നല്ല നടനുള്ള ദേശീയ പുരസ്കാരം നേടിയിട്ടുണ്ട് സുരേഷ് ഗോപി. പക്ഷേ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുള്ളവരുമായി തട്ടിച്ച് നോക്കുമ്പോള്‍ അദ്ദേഹം അഭിനയത്തില്‍ അത്ര പോര എന്ന് പറയേണ്ടിവരും. കോണ്‍ഗ്രസ് നേതാവായ ഒരു സുഹൃത്തിന്റെ കമന്റാണിത്.
സുരേഷ് ഗോപിയെ വ്യത്യസ്തനാക്കുന്നതും ഇതാണ്. ജീവിതത്തില്‍, രാഷ്ട്രീയത്തിലും അദ്ദേഹത്തിന് അഭിനയമില്ല. സിനിമയില്‍ ആവശ്യത്തിലേറെ അഭിനയിക്കുന്നതുകൊണ്ടാകാം ജീവിതത്തില്‍ അത് വേണ്ടെന്ന നിലപാടാണ് സുരേഷ് ഗോപിക്ക്.
വാക്കും പ്രവൃത്തിയും തമ്മില്‍ ബന്ധമില്ലാത്ത രാഷ്ട്രീയ തന്ത്രങ്ങള്‍ അദ്ദേഹത്തിന് വശമില്ല. വാക്കു പറഞ്ഞാല്‍ പാലിക്കണമെന്ന് നിര്‍ബന്ധമുണ്ട്. പൊതുപ്രവര്‍ത്തന രംഗത്ത് അപൂര്‍വമായി മാത്രം കാണുന്ന സ്വഭാവം.
കഴിഞ്ഞ കേരളപ്പിറവി ദിനത്തില്‍ പത്ത് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ലിംഗമാറ്റ ശസ്ത്രക്രിയക്ക് സഹായം നല്‍കാമെന്ന് അദ്ദേഹം വാക്കുകൊടുത്തിരുന്നു. ഒരാള്‍ക്ക് 1.2 ലക്ഷം ചെലവ് വരും. ഇക്കഴിഞ്ഞ ദിവസം 12 ലക്ഷം രൂപ അദ്ദേഹം കൈമാറി. ഇപ്പോ ശരിയാക്കിത്തരാം എന്ന് പറഞ്ഞൊഴിയുന്ന പതിവു നേതാക്കളുടെ ശൈലിയല്ല സുരേഷ് ഗോപിയുടേത്.
ഇരിങ്ങാലക്കുടയില്‍ ജപ്തി ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തയാളുടെ വീട്ടിലെത്തിയ സുരേഷ്ഗോപി ആ കടം താന്‍ ഏറ്റെടുക്കാമെന്ന് മരിച്ചയാളുടെ അമ്മയേയും സഹോദരിയേയും അറിയിച്ചു. തെരുവിലേക്ക് ഇറങ്ങേണ്ടി വരുമെന്ന നിസ്സഹായാവസ്ഥയില്‍ കഴിഞ്ഞിരുന്ന അവര്‍ക്ക് അതൊരു വരദാനമായിരുന്നു. മൂന്ന് ദിവസത്തിനുള്ളില്‍ മൂന്നരലക്ഷം രൂപയോളം ബാങ്കിലടച്ച് ആ വീടിന്റെ കടം സുരേഷ് ഗോപി തീര്‍ത്തു.
സംസ്ഥാനത്തുടനീളം ഇതുപോലെ നൂറ് കണക്കിന് ഉദാഹരണങ്ങളുണ്ട്. ഓരോ സിനിമയില്‍ നിന്നും ലഭിക്കുന്ന പ്രതിഫലത്തില്‍ നിന്ന് രണ്ട് ലക്ഷം രൂപ വീതം അവശരായ മിമിക്രി കലാകാരന്മാര്ക്ക് നല്കുന്നു.
കണ്ണൂരില്‍ കെ.ടി ജയകൃഷ്ണന് മാസ്റ്റര്‍ കൊല്ലപ്പെട്ട സമയം. എങ്ങും സംഘര്‍ഷ സാധ്യത. കാറ്റിന് പോലും ചോരയുടെ മണം. അന്ന് ഒരു രാഷ്ട്രീയത്തിലുമില്ലാത്ത സുരേഷ് ഗോപി
മുന്‍കൈയെടുത്ത് കണ്ണൂരില്‍ സമാധാനത്തിന് വേണ്ടി താരസംഗമം സംഘടിപ്പിച്ചു. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെ മലയാളത്തിലെ താരനിര മുഴുവനെത്തി ആ പരിപാടിക്ക്.
2006ല്‍ വി.എസ്. അച്യുതാനന്ദന് മലമ്പുഴയില്‍ മത്സരിക്കുമ്പോള്‍ സുരേഷ്ഗോപി അദ്ദേഹത്തിന് വേണ്ടി പ്രചാരണത്തിനെത്തി. പാര്‍ട്ടിയില്‍ ഒരു വിഭാഗം വിഎസിന്റെ തോല്‍വിക്ക് ദാഹിച്ചിരുന്ന സമയമായിരുന്നു അത്. വിഎസ്. തോല്ക്കാന് പാടില്ലെന്ന ആഗ്രഹം കൊണ്ടാണ് പ്രചരണത്തിന് പോയതെന്നായിരുന്നു ഇതേക്കുറിച്ച് സുരേഷ് ഗോപിയുടെ മറുപടി. കെ. കരുണാകരന് എന്ന ലീഡര്‍ കോണ്‍ഗ്രസില്‍ വേട്ടയാടപ്പെട്ടപ്പോഴും സുരേഷ് ഗോപി അദ്ദേഹത്തിനൊപ്പം നിന്നിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനെത്തിയിട്ടുണ്ട്.
2004 ല്‍ കൊട്ടിയൂരിലെ ഒരു സ്കൂളില്‍ നിന്ന് എച്ച്ഐവി പോസിറ്റീവ് ആയ രണ്ട് പിഞ്ചുകുട്ടികള്‍ പുറത്താക്കപ്പെടുന്നു. മറ്റ് കുട്ടികളുടെ രക്ഷിതാക്കളും സ്കൂള്‍ അധികൃതരും നാട്ടുകാരും ചേര്‍ന്ന് കുഞ്ഞുങ്ങളെ സ്കൂളിന് വെളിയിലാക്കി. എന്തിനാണ് പുറത്താക്കിയത് എന്ന് പോലും അറിയാതെ നിന്ന ആ കുഞ്ഞുങ്ങള്‍ക്കരികിലേക്ക് സുരേഷ്ഗോപി ഓടിയെത്തി. അവരെ മാറോട് ചേര്‍ത്തു. കവിളില്‍ മുത്തം നല്കി. കൂടിനിന്ന ജനങ്ങളെ ബോധവത്കരിച്ചു. തെറ്റ് മനസിലാക്കിയവര്‍ ആ കുഞ്ഞുങ്ങളെ പഠനം തുടരാനനുവദിച്ചു.
2019ലാണ് സുരേഷ് ഗോപി തൃശ്ശൂരില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിക്കുന്നത്. വൈകി വന്ന സ്ഥാനാര്‍ത്ഥിയായിരുന്നു അദ്ദേഹം. സുരേഷ് ഗോപി രംഗത്തിറങ്ങും മുമ്പേ എതിരാളികള്‍ ഒരു റൗണ്ട് പിന്നിട്ടിരുന്നു. എന്നിട്ടും അവര്‍ ഭയന്നു. അത്ര വലിയ മുന്നേറ്റമാണ് അന്ന് സൃഷ്ടിക്കാനായത്. ജയിക്കാനായില്ലെങ്കിലും വിജയത്തിനടുത്തെത്തി. പരാജയപ്പെട്ടിട്ടും തൃശ്ശൂരിനെ ഉപേക്ഷിച്ചില്ല. വികസനത്തിന് പല പദ്ധതികള്‍ കൊണ്ടുവന്നു. സുരേഷ് ഗോപി വികസനത്തിന് പണം തന്നു, സിറ്റിങ് എംപി വാഗ്ദാനം മാത്രം എന്ന്, ഇടതുപക്ഷക്കാരനായ തൃശ്ശൂര്‍ മേയര്‍ തന്നെ പറയുന്നു. അതെ ഇതൊരപൂര്‍വ്വ ജനുസാണ്, ലക്ഷത്തിലൊരുവന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: