ന്യൂദല്‍ഹി: ഇലക്ടറല്‍ ബോണ്ട് സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും മാര്‍ച്ച് 21 ന് മുന്‍പ് സമര്‍പ്പിക്കാന്‍ എസ് ബിഐയോട് നിര്‍ദേശിച്ച് സുപ്രീംകോടതി. 2019 മുതല്‍ 2024 വരെ വാങ്ങപ്പെട്ട 22217 ഇലക്ടറല്‍ ബോണ്ടുകളുടെ രഹസ്യ നമ്പര്‍, വാങ്ങിയ തീയതി, തുക, സംഭാവന ചെയ്ത വ്യക്തിയുടെ പേര്, സംഭാവന നല്കിയ രാഷ്ട്രീയപാര്‍ട്ടികളുടെ പേര് എന്നിവ കൂടി വെളിപ്പെടുത്തണമെന്നും സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് എസ് ബിഐയോട് ആവശ്യപ്പെട്ടു. ലഭ്യമായ എല്ലാ വിവരങ്ങളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് എസ് ബിഐയുടെ ചെയര്മാന് ദിനേഷ്കുമാര്‍ ഖാര സുപ്രീംകോടതിയില്‍ മാര്‍ച്ച് 21 വ്യാഴാഴ്ച അഞ്ച് മണിക്ക് മുന്‍പ് സത്യവാങ്മൂലം നല്‍കണമെന്നും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് നിര്‍ദേശിച്ചു..
ഇലക്ടറല്‍ ബോണ്ടുകളുടെ പേരില്‍ കള്ളപ്പണം ഉണ്ടാകരുതെന്ന് ഉറപ്പുവരുത്താനാണിതെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ഇലക്ടറല്‍ ബോണ്ടിന്റെ നമ്പറുകള്‍ (ആല്‍ഫാ ന്യൂമറിക് നമ്പര്‍) പുറത്തുവിടരുതെന്ന് സീനിയര്‍ അഭിഭാഷകനായ മുകുള്‍ രോഹ്തഗി സുപ്രീംകോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഫിക്കി, അസോചെം എന്നീ വ്യവസായികളുടെ സംഘടനകളെ പ്രതിനിധീകരിച്ചാണ് മുകുള്‍ രോഹ്തഗി ഹാജരായത്.
ഇലക്ടറല്‍ ബോണ്ടുകളിലെ ഈ ആല്‍ഫാ ന്യൂമറിക് നമ്പറുകള്‍ പുറത്തായാല്‍ ഏത് വ്യവസായി ഏത് രാഷ്ട്രീയപാര്‍ട്ടിക്കാണ് ഇലക്ടറല്‍ ബോണ്ട് വാങ്ങിയത് എന്ന കാര്യം പുറത്താവും. ഇലക്ടറല്‍ ബോണ്ട് വാങ്ങുന്ന വേളയില്‍ ബോണ്ട് വാങ്ങുന്ന വ്യവസായികളുടെ പേരുകള്‍ രഹസ്യമാക്കി വെയ്ക്കണമെന്ന് വ്യവസ്ഥയുണ്ടായിരുന്നുവെന്നും മുകുള്‍ രോഹ്തഗി പറഞ്ഞു. എന്നാല്‍ 2019 ഏപ്രില്‍ 12ന് ഈ വ്യവസ്ഥ മാറ്റിയതെന്നും മുഴുവന്‍ വിവരങ്ങളും റെക്കോഡ് ചെയ്യണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നെന്നും അതിനാലാണ് 2019 ഏപ്രിലിന് മുന്‍പുള്ള ബോണ്ടുകളുടെ വിശദാംശങ്ങള്‍ കോടതി ആവശ്യപ്പെടാത്തതെന്നും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ഇലക്ടറല്‍ ബോണ്ടുകളുടെ വിവരങ്ങള്‍ പുറത്തായതിനെ തുടര്‍ന്ന് സമൂഹമാധ്യമങ്ങള്‍ അര്‍ധസത്യങ്ങളും നുണകളും പ്രചരിക്കുന്നുണ്ടെന്നും ഇത് തടയണമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. എന്നാല്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ താങ്ങാന്‍ കരുത്തുള്ള ചുമല് സുപ്രീംകോടതിയ്ക്കുണ്ടെന്നായിരുന്നു ചന്ദ്രചൂഡിന്റെ മറുപടി. ഇലക്ടറല്‍ ബോണ്ടുകളുടെ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തുവിട്ടതിനെ തുടര്‍ന്ന് പാകിസ്ഥാനില്‍ നിന്നും ഹബ് പവര്‍ എന്ന കമ്പനി പുല്‍വാമ ആക്രമണത്തിന് പ്രത്യുപകാരമായി 95 ലക്ഷം രൂപയുടെ ഇലക്ടറല്‍ ബോണ്ടുകള്‍ ബിജെപി സര്‍ക്കാരിന് വേണ്ടി വാങ്ങിയതായി വ്യാജവാര്‍ത്ത പരന്നിരുന്നു. മോദി വിരുദ്ധ ജേണലിസ്റ്റുകളും ഓണ്‍ലൈന്‍ മാധ്യമങ്ങളും ആണ് ഇത് പ്രചരിപ്പിച്ചത്. ഇക്കാര്യം മനസ്സില്‍ വെച്ചുകൊണ്ടായിരുന്നു സോളിസിറ്റര്‍ ജനറല്‍ ആശങ്ക ഉയര്‍ത്തിയത്. എന്നാല്‍ ഇതിനെ സുപ്രീംകോടതി തള്ളിക്കളയുകയായിരുന്നു.
എന്നാല്‍ 2018 മാര്‍ച്ച് ഒന്ന് മുതല്‍ 2019 ഏപ്രില്‍ 11 വരെയുള്ള ഇലക്ടറല്‍ ബോണ്ടുകളുടെ വിശദാംശങ്ങളും പുറത്തുവിടാന്‍ എസ് ബിഐയോട് നിര്‍ദേശിക്കണമെന്ന് സീനിയര്‍ അഭിഭാഷകനായ പ്രശാന്ത് ഭൂഷണും സിറ്റിസണ്‍സ് റൈറ്റ്സ് ട്രസ്റ്റും അഭ്യര്‍ത്ഥിച്ചെങ്കിലും അത് സുപ്രീംകോടതി മുഖവിലക്കെടുത്തില്ല. 2019 ഏപ്രില്‍ 12 മുതലുള്ള ഇലക്ടറല്‍ ബോണ്ടുകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി വ്യവസ്ഥ ഭേദഗതി ചെയ്തതിനാല്‍ അതു മുതലുള്ള ബോണ്ടുകളുടെ വിശദാംശങ്ങളെ ഇപ്പോള്‍ ആവശ്യപ്പെടുകയുള്ളൂ എന്ന് ചന്ദ്രചൂഡ് പറഞ്ഞു. ഇത് ഈ ഭരണഘടനാ കോടതിയുടെ ബോധപൂര്‍വ്വമായ തീരുമാനമാണെന്നും ചന്ദ്രചൂഡ് കൂട്ടിച്ചേര്‍ത്തു.
2018 മാര്‍ച്ച് ഒന്ന് മുതല്‍ 2019 ഏപ്രില്‍ 11 വരെയുള്ള കാലഘട്ടത്തില്‍ 9159 ബോണ്ടുകള്‍ വാങ്ങിയിട്ടുണ്ടെന്നും ഇത് 4000 കോടി രൂപയോളും വരുമെന്നും ഈ ബോണ്ടുകളുടെ രഹസ്യ നമ്പര്‍, വാങ്ങിയ തീയതി, തുക, സംഭാവന ചെയ്ത വ്യക്തിയുടെ പേര്, സംഭാവന നല്കിയ രാഷ്ട്രീയപാര്‍ട്ടികളുടെ പേര് എന്നിവ കൂടി വെളിപ്പെടുത്തണെന്നായിരുന്നു പ്രശാന്ത് ഭൂഷന്റെയും സിറ്റിസണ്‍സ് റൈറ്റ്സ് ട്രസ്റ്റും ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: