ഭോപ്പാൽ: മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിലെ കുനോ നാഷണൽ പാർക്കിൽ ആഫ്രിക്കൻ ചീറ്റ ‘ഗാമിനി’ ആറ് കുഞ്ഞുങ്ങൾക്കാണ് ജന്മം നൽകിയതെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്. മുമ്പ് റിപ്പോർട്ട് ചെയ്തതുപോലെ അഞ്ചല്ലെന്നും ആറാണെന്നും അദ്ദേഹം വ്യക്തമാക്കി.
മാർച്ച് 10 നാണ് കുനോ നാഷണൽ പാർക്കിൽ അഞ്ച് വയസ്സുള്ള ദക്ഷിണാഫ്രിക്കൻ ചീറ്റ അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ വിവരം യാദവ് പങ്കുവച്ചത്. എന്നാൽ ഇന്ന് രാവിലെ “ഗാമിനിയുടെ പാരമ്പര്യം മുന്നോട്ട് കുതിക്കുന്നു! സന്തോഷത്തിന് അവസാനമില്ല: ഇത് അഞ്ചല്ല, ആറ് കുഞ്ഞുങ്ങളാണ്! ഗാമിനിക്ക് അഞ്ച് കുഞ്ഞുങ്ങൾ ജനിച്ചുവെന്ന വാർത്തയ്‌ക്ക് ഒരാഴ്ചയ്‌ക്ക് ശേഷം, ദക്ഷിണാഫ്രിക്കൻ ചീറ്റപ്പുലി ഗാമിനി ആറ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയെന്ന് ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട്, ഇത് ആദ്യമായി അമ്മയായതിന്റെ റെക്കോർഡാണ് ” – അദ്ദേഹം തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലെ ഒരു പോസ്റ്റിൽ കുറിച്ചു. ഇതോടൊപ്പം ചീറ്റപ്പുലി ഗാമിനിയുടെ ആറ് കുഞ്ഞുങ്ങളുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു.
ഇതോടെ കെഎൻപിയിലെ ചീറ്റകളുടെ എണ്ണം 14 കുഞ്ഞുങ്ങളടക്കം 27 ആയി. കഴിഞ്ഞ വർഷം മാർച്ചിൽ ചീറ്റപ്പുലിയായ ജ്വാല (നമീബിയൻ പേര് സിയായ) നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയെങ്കിലും ഒരെണ്ണം മാത്രമേ അതിജീവിക്കാൻ കഴിഞ്ഞുള്ളൂ. ഈ വർഷം ജനുവരിയിൽ ജ്വാല തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകി, തുടർന്ന് ചീറ്റ ആശ മൂന്ന് കുഞ്ഞുങ്ങളെ പ്രസവിച്ചു.
ചീറ്റകളെ പുനരവതരിപ്പിക്കുന്ന പദ്ധതിക്ക് കീഴിൽ, അഞ്ച് പെൺപുലികളും മൂന്ന് ആൺപുലികളും അടങ്ങുന്ന എട്ട് നമീബിയൻ ചീറ്റകളെ 2022 സെപ്റ്റംബർ 17 ന് കെഎൻപിയിലെ വനത്തിലേക്ക് വിട്ടയച്ചു. കൂടാതെ 2023 ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകളെ കൂടി പാർക്കിലെത്തിച്ചു.
ദക്ഷിണാഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന സംഘത്തിലെ അംഗമാണ് ഗാമിനി. കഴിഞ്ഞ വർഷം മാർച്ച് മുതൽ ജ്വാലയിൽ ജനിച്ച മൂന്ന് കുഞ്ഞുങ്ങൾ ഉൾപ്പെടെ 10 ചീറ്റകളാണ് ചത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: