ബിഗ് ബോസ് മലയാളം സീസൺ ആറ് ഒരാഴ്ച പിന്നിടുമ്പോൾ ആദ്യത്തെ എവിക്ഷൻ നടന്നു. ഒന്നാം ദിവസം മുതൽ ഏഴാം ദിവസം വരെയും അകത്തും പുറത്തും നിറഞ്ഞ് നിന്നിരുന്ന മത്സരാർത്ഥിയായ തൃശൂർ സ്വദേശി രതീഷ് കുമാറാണ് പ്രേക്ഷക തീരുമാനപ്രകാരം മത്സരത്തിൽ നിന്നും പുറത്തായിരിക്കുന്നത്. രതീഷാണ് പുറത്താകാൻ പോകുന്നതെന്ന സൂചനകൾ കഴിഞ്ഞ ദിവസം മുതൽ സോഷ്യൽമീഡിയയിൽ നിറഞ്ഞിരുന്നുവെങ്കിലും അങ്ങനെ ബിഗ് ബോസ് പുറത്താക്കില്ലെന്നും എവിക്ട് ചെയ്ത് സീക്രട്ട് റൂമിൽ പാർപ്പിക്കുമായിരിക്കുമെന്നുമെല്ലാമാണ് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നത്.
പക്ഷെ നേരെ തിരിച്ചാണ് സംഭവിച്ചത്. ഷോയിൽ നിന്നും രതീഷ് കുമാർ ഒഫീഷ്യലി പുറത്തായി കഴിഞ്ഞു. എട്ട് പേരായിരുന്നു ആദ്യ നോമിനേഷൻ പട്ടികയിൽ ഉണ്ടായിരുന്നത്. ഒരു ഗെയിമിലൂടെയാണ് പുറത്താകാൻ പോകുന്ന മത്സരാർത്ഥിയുടെ പേര് ബിഗ് ബോസ് പ്രഖ്യാപിച്ചത്.
നോമിനേഷൻ പട്ടികയിലുള്ള എല്ലാവരെയും ഗാർഡൺ ഏരിയയിൽ നിർത്തിയശേഷം ഓരോ ആളുടെയും ശബ്‍ദം കേള്‍പ്പിക്കുമ്പോള്‍ താൻ നിന്ന ഇടത്ത് നിന്ന് മുന്നില്‍ അടയാളപ്പെടുത്തിയ മാര്‍ക്കിലേക്ക് വന്ന് നില്‍ക്കാനും ചുവന്ന മാര്‍ക്കില്‍ ആദ്യം ആര് എത്തുന്നുവോ അയാൾ പുറത്താകുമെന്നും ബിഗ് ബോസ് അറിയിച്ചു. അത് പ്രകാരം ഗെയിം തുടങ്ങി. തുടക്കത്തിൽ പിന്നിലായിരുന്നുവെങ്കിൽ പിന്നീട് രതീഷാണ് വേഗത്തിൽ ചുവന്ന നിറത്തിലുള്ള മാർക്കിൽ എത്തിയത്. അതോടെ രതീഷ് മത്സരത്തിൽ നിന്നും പുറത്തായതായി ബിഗ് ബോസ് പ്രഖ്യാപിക്കുകയായിരുന്നു. അറിയിപ്പ് വന്നതോടെ സഹമത്സരാർത്ഥികളോടെല്ലാം രതീഷ് യാത്ര പറഞ്ഞു. രതീഷ് ഹൗസിൽ എത്തിയശേഷം ആദ്യം ഏറ്റുമുട്ടിയത് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമോണിയുമായിട്ടായിരുന്നു.
ആ വഴക്ക് തന്നെയാണ് രതീഷിന് പ്രേക്ഷകർക്കിടയിൽ വലിയ നെഗറ്റീവ് ഇമേജ് ഉണ്ടാക്കിയതും. എവിക്ടായെന്ന് അറിയിപ്പ് വന്നപ്പോൾ രതീഷ് ആദ്യം പോയത് ജാൻമോണിയുടെ അടുത്തേക്കാണ്. കെട്ടി പിടിച്ച് സോറിയൊക്കെ പറയുന്നുണ്ടായിരുന്നു. രതീഷ് പുറത്തായെന്ന് അറിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ ഇമോഷണലായത് ജിന്റോയും അൻസിബയുമായിരുന്നു. രതീഷിന് ഒരു അവസരം കൂടി നൽകുമോയെന്ന് ജിന്റോ ബിഗ് ബോസിനോട് ചോദിക്കുന്നുണ്ടായിരുന്നു.
അസൽ ഒരു നാടൻ പാട്ട് കൂടി പാടിയശേഷമാണ് രതീഷ് വീടിനോടും സഹമത്സരാർത്ഥികളോടും യാത്ര പറഞ്ഞ് ഇറങ്ങിയത്. അതിന് മുമ്പായി ഗാർഡൻ ഏരിയയിൽ സ്രാഷ്ടാംഗം പ്രണമിച്ച് ബിഗ് ബോസിനും രതീഷ് നന്ദി പറഞ്ഞു. തിരികെ അവതാകൻ മോഹൻലാലിന്റെ അടുത്ത് എത്തിയപ്പോൾ ഒട്ടും വിചാരിച്ചിരുന്നില്ല എവിക്ടാകുമെന്നാണ് രതീഷ് പറഞ്ഞത്.
ഇതിൽ നിന്നും മനസിലാക്കേണ്ടത് നാവ് നമ്മൾ ശ്രദ്ധിക്കണം എന്നാണ്. ഒരോന്ന് പറയുമ്പോഴും ശ്രദ്ധിക്കണം. അതുപോലെ ഒരാഴ്ചകൊണ്ട് ഒരുപാട് കാര്യങ്ങൾ ഞാൻ പഠിച്ചു. ഇനി ഒരു ചാൻസ് കിട്ടിയാൽ ഞാൻ പൊളിക്കും. എനിക്ക് ചില തെറ്റുകൾ പറ്റി. നമ്മൾ വിചാരിക്കുന്നതുപോലെയല്ല ബിഗ് ബോസ് എന്നാണ് രതീഷ് മോഹൻലാലിനോട് പറഞ്ഞത്. നിങ്ങൾക്ക് കിട്ടിയതുപോലൊരു എക്സ്പോഷർ മറ്റാർക്കും കിട്ടിയിട്ടില്ല.
അപ്പോൾ നന്നായി കളിക്കേണ്ടതായിരുന്നില്ലേ എന്നാണ് മോഹൻലാൽ രതീഷിനോട് ചോദിച്ചത്. ശേഷം സഹമത്സരാർത്ഥികളോടും രതീഷ് മോഹൻലാലിനൊപ്പം നിന്ന് യാത്ര പറഞ്ഞു. ഇനി ആരും തന്റെ കളി കളിക്കരുതെന്നും തനിക്ക് തെറ്റുപറ്റിയെന്നുമാണ് രതീഷ് പറഞ്ഞത്.
എല്ലാവർക്കും നന്ദി പറഞ്ഞും ജിന്റോയെ ആശ്വസിപ്പിച്ചും ആശംസകൾ നേർന്നുമാണ് രതീഷ് സഹമത്സരാർത്ഥികളോട് യാത്ര പറഞ്ഞത്. ഇറിറ്റേറ്റിങ് സ്ട്രാറ്റജിയായിരുന്നു തുടക്കം മുതൽ രതീഷ് സ്വീകരിച്ചിരുന്നത് അതാണ് പ്രേക്ഷകർക്കിടയിൽ രതീഷിന് നെഗറ്റീവായതും. മിമിക്രിയും പാട്ടുകളും ഡാൻസുമൊക്കെയായി ഷോയില്‍ രതീഷ് 100 ദിവസം നിറഞ്ഞ് നിൽക്കുെമെന്ന് കരുതിയവർക്ക് ഈ പുറത്താകൽ നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: