ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ നിയന്ത്രണ രേഖയ്ക്ക് സമീപത്തായി റോപ് വേ നിര്‍മിക്കാനൊരുങ്ങി ഭാരതം. 522 കോടി ചെലവില്‍ 5.2 കിലോമീറ്റര്‍ ദൂരത്തിലാണ് റോപ് വേ നിര്‍മിക്കുന്നത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ മൊണാസ്ട്രിയായ തവാങ് മൊണാസ്ട്രിയില്‍ നിന്ന് പെംഗ ടെങ് സോ തടാകംവരെയാണ് റോപ്വേ വരിക. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ കരാര്‍ ക്ഷണിച്ചു. 10,000 അടി ഉയരത്തിലാണ് നിര്‍മാണം. ചൈന, ഭൂട്ടാന് അതിര്‍ത്തിക്ക് സമീപത്തായാണ് ഇത്. തവാങ് നഗരത്തില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രമാണ് നിര്‍ദ്ദിഷ്ട റോപ് വേയിലേക്കുള്ളത്.
നിയന്ത്രണരേഖയ്ക്ക് സമീപത്തുള്ള പെംഗ ടെങ് സോ തടാകം തവാങില്‍ നഗരത്തില്‍ നിന്ന് പതിനെട്ട് കിലോമീറ്റര്‍ അകലെയാണ്. അരമണിക്കൂറോളം റോഡ്മാര്‍ഗം സഞ്ചരിക്കേണ്ടതായുണ്ട്. റോപ്വേ പൂര്‍ത്തിയായാല്‍ തവാങ് മൊണാസ്ട്രിയില്‍ നിന്ന് പെംഗ ടെങ് സോ തടാകത്തിലേക്ക് അഞ്ച് മിനിറ്റ് യാത്രയേ ഉണ്ടാകുകയുള്ളൂ. സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖല വികസിപ്പിക്കുന്നതിനായിട്ടാണ് റോപ്വേ നിര്‍മിക്കുന്നതെന്ന് അരുണാചല്‍ ഉന്നത പ്രതിനിധി വെളിപ്പെടുത്തി.
മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് അരുണാചല്‍ പ്രദേശ് സാക്ഷ്യം വഹിച്ചത്. സെല ടണല്‍, ദോനീ പോളോ വിമാനത്താവളം എന്നിങ്ങനെ നിരവധി പദ്ധതികളാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കിയത്. സേല ടണല്‍ വന്നതോടെ ബലിപര, ചരിദുവര്, തവാങ് നിവാസികള്‍ക്ക് അതീവ ശൈത്യകാലത്ത് പോലും യാത്ര ചെയ്യാന്‍ സാധിക്കും. ഇത് കൂടാതെ ഹൈഡ്രോ പവര്‍ പ്രൊജക്ട് കൂടി അരുണാചല്‍ ദിബാങ്ങില്‍ തുടക്കം കുറിക്കാനിരിക്കുകയാണ്. ഇത് പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ ഡാമാകും. 31,875 കോടിയാണ് പദ്ധതിക്കായുള്ള ചെലവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: