ഭോപ്പാൽ: വരാൻ പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹിന്ദി ഹൃദയഭൂമിയായ മധ്യപ്രദേശ് ഏറെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സംസ്ഥാനമാണ്. കഴിഞ്ഞ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിലെ ആറ് മേഖലകളിലും ആധിപത്യം പുലർത്തിയ ബിജെപി സംസ്ഥാനത്തെ 29 പാർലമെൻ്റ് സീറ്റുകളിൽ 28ലും വിജയിച്ചിരുന്നു. ഇത്തവണയും അതിന്റെ പ്രകടനം ആവർത്തിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
2019ലെ തിരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി കമൽനാഥിന്റെ തട്ടകമായ കോൺഗ്രസ് വിജയിച്ച ഏക സീറ്റായ ചിന്ദ്വാര പിടിച്ചെടുക്കാനും ബിജെപി ശ്രമം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. അതേ സമയം തെരഞ്ഞെടുപ്പിനായി ബിജെപി 29 സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 29 സീറ്റുകളിൽ അഞ്ചെണ്ണം പട്ടികവർഗത്തിനും നാലെണ്ണം പട്ടികജാതിക്കാർക്കും സംവരണം ചെയ്തിട്ടുണ്ട്. 2019ലെ തിരഞ്ഞെടുപ്പിൽ ഈ സീറ്റുകളെല്ലാം ബിജെപി നേടിയിരുന്നു. എന്നാൽ കോൺഗ്രസ് ഇതുവരെ 10 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പേരുകൾ മാത്രമാണ് പ്രഖ്യാപിച്ചത്.
വികസനവും തൊഴിലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമാണ് സംസ്ഥാനത്തെ ആറ് മേഖലകളിൽ ബിജെപിയുടെയും മറ്റ് പാർട്ടികളുടെയും പ്രധാന ശ്രദ്ധാകേന്ദ്രം. ഗ്വാളിയോർ-ചമ്പൽ, സെൻട്രൽ എംപി (ഭോപ്പാൽ), മാൾവ-നിമർ, മഹാകോശൽ, വിന്ധ്യ, ബുന്ദേൽഖണ്ഡ് എന്നീ ആറ് മേഖലകളാണ് സംസ്ഥാനത്തിന് പൊതുവെയുള്ളത്. മാൽവ-നിമർ മേഖലയിലാണ് ഏറ്റവും കൂടുതൽ എട്ട് ലോക്‌സഭാ സീറ്റുകളുള്ളത്.
സംസ്ഥാനത്തെ ആറ് മേഖലകളിലൂടെ ഒന്ന് കണ്ണോടിക്കാം
1. ഗ്വാളിയോർ-ചമ്പൽ:
ഒരുകാലത്ത് കൊള്ളക്കാരുടെ ഇടനിലമായിരുന്ന ഈ പ്രദേശം ഇപ്പോൾ വികസനത്തിലേക്കുള്ള കുതിപ്പ് അടയാളപ്പെടുത്തിയിരിക്കുകയാണ്. ഉത്തർപ്രദേശിലെ ആഗ്രയുമായി ബന്ധിപ്പിക്കുന്ന എക്‌സ്പ്രസ് വേ കഴിഞ്ഞ വർഷം ബിജെപി സർക്കാർ ഇവിടെ അനുവദിച്ചിരുന്നു. കൂടാതെ ഷിയോപൂർ ജില്ലയിലെ കുനോ നാഷണൽ പാർക്കിൽ ചീറ്റപ്പുലികളുടെ വരവ്.
ഈ പുലികളെ രാജ്യത്ത് എത്തിക്കുന്ന സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായി തൊഴിലവസരങ്ങൾ, പ്രത്യേകിച്ച് ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിൽ വൻ ഉയർച്ച കൈവരിച്ചിട്ടുണ്ട്. കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് മാറിയ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മത്സരിച്ച ഗുണ മേഖലയിലെ പ്രമുഖ ലോക്‌സഭാ മണ്ഡലങ്ങളിലൊന്നാണ് . മൊറേന, ഭിന്ദ് (എസ്‌സി), ഗ്വാളിയോർ എന്നിവയാണ് ഈ മേഖലയിലെ മറ്റ് സീറ്റുകൾ.
2. സെൻട്രൽ റീജിയൻ (ഭോപ്പാൽ):
ഈ പ്രദേശം സംസ്ഥാന തലസ്ഥാനമായ ഭോപ്പാലും അതിന്റെ ചുറ്റുപാടുമുള്ള നർമ്മദാപുരം ഉൾപ്പെടെയുള്ള പ്രദേശങ്ങളും ഉൾക്കൊള്ളുന്നു. തടാകങ്ങളുടെ നഗരം എന്നറിയപ്പെടുന്ന ഭോപ്പാൽ, സാഞ്ചി, ഭീംബെത്ക പാറ ഷെൽട്ടറുകൾ തുടങ്ങി ലോക പൈതൃക സ്ഥലങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു.
ഭോപ്പാൽ, വിദിഷ, രാജ്ഗഡ്, ബേതുൽ (എസ്ടി), നർമ്മദാപുരം എന്നീ അഞ്ച് ലോക്സഭാ സീറ്റുകൾ ഉൾക്കൊള്ളുന്നതാണ് ഈ പ്രദേശം. ഭോപ്പാലിൽ നിന്ന് സിറ്റിംഗ് എംപിയായ പ്രജ്ഞാ സിംഗ് ഠാക്കൂറിനെ ബിജെപി ഇത്തവണ ഒഴിവാക്കി മുൻ മേയർ അലോക് ശർമ്മയെ രംഗത്തിറക്കിയിട്ടുണ്ട്.
വിദിഷയിൽ ബിജെപി തങ്ങളുടെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാനെ മത്സരിപ്പിച്ചിട്ടുണ്ട്. വികസനവും തൊഴിലവസരവുമാണ് ഈ മേഖലയിലെ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുന്ന പ്രധാന വിഷയങ്ങൾ.
3. മാൾവ-നിമർ:
കാർഷിക പ്രവർത്തനങ്ങളാൽ ആധിപത്യം പുലർത്തുന്ന ഈ പ്രദേശത്ത് ഖാർഗോൺ, രത്‌ലം, ധാർ എന്നീ മൂന്ന് പ്രധാന ആദിവാസി മേഖലകൾ ഉൾപ്പെടുന്നു. രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനത്തിന്റെ വാണിജ്യ തലസ്ഥാനമായ ഇൻഡോർ, പ്രധാന വ്യാപാര കേന്ദ്രമായ രത്‌ലം, ഉജ്ജൈനിയിലെയും ഓംകാരേശ്വറിലെയും പ്രശസ്തമായ ‘ജ്യോതിർലിംഗുകൾ’ എന്നിവ ഈ പ്രദേശത്തിന് കീഴിലാണ്.
ഈ മേഖലയിൽ എട്ട് ലോക്‌സഭാ സീറ്റുകളുണ്ട് – ഇൻഡോർ, ദേവാസ് (എസ്‌സി), ഉജ്ജയിൻ (എസ്‌സി), മന്ദ്‌സൗർ, ഖണ്ട്വ, ഖാർഗോൺ (എസ്‌ടി), രത്‌ലം (എസ്‌ടി), ധർ (എസ്‌ടി) തുടങ്ങിയവയാണ്.
കർഷകർ, ആദിവാസികൾ, തൊഴിൽ, തൊഴിലാളികളുടെ കുടിയേറ്റം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഈ മേഖലയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആധിപത്യം സ്ഥാപിക്കാൻ സാധ്യതയുണ്ട്. ഇൻഡോറിൽ സിറ്റിംഗ് എംപി ശങ്കർ ലാൽവാനിയെയാണ് ബിജെപി മത്സരിപ്പിച്ചത്.
4. ബുന്ദേൽഖണ്ഡ്:
ഈ ദരിദ്ര പ്രദേശത്ത് പ്രശസ്തമായ പന്ന വജ്ര ഖനികളും ലോക പൈതൃക സ്ഥലമായ ഖജുരാഹോയും പന്ന ടൈഗർ റിസർവും ഉണ്ട്. മേഖലയിലെ ജലക്ഷാമം, പ്രത്യേകിച്ച് ജലസേചന സൗകര്യങ്ങളുടെ പ്രശ്നം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള നടപടിയാണ് കെൻ-ബെത്വ നദികളെ ബന്ധിപ്പിക്കുന്ന പദ്ധതിക്ക് സർക്കാർ അനുമതി നൽകുന്നത്.
ഈ പ്രദേശം നാല് ലോക്‌സഭാ സീറ്റുകൾ ഉൾക്കൊള്ളുന്നു – സാഗർ, ദാമോ, ടികംഗർ (എസ് സി), ഖജുരാഹോ എന്നിവയാണ്. ഖജുരാഹോയിൽ നിന്ന് സിറ്റിംഗ് എംപിയായ വി. ഡി. ശർമ്മയ്‌ക്ക് ബിജെപി രണ്ടാം തവണയും ടിക്കറ്റ് നൽകുകയും ടികംഗഢിൽ നിന്ന് കേന്ദ്രമന്ത്രി വീരേന്ദ്ര കുമാറിനെ മത്സരിപ്പിക്കുകയും ചെയ്തു.
5. മഹാകോശൽ:
മുൻ മുഖ്യമന്ത്രി കമൽനാഥിന്റെ ശക്തികേന്ദ്രമായാണ് ഈ പ്രദേശം കണക്കാക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ മകൻ നകുൽ നാഥ് കുടുംബത്തിന്റെ തട്ടകമായ ചിന്ദ്വാരയിൽ നിന്നുള്ള സിറ്റിംഗ് എംപിയാണ്. ജബൽപൂർ, ചിന്ദ്വാര, കട്‌നി, സിയോനി, നർസിങ്പൂർ, മണ്ഡ്‌ല, ദിൻഡോരി, ബാലാഘട്ട് എന്നിങ്ങനെ എട്ട് ജില്ലകളിലായി മഹാകോശൽ വ്യാപിച്ചുകിടക്കുന്നു.
വികസനത്തിന്റെ കാര്യത്തിൽ ജബൽപൂർ ഒരു കാലത്ത് റായ്പൂർ (ഛത്തീസ്ഗഡ്), നാഗ്പൂർ (മഹാരാഷ്‌ട്ര) എന്നിവയേക്കാൾ വളരെ മുന്നിലായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. എന്നാൽ ഇപ്പോൾ നഗരം ഇൻഡോറിനും ഭോപ്പാലിനും ഏറെ പിന്നിലാണ്. മണ്ഡ്‌ലയും ഷാഹ്‌ദോളും ഗോത്രവർഗക്കാരുടെ ആധിപത്യമുള്ള ജില്ലകളാണ്, അതേസമയം ബാലാഘട്ട് മേഖലയിൽ നക്‌സലിസം ബാധിച്ചിരിക്കുന്നു.
ഈ മേഖലയിലെ അഞ്ച് ലോക്സഭാ സീറ്റുകൾ ജബൽപൂർ, മണ്ഡ്‌ല (എസ്‌ടി), ഷാഡോൾ (എസ്‌ടി), ബാലാഘട്ട്, ചിന്ദ്വാര എന്നിവയാണ്. സിറ്റിംഗ് എംപി ഫഗ്ഗൻ സിംഗ് കുലസ്‌തെയെയാണ് മണ്ഡലയിൽ നിന്ന് ബിജെപി മത്സരിപ്പിച്ചത്.
6. വിന്ധ്യ:
ഉത്തർപ്രദേശുമായി അതിർത്തി പങ്കിടുന്ന ഈ പ്രദേശം മധ്യപ്രദേശിന്റെ ഒമ്പത് കിഴക്കൻ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്നു. രേവ, ഷഹ്ദോൾ, സത്ന, സിധി, സിങ്ഗ്രൗലി, അനുപ്പൂർ, ഉമരിയ, മൈഹാർ, മൗഗഞ്ച് എന്നിവയാണ് പ്രധാന ഇടങ്ങൾ.
1991-ൽ മധ്യപ്രദേശിൽ നിന്ന് ബഹുജൻ സമാജ് പാർട്ടിയുടെ ആദ്യ ലോക്‌സഭാംഗത്തെ ഈ പ്രദേശത്ത് നിന്നുമാണ് തിരഞ്ഞെടുത്തത്. കൂടാതെ തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിൽ കമ്മ്യൂണിസ്റ്റുകാർക്ക് പ്രാതിനിധ്യവും ഇവിടെ നൽകിയിരുന്നു.
ഇതിൽ മൂന്ന് ലോക്‌സഭാ സീറ്റുകൾ ഉൾപ്പെടുന്നുണ്ട്. സത്‌ന, രേവ, സിദ്ധി എന്നിവയാണ്. വികസനവും തൊഴിലവസരവുമാണ് ഈമേഖലയിലെ പ്രധാന പ്രശ്‌നങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: