ദേവസംഗമത്തില്‍ പങ്കെടുക്കുന്ന ദേവീദേവന്മാരുടെ ക്ഷേത്രങ്ങളില്‍ ആറാട്ടും പറയെടുപ്പും പൂരവും നടക്കും. മീനത്തിലെ അശ്വതിമുതല്‍ അത്തംവരെയുള്ള പൂരനാളുകളില്‍ ആദ്യ ആറാട്ട് കൊടകര പൂനിലാര്‍ക്കാവ് ഭഗവതിയുടേതാണ്. പൂരം പുറപ്പാടായ കാര്‍ത്തികയുടെ തലേദിവസം രാവിലെ ഭഗവതിക്ക് വൈദ്യമഠം നമ്പൂതിരി തയ്യാറാക്കിയ ഔഷധം നിവേദിക്കും. കാര്‍ത്തികനാളില്‍ രാവിലെ കൊടിയേറ്റം. തുടര്‍ന്ന് ക്ഷേത്രക്കടവില്‍ ആറാട്ട് നടക്കും. ആറാട്ടുകഴിഞ്ഞുവന്നാല്‍ നവകം,പഞ്ചഗവ്യം, ശ്രീഭൂതബലി എന്നിവയുണ്ടാകും. ഏതാനുംവര്‍ഷം മുമ്പുവരെ പൂരക്കാലത്ത് ആറാട്ടും ക്ഷേത്രച്ചടങ്ങുകളും കഴിഞ്ഞാല്‍ ഭഗവതി ആനപ്പുറമേറി ദേശങ്ങളില്‍ പറയെടുപ്പിനുപോകുമായിരുന്നു. എന്നാല്‍ കുറച്ചുവര്‍ഷങ്ങളായി പെരുവനം, ആറാട്ടുപുഴ പൂരങ്ങള്‍ക്കുപോകുമ്പോഴും പൂരപ്പിറ്റേന്ന് നടക്കുന്ന ഉത്രം വിളക്കിനും മാത്രമാണ് പൂരവുമായി ബന്ധപ്പെട്ട് ഭഗവതക്ക് ആനപ്പുറമേറിയുള്ള എഴുന്നള്ളിപ്പുള്ളത്. മീനത്തിലെ പൂയം നാളില്‍ പെരുവനം പൂരത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ മേല്‍ശാന്തി ഇല്ലമായ പുതുക്കാട് തൊറവ് നടുവത്ത് മനയ്‌ക്കല്‍ ഉച്ചക്കും തന്ത്രി ഇല്ലമായ കടലാശ്ശേരി തെക്കേടത്തപെരുമ്പടപ്പ് മനയില്‍ വൈകീട്ടും ഇറക്കിപൂജയുണ്ട്. രാത്രി 9 മണിക്കുശേഷം പെരുവനം നടവഴിയിലെത്തുന്ന ഭഗവതി രാത്രിയില്‍ പെരുവനം മതില്‍ക്കകത്ത് നടക്കുന്ന കൂട്ടിയെഴുന്നള്ളിപ്പിലും പങ്കെടുത്ത് പിറ്റേന്ന് പുലര്‍ച്ചെ പൂനിലാര്‍ക്കാവിലേക്ക് തിരിക്കും.
പണ്ടൊക്കെ ദേവീസോദരിമാരായ ചാലക്കുടി പിഷാരിക്കല്‍ ഭഗവതി, കടുപ്പശ്ശേരി ഭഗവതി എന്നിവര്‍ക്കൊപ്പമാണ് പൂനിലാര്‍ക്കാവ് ദേവി ആറാട്ടുപുഴയില ദേവസംഗമത്തിന് എഴുന്നള്ളാറുള്ളത്. എന്നാല്‍ ഏതാനും വര്‍ഷങ്ങളായി കടുപ്പശ്ശേരി ഭഗവതി കൊടകരയിലേക്ക് വരുന്നില്ല. രാവിലെ 11 മണിയോടെ ചാലക്കുടിയില്‍ നിന്നും പിഷാരിക്കല്‍ ഭഗവതി പൂനിലാര്‍ക്കാവിലെത്തി വിശ്രമിക്കും. വൈകീട്ട് 6 മണിയോടെ രണ്ടുഭഗവതിമാരും ഒന്നിച്ചാണ് ആറാട്ടുപുഴയിലേക്ക് പുറപ്പെടുക. ആറാട്ടുപുഴയില്‍ ഏകദേശം രാത്രി 10 മണിയോടെ ഭഗവതിമാര്‍ എത്തും. രാത്രി 1 മണിക്ക് ആറാട്ടുപുഴപാടത്ത് തെക്കുവടക്കായി പൂനിലാര്‍ക്കാവ്, കടുപ്പശ്ശേരി, പിഷാരിക്കല്‍ ഭഗവതിമാര്‍ക്ക് അഞ്ച് ആനയും പഞ്ചാരിമേളവുമായി എഴുന്നള്ളിപ്പുണ്ട്. പുലര്‍ച്ചെ മന്ദാരക്കടവില്‍ ആറാട്ടിനുശേഷം തിരിച്ചെഴുന്നള്ളുന്ന പൂനിലാര്‍ക്കാവിലമ്മ നേരെ പൂനിലാര്‍ക്കാവിന്റെ കീഴേടമായ കുന്നത്തൃക്കോവില്‍ ശിവക്ഷേത്രത്തിലാണ് എഴുന്നള്ളിച്ചുവയ്‌ക്കുക. അന്നേദിവസം വൈകീട്ട് കുന്നത്തൃക്കോവിലില്‍ കേളി, പറ്റ്, പറനിറപ്പ് എന്നിവക്കുശേഷം പാണികൊട്ടി പൂനിലാര്‍ക്കാവിലേക്ക് എഴുന്നള്ളും. പൂനിലാര്‍ക്കാവിലെത്തി ഉത്രംവിളക്കിനും കൊടിക്കല്‍ പറയ്‌ക്കും ശേഷം പൂരച്ചടങ്ങുകള്‍ സമാപിക്കും.
കല്ലേലി ക്ഷേത്രത്തില്‍ തിരുവാതിരയും ശാസ്താസംഗമവും
ആറാട്ടുപുഴ,പെരുവനം പൂരങ്ങളില്‍ പങ്കെടുക്കുന്ന പ്രധാനപ്പെട്ട ശാസ്താക്ഷേത്രമാണ ് മുപ്ലിയം പിടിക്കപ്പറമ്പ് കല്ലേലി ശാസ്താക്ഷേത്രം. മീനത്തിലെ മകയിരം നാളായ ഇന്നലെ വൈകീട്ട് പൂരംപുറപ്പാട് , പറനിറപ്പ്, നാളികേരം ഉടയ്‌ക്കല്‍, തേവരുടെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ്, അടിയള്ളൂര്‍ മനയില്‍ ഇറക്കിപൂജ എന്നിവയുണ്ടായി. കല്ലേലി പൂരവും 3 ശാസ്താക്കന്‍മാരുടെ സംഗമവും തിരുവാതിരവിളക്കും ഇന്നാണ് ആഘോഷിക്കുന്നത്. രാവിലെ നവകം, ശ്രീഭൂതബലി, തേവരുടെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ്, അടിയള്ളൂര്‍ മനയില്‍ ഇറക്കിപൂജ, വൈകീട്ട് കാഴ്ചശിവേലി, പഞ്ചാരിമേളം,വൈകീട്ട് ് മാട്ടില്‍ ശാസ്താവ് , കല്ലേലി ശാസ്താവ്, മേടംകുളങ്ങര ശാസ്താവ് എന്നിവരുടെ എഴുന്നള്ളിപ്പും ദേവസംഗമവും ഉണ്ടാകും. രാത്രി 12 ന് കല്ലേലി ശാസ്താവും മേടംകുളങ്ങര ശാസ്താവും ചേര്‍ന്ന വിളക്കെഴുന്നള്ളിപ്പും ഭക്തിസാന്ദ്രമാണ്. മീനംത്തിലെ പൂയം നാളിലെ പെരുവനം പൂരത്തിലും പൂരംനക്ഷത്രത്തിലെ ആറാട്ടുപുഴയിലെ ദേവസംഗമത്തിലും കല്ലേലി ശാസ്താവ് പങ്കെടുക്കും. പെരുവനത്ത് രാത്രി നടക്കുന്ന മതില്‍ക്കകത്തെ വിളക്കെഴുന്നള്ളിപ്പിലും പങ്കെടുത്താണ് കല്ലേലി ശാസ്താവ് മടങ്ങുക. ആറാട്ടുപുഴപൂരത്തിനുപോകുമ്പോള്‍ വൈദികന്‍ കപ്ലിങ്ങാട്ട് മന, അയിരില്‍ മന, ചെറുവത്തൂര്‍മന എന്നിവിടങ്ങളില്‍ ഇറക്കിപൂജയുണ്ട്. തിരുവുള്ളക്കാവ് ശാസ്താവാണ് സ്വയംഭൂവായി ഇവിടെ കുടികൊള്ളുന്നതാണ്. അടിയള്ളൂര്‍ മനക്കാര്‍ക്കാണ് ക്ഷേത്രത്തിന്റെ ഊരാഴ്മ. കുന്നത്തൂര്‍ പടിഞ്ഞാറേടത്ത് മനക്കാര്‍ക്കാണ് ഇവിടെ തന്ത്രം. ആറാട്ടുപുഴപൂരപ്പിറ്റേന്ന് രാത്രിയില്‍ നവകം,ശ്രീഭൂതബലി, തേവരുടെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ്, ഇറക്കിപൂജ എന്നിവക്കുശേഷംക്ഷേത്രത്തില്‍ കൊടിക്കല്‍പറയ്‌ക്കും കൊടികുത്തോടും കൂടി പൂരം സമാപിക്കും.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: