തൊടുപുഴ: മീനച്ചൂട് ശക്തമായതോടെ മലയാളികള്‍ക്ക് പുലര്‍ച്ചെയും ഉറക്കം നഷ്ടപ്പെട്ടു. ഫുള്‍ സ്പീഡില്‍ ഫാന്‍ കറങ്ങുമ്പോഴും ശരീരം വിയര്‍ത്തൊലിക്കുകയാണ്. ഇത് ജോലിയെ അടക്കം ബാധിച്ച് തുടങ്ങിയതോടെ എയര്‍കണ്ടീഷണര്‍ സ്ഥാപിക്കാനുള്ള നെട്ടോട്ടത്തിലാണ് പലരും. ഇവ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ വലിയ തിരക്കാണ്. പിന്നാലെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗവും ഗണ്യമായി ഉയര്‍ന്നു.
20 വരെ 10 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പായ മഞ്ഞ അലര്‍ട്ട് നിലവിലുണ്ട്. പാലക്കാട്, കൊല്ലം ജില്ലകളില്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2 – 4 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതല്‍) താപനില രേഖപ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്.
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിന്റെ പ്രവചനം. അതേസമയം മധ്യകേരളത്തില്‍ വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട വേനല്‍മഴയ്ക്ക് സാധ്യതയുണ്ട്. എന്നാല്‍ ചൂട് കുറയാന്‍ ഇത് സഹായകമാകില്ല.
അന്തരീക്ഷ ആര്‍ദ്രത കൂടി നില്‍ക്കുന്നതാണ് ഉഷ്ണം ഇത്രകണ്ട് ഉയരാനും ശരീരം പുഴുങ്ങുന്നത് പോലെ അനുഭവപ്പെടാനും കാരണം. സംസ്ഥാനത്ത് വര്‍ഷങ്ങളായി തുടരുന്ന കാലാവസ്ഥാ വ്യതിയാനത്തിന് അനുസരിച്ചുള്ള ജീവിത സാഹചര്യത്തിലേക്ക് മലയാളികള്‍ മാറേണ്ട സമയം അതിക്രമിച്ചതായി കാലാവസ്ഥാ വിദഗ്ധരും മുന്നറിയിപ്പ് നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: