകരണം ഉൾപ്പെടെയുള്ള പാരിസ്ഥിതിക തകർച്ച നദീതട പരിസ്ഥിതിയെ നശിപ്പിക്കുകയും ശുദ്ധജല മത്സ്യബന്ധനത്തെ പ്രതികൂലമായി ബാധിക്കുകയും നദിയുടെ പാരിസ്ഥിതിക ആരോഗ്യത്തെ നശിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: