തിരുവനന്തപുരം: ബാലചന്ദ്രന് ചുള്ളിക്കാടിന് തുച്ഛമായ പ്രതിഫലം നല്കി സാഹിത്യ അക്കാദമി അപമാനിച്ചു എന്ന വിവാദമാണ് പിന്നീട് ശ്രീകുമാരന്‍ തമ്പി-സച്ചിദാനന്ദന് പോരിലേക്ക് കാര്യങ്ങള്‍ കൊണ്ടു ചെന്നെത്തിച്ചത്. ചുള്ളിക്കാട് സാഹിത്യഅക്കാദമിയില്‍ നിന്നുള്ള ദുരനുഭവം വിവരിച്ചപ്പോഴാണ് ശ്രീകുമാരന്‍ തമ്പി തനിക്ക് കേരളഗാന രചനയുമായി ബന്ധപ്പെട്ട് സാഹിത്യ അക്കാദമിയില്‍ നിന്നും നേരിടേണ്ടി വന്ന ദുര്യോഗം വിവരിച്ചത്. അതാണ് പിന്നീട് ശ്രീകുമാരന്‍ തമ്പിയും അക്കാദമി പ്രസിഡന്റ് കവി സച്ചിദാനന്ദനും തമ്മിലുള്ള തുറന്നപോരിലേക്ക് നയിച്ചത്.
ഇപ്പോഴിതാ ശ്രീകുമാരന്‍തമ്പിയ്ക്ക് 84 വയസ്സ് തികഞ്ഞ ശതാഭിഷേക വേളയില്‍ ബാലചന്ദ്രന് ചുള്ളിക്കാടിന്റെ ഭാര്യയും കവയിത്രിയുമായ വിജയലക്ഷ്മി ‘കവികളുടെ കവി’ എന്ന് ശ്രീകുമാരന്‍തമ്പിയെ വിശേഷിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഒരു പ്രമുഖപത്രത്തിന്റെ വാരാന്തപ്പതിപ്പില്‍ എഴുതിയ ലേഖനത്തിലാണ് വിജയലക്ഷ്മി ശ്രീകുമാരന്‍ തമ്പിയുടെ കവിതകള്‍ എത്രയ്ക്ക് അമൂല്യമാണെന്ന് തുറന്നെഴുതുന്നത്. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ ക്ലീഷേയാണെന്ന് സച്ചിദാനന്ദന് നടത്തിയ പരാമര്‍ശത്തിന്റെ തീയും പുകയും അടങ്ങും മുന്‍പാണ് വിജയലക്ഷ്മി ഒരു ലേഖനത്തിലൂടെ ശ്രീകുമാരന്‍തമ്പിയിലെ കാലാതിവര്‍ത്തിയായ കവിയെയും ഗാനരചയിതാവിനെയും കണ്ടെടുക്കുന്നത്.
വിജയലക്ഷ്മി എഴുതുന്നു:”ഉത്തര-മധ്യ-ദക്ഷിണ ഭേദമേന്യെ ഭാരതത്തിലെ ആത്മാന്വേഷികളായ കവികള്‍ രചിച്ച ഈരടികളും പരമാത്മപദം തേടുന്ന സംഗീതയാത്രികര് ചിട്ടപ്പെടുത്തിയ ഈണങ്ങളും നൂറ്റാണ്ടുകള്‍ കടന്ന് ഇന്നും ആസ്വദിക്കപ്പെടുന്നു. അതത് സംസ്കൃതിയുടെ പ്രാദേശികമുദ്രകളും നിത്യദുഖിയും അസംതൃപ്തനുമായ മനുഷ്യന്റെ മോഹാക്ഷരങ്ങളും അവയില്‍ പതിഞ്ഞിട്ടുണ്ട്. ആ ചിരന്തനചേതനയുടെ പരിണതിയും തുടര്‍ച്ചയും ശ്രീകുമാരന്‍ തമ്പിയില്‍ കാണാം.”
അവിടെയും തീരുന്നില്ല വിജയലക്ഷ്മിയുടെ കവിയെ കണ്ടെടുക്കല്‍. ” പരമോന്നതമായ ഏതെങ്കിലുമൊരു ഭാഷാസംരക്ഷണസ്ഥാപനത്തിലോ (സാഹിത്യ അക്കാദമിയെയാണോ വിജയലക്ഷ്മി ഉദ്ദേശിച്ചത്?) സംരംഭത്തിലോ ഉന്നതസ്ഥാനമോ പദവിയോ അദ്ദേഹത്തിന് ലഭിച്ചിട്ടില്ല. മഹാര്‍ഹമായ സ്വാഭിമാനത്താല്‍ തേജോമയനായ ഈ ഭാഷാസ്നേഹിക്ക് സമ്പാദ്യമായി മറ്റൊന്നുമില്ല. മലയാളമനസ്സിന്റെ ഗര്ഭഗൃഹത്തില് എന്നെന്നേക്കുമായി പ്രതിഷ്ഠിക്കപ്പെട്ട വരികളല്ലാതെ, അവയ്ക്കുമുകളില്‍ ഒരിയ്ക്കലും മായാതെ തെളിഞ്ഞുതെളിഞ്ഞു വരുന്ന സ്വന്തം പേരല്ലാതെ…”
ഒളിയമ്പുകള്‍ സച്ചിദാനന്ദനെ ലാക്കാക്കിയുള്ളതോ?
പലപ്പോഴും വൈദേശിക കവിതകള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുന്ന കവി കൂടിയാണ് സച്ചിദാനന്ദന്. സ്വന്തം കവിതകളില്‍ പോലും അദ്ദേഹം പലപ്പോഴും വൈദേശിക ബിംബങ്ങളും ധാരാളമായി ഉപയോഗിക്കുന്നയാളുമാണ്. വിജയലക്ഷ്മിയുടെ ലേഖനത്തിലെ ഈ ഭാഗം സച്ചിദാനന്ദനയും ശ്രീകുമാരന്‍തമ്പിയെയും താരതമ്യം ചെയ്യുന്നതാണോ എന്നു പോലും തോന്നിപ്പോകും. വായിക്കുക:
“ഉള്ളുലയ്ക്കുകയും ഉറക്കം കെടുത്തുകയും ചെയ്യുന്ന നോവ് ശ്രീകുമാരന്‍തമ്പിയുടെ കാവ്യലോകത്തില്‍ ഉറങ്ങാതിരിക്കുന്നു. ആത്മാര്‍ത്ഥവും സത്യസന്ധവും ആയ പ്രതികരണങ്ങളും അനുരണനങ്ങളും അതിന്റെ സമൃദ്ധിയിലുണ്ട്. ഗാനമായും കവിതയായും ഗദ്യമായും ചലച്ചിത്രമായും അദ്ദേഹത്തിലൂടെ കടന്നുവന്നതെല്ലാം ഹൃദയശുദ്ധിയുടെയും സാംസ്കാരിക വിശുദ്ധിയുടെയും പതാകപേറുന്നു. അവയില്‍ കലര്‍പ്പില്ല. വിവര്‍ത്തനം ചെയ്യപ്പെട്ടതോ കടമെടുത്തതോ ആയ സങ്കീര്‍ണ്ണതകളില്ല. വൈദേശിക ബിംബങ്ങളില്ല. മലയാളമണ്ണും മനസ്സും അതില്‍ സദാ സ്പന്ദിച്ചു… സ്പന്ദിക്കുന്നു. സ്വദേശത്തും വിദേശത്തുമുള്ള നാലേമുക്കാല്‍ കോടി മലയാളികള്‍ക്ക് ആശ്വസിക്കാനും തന്മയീഭവിക്കാനുമുള്ള അമൃതധാരയായി അദ്ദേഹത്തിന്റെ ഗാനലോകം മാറി എന്നത് ചെറിയ കാര്യമല്ല. ”
അര്ജ്ജുനന് മാസ്റ്റര്‍ എന്ന നാട്യങ്ങളറിയാത്ത സാധാരണക്കാരനെ സിനിമയിലേക്ക് കൈപിടിച്ചുയര്‍ത്തിയ ശ്രീകുമാരന്‍തമ്പിയുടെ ഹൃദയവിശാലതയേയും വിജയലക്ഷ്മി ശ്ലാഘിക്കുന്നു:”സ്വതേ സാധുശീലനും സൗമ്യനുമായി ഒതുങ്ങിയിരിക്കുന്ന അര്ജ്ജുനന്മാസ്റ്ററെപ്പോലൊരു സംഗീതജ്ഞനെ അദ്ദേഹം കൈപിടിച്ച് കൂടെ നടത്തിയത് മറക്കാനാവില്ല. അത് ഞങ്ങള്‍ കൊച്ചിക്കാരുടെ സ്വകാര്യ അഭിമാനമാണ്. ”
വീണ്ടും പരോക്ഷമായി സച്ചിദാനന്ദനെത്തന്നെ (വിദേശകവിതകളുടെ ഗദ്യകവിതാവിവര്ത്തനം സ്ഥിരം നടത്തുന്ന ആളാണ് സച്ചിദാനന്ദന്) വിമര്‍ശിക്കുന്നുവെന്ന് തോന്നിക്കുന്ന വരികള്‍ വിജയലക്ഷ്മിയുടെ ലേഖനത്തില്‍ മറ്റൊരിടത്ത് കാണാം:”ഈണമോ താളമോ ഇല്ലാത്ത ഗദ്യകവിതകള്‍ പലതും ഈണത്തിലും താളത്തിലും ഊന്നിയാണ് രചിക്കപ്പെട്ടിട്ടുള്ളതെന്ന് ആദ്യമായറിഞ്ഞപ്പോള്‍ അത്ഭുതം തോന്നിയിട്ടുണ്ട്. സംഗീതോപകരണം മീട്ടിയാണ് അതത് നാട്ടുകാര്‍ അവയെ സ്വയം മറന്ന് ആലപിക്കുക. സമാനസ്വരങ്ങളില്, സംഗീതമുള്ള പ്രാസഭംഗിയില്‍, സ്വന്തം രൂപത്തില്‍ സ്വന്തമാളുകള്‍ ഏറ്റെടുക്കുമ്പോള്‍, അന്യദേശത്തെ വികമസാധകരുടെ പരിഭാഷാശാപങ്ങളില് നിന്ന് ആ കവിതകള്‍ മോചിതരാകുന്നു. ശ്ലഥബിംബങ്ങളുടെ വൈദേശികത നമ്മുടെ കവിതയ്ക്ക് അഭികാമ്യവും അനുപേക്ഷണീയവും അക്കാദമികമായി അത്യാദരണീയവും ആകുന്നിതിന് മുന്‍പ്, കവിതയെന്നത് നിര്‍മമമായ നിര്മിതിയാവുംമുമ്പ്, മലയാളമണ്ണില്‍ത്തന്നെ കാലൂന്നിനിന്ന് മറുഭാഷകളെയും ദേശങ്ങളെയും മനുഷ്യദുരിതങ്ങളെയും കണ്ടറിഞ്ഞ കവികള്‍ നമുക്കുണ്ടായിരുന്നു. എഴുത്തിന്റെ മാനദണ്ഡങ്ങളന്ന് ഭാവനാബദ്ധവും ഭാഷാബദ്ധവുമായിരുന്നു അക്ഷരശുദ്ധിയും ചിഹ്നനവും എന്തെന്ന് കവി അറിയേണ്ടതുണ്ടായിരുന്നു. ആ തലമുറയുടെ പ്രതിനിധിയാണ് ശ്രീകുമാരന്‍തമ്പി.”
ശ്രീകുമാരന്‍ തമ്പി വാസ്തവത്തില്‍ കവികളുടെ കവിയാണെന്നും വിജയലക്ഷ്മി ലേഖനത്തിനൊടുവില്‍ പറഞ്ഞുവെയ്ക്കുന്നത് ഇങ്ങിനെ: “എഞ്ചിനീയറുടെ വീണ, അച്ഛന്റെ ചുംബനം, അമ്മയ്ക്കൊരു താരാട്ട്, തെരഞ്ഞെടുത്ത കവിതകള്‍- കണ്ണാടിപോലെ തെളിഞ്ഞ രചനകളാണ് ശ്രീകുമാരന്‍തമ്പിയുടെ ഈ സമാഹാരങ്ങളില്‍. ഈണവും താളവും മാറ്റിവെച്ച് വാക്കുകള്‍ മാത്രമായി ശ്രീകുമാരന്‍തമ്പിയുടെ ഗാനങ്ങള്‍ വായിച്ചുനോക്കുക. ഈണത്തിനിണങ്ങി വേഷം മാറി അണിഞ്ഞൊരുങ്ങിവന്ന കവിതകള്‍ തന്നെയാണ് ശ്രീകുമാരന്‍തമ്പിയുടെ ഗാനങ്ങള്‍. അവയിടെ വിശിഷ്ട കല്പനകളെക്കുറിച്ച് എത്ര പറഞ്ഞാലും മതിയാവാത്ത എത്ര പേരുണ്ട് നമുക്കിടയില്‍. സ്വന്തം ജനതയ്ക്ക് ഓര്‍മ്മിക്കാന്‍, ജീവിതസമസ്യകള്‍ക്ക് മുമ്പില്‍ ഒറ്റപ്പെടുമ്പോള്‍ അവരില്‍ ഓരോരുത്തര്‍ക്കും ഓര്‍ത്തുചൊല്ലാന്‍ രണ്ടുവരിയെങ്കിലും സമ്മാനിക്കുന്നയാളാണ് യഥാര്‍ത്ഥ കവിയെങ്കില്‍- എങ്കില്‍ കവികളുടെയും കവിയാണ് ശ്രീകുമാരന്‍തമ്പി.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: