ആയിരം രൂപ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് സംഭാവന ലഭിച്ചാല്‍ നൂറു രൂപ മാത്രം പാര്‍ട്ടിക്കും ബാക്കി നേതാക്കളുടെ പോക്കറ്റിലേക്കുമെന്ന പരാതി അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന സംവിധാനമാണ് ഇലക്ട്രറല്‍ ബോണ്ട്. ഇന്ത്യന്‍ രാഷ്ട്രീയത്തെയും തെരഞ്ഞെടുപ്പ് രംഗത്തെയും അടക്കിവാണിരുന്ന കള്ളപ്പണത്തെ നിയന്ത്രിക്കാനും ഇതുവഴി സാധിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നത് ബാങ്ക് വഴി ലഭിക്കുന്ന ഇലക്ട്രറല്‍ ബോണ്ട് മുഖേന ആക്കിയതോടെ ഈ പണമെല്ലാം നിയമാനുസൃതമായി. സംഭാവനകള്‍ നല്കാന് ആഗ്രഹിക്കുന്ന വ്യക്തികള്‍ക്കും കമ്പനികള്‍ക്കും പണം നല്‍കുന്നതിന് പകരം എസ്ബിഐയുടെ പക്കല്‍ നിന്നും ബോണ്ടുകള്‍ വാങ്ങി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കാം. ബോണ്ടുകള്‍ വഴി ആരാണ് പണം തന്നതെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അറിയില്ലെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷനും എസ്ബിഐക്കും കൃത്യമായി അറിയാനുമാവും. നേരത്തെ, കള്ളപ്പണം വെളുപ്പിക്കാനുള്ള വഴികളായിരുന്നു രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പണം നല്‍കുന്നത്. നൂറു കോടി രൂപ രേഖകളില്‍ കാണിക്കുമ്പോള്‍ തന്നെ മിക്ക പാര്‍ട്ടികള്‍ക്കും അഞ്ഞൂറും ആയിരവും കോടി രൂപകളായിരുന്നു സംഭാവനകളായി ലഭിച്ചിരുന്നത്. മാസാമാസം നടക്കുന്ന നിരവധി പ്രാദേശിക-സംസ്ഥാന തെരഞ്ഞെടുപ്പു ചിലവുകള്‍ക്കായി ഈ പണം ശരിയല്ലാത്ത മാര്‍ഗ്ഗത്തിലൂടെ ചെലവഴിച്ചു തീര്‍ക്കാനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സാധിച്ചിരുന്നു. ഇതിനവസാനം കുറിക്കാന്‍ ഇലക്ട്രറല്‍ ബോണ്ടിലൂടെ സാധിച്ചു. എന്നാല്‍ ഇലക്ട്രറല്‍ ബോണ്ടിനെതിരായ സുപ്രീംകോടതി വിധിയോടെ താല്‍ക്കാലികമായി ഈ സംവിധാനം ഇല്ലാതായി. കുറച്ചുകൂടി പരിഷ്ക്കരിച്ച മാതൃകയില്‍ ഇലക്ട്രറല്‍ ബോണ്ട് അവതരിപ്പിക്കാനുള്ള ആലോചനകള്‍ കേന്ദ്രസര്‍ക്കാരിനുണ്ട് എന്നാണ് സൂചനകള്‍.
ഇരുപതിനായിരം കോടിരൂപയുടെ ഇലക്ട്രറല്‍ ബോണ്ടുകളാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചതെന്നാണ് കണക്ക്. ഇതില്‍ വെറും 6,000 കോടി മാത്രമാണ് രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയായ ബിജെപിക്ക് ലഭിച്ചിരിക്കുന്നത്. ബാക്കിയുള്ള 14,000 കോടി രൂപയും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കാണ് ലഭിച്ചത്. ലോക്സഭയിലും രാജ്യസഭയിലുമായി നാനൂറിലധികം എംപിമാരും ആയിരത്തഞ്ഞൂറിലധികം എംഎല്‍എമാരും പതിനെട്ടോളം സംസ്ഥാനങ്ങളില്‍ ഭരണവുമുള്ള ബിജെപിക്ക് ഇലക്ട്രറല്‍ ബോണ്ടിന്റെ മൂന്നിലൊന്നു പോലും ലഭിച്ചിട്ടില്ലെന്ന് സാരം. 22 എംപിമാരും പശ്ചിമ ബംഗാള്‍ ഭരണവും മാത്രം കൈമുതലുള്ള തൃണമൂല്‍ കോണ്‍ഗ്രസിന് 1400 കോടി രൂപയോളമാണ് ലഭിച്ചിരിക്കുന്നത്. എണ്‍പത് എംപിമാരും അറുനൂറോളം എംഎല്‍എമാരും മൂന്നു സംസ്ഥാനങ്ങളും ഭരിക്കുന്ന രാജ്യത്തെ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന് 1350 കോടി രൂപയോളം ബോണ്ടായി ലഭിച്ചു. തെലങ്കാന ഭരിച്ചിരുന്ന ബിആര്‍എസിന് 1322 കോടി രൂപയാണ് ലഭിച്ചത്. തമിഴ്നാട് ഭരിക്കുന്ന ഡിഎംകെയ്ക്ക് 656 കോടി രൂപയാണ് ബോണ്ടിനത്തില്‍ ലഭിച്ചത്. ഇതില്‍ വിവാദ ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനാണ് 509 കോടി രൂപയും നല്‍കിയത്. മാര്‍ട്ടിന്റെ കമ്പനിയായ ഫ്യൂച്ചര്‍ ഗെയിമിംഗ് ആന്റ് ഹോട്ടല്‍ സര്‍വ്വീസസ് ഇലക്ട്രറല്‍ ബോണ്ടായി സമാഹരിച്ച 1368 കോടി രൂപയുടെ 37 ശതമാനം തുക ഡിഎംകെയ്ക്ക് നല്കി. ബാക്കി തുക ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസിനാണ് ലഭിച്ചതെന്നാണ് വിവരം. 2022-23 കാലത്ത് തൃണമൂല്‍ നേതാവായ അനുബ്രത മൊണ്ടാലിനും മകള്‍ക്കുമായി മാര്‍ട്ടിന്റെ ഡിയര്‍ ലോട്ടറി അഞ്ചു തവണയാണ് ഒന്നാം സമ്മാനം അടിച്ചതെന്നതും മാര്ട്ടിന്-തൃണമൂല്‍ ബന്ധത്തിന്റെ തെളിവാണ്. അംബാനിയും അദാനിയും ബിജെപിക്കായി ശതകോടികള്‍ ഇലക്ട്രറല്‍ ബോണ്ടുകള്‍ വഴി നല്കിയിട്ടുണ്ടാവാം എന്ന പ്രതീക്ഷയില്‍ വിവാദമുണ്ടാക്കാനിറങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ ബോണ്ടിലെ യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുവന്നതോടെ മൗനത്തിലാണ്.
ഇലക്ട്രറല്‍ ബോണ്ടിലെ മുഴുവന്‍ വിവരങ്ങളും പുറത്തുവരുന്നതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ജനങ്ങളെ അഭിമുഖീകരിക്കാനാവാത്ത അവസ്ഥ വരുമെന്ന കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഓരോ ദിവസവും പുറത്തുവരുന്ന വിവരങ്ങള്‍ അനുസരിച്ച്, ഇലക്ടറല്‍ ബോണ്ട് വഴി വന്‍തുക സമാഹരിച്ച ശേഷം കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പ് കൂടുതല്‍ തെളിയുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതോടെ കേന്ദ്രസര്‍ക്കാരിനെ അടിക്കാനുള്ള വടിയായി വിഷയത്തെ ഉപയോഗിക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ശ്രമം പൊളിഞ്ഞത് ഇലക്ട്രറല്‍ ബോണ്ടുകള്‍ വാങ്ങിയവരുടെ മുഴുവന്‍ വിവരങ്ങള്‍ പുറത്തുവന്നു തുടങ്ങിയതോടെയാണ്. രാജ്യത്തെ എല്ലാ പാര്‍ട്ടികളും ബോണ്ടുകള്‍ സ്വീകരിച്ചിരുന്നുവെന്ന് തെളിഞ്ഞതോടെ വിഷയത്തെ രാഷ്ട്രീയ ആയുധമാക്കാനുള്ള നീക്കം ദുര്‍ബലമായി. ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന് അഞ്ഞൂറു കോടി രൂപയിലധികം തമിഴ്നാട്ടിലെ ഡിഎംകെ സ്വീകരിച്ച വാര്‍ത്ത പ്രതിസന്ധിയിലാക്കിയത് ഇടതുപാര്‍ട്ടികളെയാണ്. തെരഞ്ഞെടുപ്പുകളില്‍ ഡിഎംകെയുടെ പണം കൈപ്പറ്റിയ സിപിഎമ്മും സിപിഐയും അതേപ്പറ്റി മൗനത്തിലാണ്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാനൂറ് സീറ്റിന് മുകളിലേക്ക് ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ബിജെപിയെ തടയാന്‍ ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും പ്രയോഗിക്കുകയാണ് പ്രതിപക്ഷം. എന്നാല്‍ പ്രധാനമന്ത്രിയെ ലക്ഷ്യമിട്ട് പ്രതിപക്ഷം കൊണ്ടുവരുന്ന വിവാദങ്ങളെല്ലാം അവര്‍ക്ക് തന്നെ പ്രതികൂലമായി ബാധിക്കുന്ന പതിവിന് ഇലക്ട്രറല്‍ ബോണ്ട് വിഷയത്തിലും മാറ്റമില്ല. രണ്ടുകയ്യും നീട്ടി വ്യക്തികളില്‍ നിന്നും കമ്പനികളില്‍ നിന്നും കോടിക്കണക്കിന് രൂപ ബോണ്ടിനത്തില്‍ വാങ്ങിയ ശേഷം ഉത്തരവാദിത്വം ബിജെപിക്ക് മാത്രമാണെന്ന നിലപാട് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ പൊളിഞ്ഞുവീണുകഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മറ്റു വിഷയങ്ങളൊന്നും തന്നെ ഇല്ലാത്തതിനാല്‍ എന്തെങ്കിലും വിവാദങ്ങളുണ്ടാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക എന്നതു മാത്രമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ചെയ്യുന്നത്.
മൂന്നുമാസം നീണ്ടുനിന്ന രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ യാത്ര ആരാരും അറിയാതെ ശനിയാഴ്ച മുംബൈയില്‍ സമാപിച്ചിട്ടുണ്ട്. യാത്രയിലുടനീളം ജനങ്ങളെ ആകര്‍ഷിക്കാന്‍ സാധിക്കുന്ന എന്തെങ്കിലും മുന്നോട്ട് വെയ്ക്കുന്നതില്‍ രാഹുല്‍ഗാന്ധി ഇത്തവണയും പരാജയമായി മാറി. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കാര്യമായ എന്തെങ്കിലും വിഷയത്തില്‍ പ്രതിരോധത്തിലാക്കാനും കോണ്‍ഗ്രസിനും രാഹുല്‍ഗാന്ധിക്കും സാധിക്കുന്നില്ല. വിവിധ സംസ്ഥാനങ്ങളില്‍ പ്രാദേശിക വിഷയങ്ങള്‍ ഉന്നയിച്ച് ഏതുവിധേനയും കുറച്ചു സീറ്റുകള്‍ വിജയിക്കുകയെന്ന ലക്ഷ്യത്തിലാണ് ഇന്‍ഡി മുന്നണിയിലെ പാര്‍ട്ടികളുടെ പ്രവര്‍ത്തനം. സിഎഎ നിയമം നടപ്പാക്കിയതുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തി മുസ്ലിം ന്യൂനപക്ഷ വോട്ടുകള്‍ തട്ടിയെടുക്കുകയെന്നതു മാത്രമാണ് മിക്ക പ്രതിപക്ഷ പാര്‍ട്ടികളുടേയും ഏക അജണ്ട. എന്നാല്‍ 2019ലേതിന് സമാനമായി സിഎഎയ്ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനും മുസ്ലിം സംഘടനകളെ ഇളക്കി വിടുന്നതിലും പ്രതിപക്ഷം പരാജയപ്പെട്ടു. സിഎഎ മുസ്ലിം സമൂഹത്തിനെതിരല്ലെന്ന ബോധവല്‍ക്കരണവുമായി മുസ്ലിം മത നേതാക്കള്‍ തന്നെ രംഗത്തെത്തിയതാണ് പ്രതിപക്ഷത്തിന്റെ ഗൂഢലക്ഷ്യം തകര്‍ത്തത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പൊടുന്നനെ പൊട്ടിമുളച്ച ‘കര്‍ഷക സമരവും’ നനഞ്ഞ പടക്കമായി മാറി. പ്രധാന കര്‍ഷക സംഘടനകള്‍ സമരത്തിന് പിന്തുണ നല്‍കാതിരുന്നതും അക്രമലക്ഷ്യത്തോടെ ദല്‍ഹിയിലേക്ക് നീങ്ങിയ ട്രാക്ട്രര്‍ സംഘങ്ങളെ പഞ്ചാബില്‍ നിന്ന് ഹരിയാനയിലേക്ക് കടക്കുന്നതില്‍ നിന്ന് പോലീസ് തടഞ്ഞതുമാണ് സമരം പൊളിയാന്‍ കാരണമായത്.
മറുവശത്ത് ബിജെപിയാവട്ടെ വികസന അജണ്ട മാത്രം മുന്നോട്ട് വെച്ച് ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. അയോദ്ധ്യയിലെ രാമക്ഷേത്രവും പൗരത്വ നിയമ ഭേദഗതിയും അടക്കം ചര്‍ച്ചയാവുമ്പോഴും രാജ്യത്തെ 140 കോടി ജനങ്ങള്‍ക്കും തുല്യമായി വികസനം നടപ്പാക്കിയ പത്തുവര്‍ഷങ്ങളുടെ റിപ്പോര്‍ട്ട് കാര്‍ഡുമായാണ് പ്രധാനമന്ത്രി മോദി ഇത്തവണയും തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുന്നത്. പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ കോടിക്കണക്കിന് വീടുകള്‍ നല്കിയതും കിസാന്‍ സമ്മാന്‍ നിധിയിലൂടെ പതിനൊന്ന് കോടിയിലധികം കര്‍ഷകര്‍ക്ക് പണം നല്കിയതും സൗജന്യ ഗ്യാസ് കണക്ഷനുകളും സൗജന്യ ചികിത്സാ സഹായപദ്ധതികളും ഇന്‍ഷുറന്‍സുകളും നരേന്ദ്രമോദിയും ബിജെപിയും പ്രചാരണവേളയില്‍ എടുത്തുകാട്ടുന്നു. ഗുണാത്മക രാഷ്ട്രീയവുമായി മോദി മുന്നില്‍ നിന്ന് നയിക്കുന്ന ബിജെപിയും നിഷേധാത്മക നിലപാടുകള്‍ മാത്രം കൈമുതലുള്ള രാഹുല്‍ഗാന്ധിയുടെ പ്രതിപക്ഷവും ഏറ്റുമുട്ടുമ്പോള്‍ വിജയം ആര്‍ക്കെന്ന് രാജ്യത്തെ ജനങ്ങള്‍ക്കുറപ്പുണ്ട്. പത്തുവര്‍ഷത്തെ പ്രവര്‍ത്തന മികവും അടുത്ത 25വര്‍ഷത്തെ പദ്ധതികളുമായാണ് ബിജെപി മൂന്നാമൂഴം തേടിയിറങ്ങുന്നത്. സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികമായ 2047ല്‍ ഭാരതത്തെ വികസിത രാജ്യമാക്കിത്തീര്‍ക്കുകയെന്ന ഏക ലക്ഷ്യത്തോടെ മുന്നേറുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ശക്തി പകരുക എന്നതു മാത്രമാണ് ബിജെപിയുടെ ലക്ഷ്യം..
പ്രതികരിക്കാൻ ഇവിടെ എഴുതുക: