കൊല്‍ക്കത്ത: ബംഗാളിലെ നേര്‍ത്ത് 24 പര്‍ഗാന ജില്ലയിലെ സന്ദേശ്ഖാലിയില്‍ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ മൂന്നുപേരെകൂടി സിബിഐ അറസ്റ്റ് ചെയ്തു.
റേഷന്‍ വിതരണകുംഭകോണവുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന് ഷെയ്ഖിന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ഇയാളുടെ അനുയായികള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ഇതോടെ ആറായി. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഷാജഹാന് ഷെയ്ഖിന്റെ സഹോദരനും ഉള്‍പ്പെടുന്നു.
മഫൂജാര്‍ മൊല്ല, സിറാജുല്‍ മൊല്ല, ഷെയ്ഖ് അലോംജിര് എന്നിവരാണ് അറസ്റ്റിലായത്. ഷാജഹാന് ഷെയ്ഖിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സന്ദേശ്ഖാലിയില്‍ ഗോത്രവര്‍ഗ സ്ത്രീകളെ കൂട്ടമാനഭംഗത്തിന് ഇരയാക്കുകയും ഇവരുടെ ഭൂമി തട്ടിയെടുക്കുകയും ചെയ്തത് ഷാജഹന് ഷെയ്ഖിന്റെ നേതൃത്വത്തിലായിരുന്നു. നാല്‍പ്പതോളം ക്രിമിനല്‍ കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. എന്നാല്‍ ഒന്നില്‍ പോലും ഇയാളെ അറസ്റ്റ് ചെയ്യുവാന്‍ മമതാ ബാനര്‍ജി സര്‍ക്കാര്‍ തയാറായിരുന്നില്ല. ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്നാണ് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ബംഗാള്‍ പോലീസ് ഷാജഹാന് ഷെയ്ഖിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് സിബിഐക്ക് കൈമാറുകയും ചെയ്തത്. ഇതിനെതിരെ മമത സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും പെട്ടെന്ന് വാദം കേള്‍ക്കാന്‍ കോടതി തയാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: