തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ റോഡ് ഷോ പാലക്കാട് നടന്നു. മേഴ്സി കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡിൽ വന്നിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് മാർഗ്ഗം കോട്ടമൈതാനത്തെത്തി. കോട്ടമൈതാനത്തെ അഞ്ചുവിളക്ക് മുതൽ ഹെഡ് പോസ്റ്റ് ഓഫീസ് പരിസരം വരെയായിരുന്നു റോഡ് ഷോ.
ജനസഹസ്രങ്ങളാണ് പ്രധാനമന്ത്രിയെ കാണാൻ പ്രദേശത്ത് എത്തിയത്. രാവിലെ 10.20 ന് കോയമ്പത്തൂരില്‍ നിന്ന് പാലക്കാട് മേഴ്‌സി കോളെജ് മൈതാനത്തിലെത്തിയ മോദി റോഡ് മാര്‍ഗം അഞ്ചുവിളക്കിലെത്തി അവിടെ നിന്നും റോഡ് ഷോയില്‍ പങ്കെടുക്കുകയായിരുന്നു.
പുഷ്പാലങ്കൃതമായ തുറന്ന വാഹനത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, പാലക്കാട്, പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾക്കൊപ്പമായിരുന്നു റോഡ് ഷോ. തെരഞ്ഞെടുപ്പ് പ്രചരണത്തോടനുബന്ധിച്ചുളള മോദിയുടെ കേരളത്തിലെ ആദ്യറോഡ് ഷോയാണ് പാലക്കാട്ട് നടന്നത്.
അഞ്ചുവിളക്ക് മുതൽ ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിലാണ് റോഡ് ഷോ. എന്‍ഡിഎ വലിയ പ്രതീക്ഷയോടെ കാണുന്ന പാലക്കാട് മണ്ഡലം സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കാനാണ് മോദി പാലക്കാടെത്തിയത്.
സന്ദർശനത്തിന് മുന്നോടിയായി പാലക്കാട് നഗരത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. റോഡ് ഷോ അവസാനിച്ച ശേഷം മോയൻ സ്‌കൂൾ ജംഗ്ഷൻ, ടൗൺ റെയിൽവേ മേൽപാലം, ശകുന്തള ജംഗ്ഷൻ, ബി.ഇ.എം സ്‌കൂൾ ജംഗ്ഷൻ, കെ.എസ്.ആർ.ടി.സി വഴി മേഴ്‌സി കോളേജ് ഗ്രൗണ്ടിലെത്തിയ പ്രധാനമന്ത്രി അവിടെ നിന്നും സേലത്തേക്ക് മടങ്ങി.
ബിജെപി കേരള പ്രഭാരി പ്രകാശ് ജാവേദ്ക്കർ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, പാലക്കാട്, പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളും ചേർന്ന് മോദിയെ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: