ബെംഗളൂരു: കര്‍ണ്ണാടകയിലെ മാണ്ഡ്യ സീറ്റ് നടി സുമലതയ്ക്ക് വൈകാരിക പ്രാധാന്യമുള്ള മണ്ഡലമാണ്. ഭര്‍ത്താവും നടനുമായ അംബരീഷ് 1998,1999, 2004 തെരഞ്ഞടുപ്പുകളില്‍ മാണ്ഡ്യയില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച് എംപിയായി. 2018ല്‍ അദ്ദേഹം മരണപ്പെട്ടപ്പോള്‍ കോണ്‍ഗ്രസിന്റെ സിദ്ധരാമയ്യ അംബരീഷിന്റെ ഭാര്യയായ നടി സുമലതയ്ക്ക് കോണ്‍ഗ്രസ് ടിക്കറ്റ് നല്കാന് തയ്യാറായില്ല.
അന്ന് കോണ്‍ഗ്രസിനൊപ്പം നിന്നിരുന്ന ജെഡിഎസ് നേതാവ് കുമാരസ്വാമിയുടെ മകന് നിഖില്‍ കുമാരസ്വാമിയായിരുന്നു എതിര് സ്ഥാനാര്‍ത്ഥി. മാണ്ഡ്യയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സുമലതയെ നിര്‍ബന്ധിക്കുകയായിരുന്നു. അങ്ങിനെ അവര്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചു. സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ സുമലതയ്ക്ക് പുറത്ത് നിന്നും പിന്തുണ നല്കാന് ബിജെപി തീരുമാനിച്ചു. സുമലത ജയിച്ചു.
പിന്നീട് സുമലത തന്റെ മകന്റെ വിവാഹം ക്ഷണിക്കാന്‍ മോദിയെ കണ്ടു. ബിജെപിയും സുമലതയും അടുത്തു. അതിനിടയില്‍ കര്‍ണ്ണാടകയിലെ രാഷ്ട്രീയം ആകെ മാറി മറിഞ്ഞു. ജെഡിഎസും കുമാരസ്വാമിയും എന്‍ഡിഎയുടെ ഭാഗമായി ബിജെപിയുടെ സഖ്യകക്ഷിയായി. ഇപ്പോള്‍ ദേവഗൗഡയും മകന് കുമാരസ്വാമിയും മാണ്ഡ്യ മണ്ഡലം തങ്ങള്‍ക്ക് വേണമെന്ന് വാശി പിടിക്കുകയാണ്.
പ്രശ്നം രൂക്ഷമായതോടെ സുമലത ദല്‍ഹിയ്ക്ക് തിരിച്ച് ജെ.പി. നദ്ദയെ കണ്ടതായി പറയുന്നു. മാണ്ഡ്യ സീറ്റ് ചോദിച്ചിട്ടുണ്ടെന്നും അടുത്ത ഒരു ചര്‍ച്ചയ്ക്ക് ശേഷം തീരൂമാനിക്കാം എന്ന നദ്ദ പറഞ്ഞതായും സുമലത പറയുന്നു. തന്നെയും പ്രവര്‍ത്തകരെയും കൈവിടില്ലെന്ന് നദ്ദ ഉറപ്പു നല്‍കിയതായും സുമലത പറയുന്നു. എന്തായാലും താന്‍ ബിജെപി വിടില്ലെന്നും തന്റെ പാര്‍ലമെന്റ് കാലാവധി തീര്‍ന്നാല്‍ ബിജെപിയില്‍ ചേരുമെന്നും സുമലത പ്രസ്താവിച്ചു. എന്തായാലും ബിജെപി ഹൈക്കമാന്റിന്റെ തീരുമാനം ശിരസാ വഹിക്കുമെന്നും സുമലത പറഞ്ഞു.
2019ല്‍ സുമലത ഉള്‍പ്പെടെ 28ല്‍ 25 സീറ്റുകളില്‍ ബിജെപി വിജയിച്ചിരുന്നു. സുമലത അന്ന് നിഖില്‍ കുമാരസ്വാമിയെ 67000 വോട്ടുകള്‍ക്കാണ് തോല്പിച്ചത്. അന്ന് ഹാസനില്‍ മാത്രമാണ് ജെഡിഎസ് വിജയിച്ചത്. ഇക്കുറി ബിജെപിയോട് മൂന്ന് സീറ്റുകളാണ് ജെഡിഎസ് ചോദിച്ചിരിക്കുന്നത്. ഹാസന്, മാണ്ഡ്യ, കോലാര്‍. ഇതില്‍ കോലാര്‍ സീറ്റ് നേരത്തെ ബിജെപി വിജയിച്ച സീറ്റാണ്. സീറ്റ് വിഭജനം സംബന്ധിച്ച് അന്തിമ ധാരണ ആയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: