ആലപ്പുഴ: സുപ്രീം കോടതി ജഡ്ജ് ചമഞ്ഞ് തട്ടിപ്പ് നടത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. കണ്ണൂര്‍, ചിറക്കല്‍ പഞ്ചായത്ത് നാലാം വാര്‍ഡില്‍ പുതിയതെരു മുറിയില്‍ കവിതാലയം വീട്ടില്‍ ജിഗീഷി(ജിത്തു-39)നെയാണ് പുളിങ്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ജപ്തി നോട്ടീസിലെ വായ്പ കുടശിക കുറച്ചു നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കാനായിരുന്നു ശ്രമം.
മകളുടെ പേരിലുള്ള വസ്തുവിന്റെ ജപ്തി ഒഴിവാക്കുന്നതിനായി ലോണ്‍ തുകയുടെ 30 ശതമാനമായ 45,000 രൂപ നല്‍കണമെന്നും താന്‍ സുപ്രീം കോടതി ജഡ്ജിയാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന് കാണിച്ച് വെളിയനാട് സ്വദേശിനി നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതി പിടിയിലായത്. പുളിങ്കുന്ന് പോലീസ് ഇന്‍സ്പെക്ടര്‍ യേശുദാസ് എ. എല്‍, സബ്ബ് ഇന്‍സ്പെക്ടര്‍ തോമസ് എം ജെ, അസി. സബ്ബ് ഇന്‍സ്പെക്ടര്‍ വിജിമോന് ജോസഫ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രതീഷ് കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റായി ജോലി നോക്കി വരുന്ന പ്രതി രാമങ്കരി, എടത്വ, കോടനാട്, കണ്ണപുരം, പുതുക്കാട്, മാള, കൊരട്ടി, മട്ടന്നൂര്‍ തുടങ്ങിയ പോലീസ് സ്റ്റേഷനുകളില്‍ സമാനമായ തട്ടിപ്പ് കേസുകളില്‍ പ്രതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: