കൊച്ചി: സംസ്ഥാന ആരോഗ്യ വകുപ്പ് കൊച്ചിന് കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ (സിസിആര്‍സി) ഡയറക്ടറായി നിലവിലെ മെഡിക്കല്‍ സൂപ്രണ്ടും ഓങ്കോസര്ജനുമായ ഡോ. പി. ജി. ബാലഗോപാലിനെ നിയമിച്ചു. രാജ്യത്ത് ഈ പദവിയിലെത്തുന്ന ആദ്യത്തെ ന്യൂറോസര്‍ജനാണ് ഡോ. ബാലഗോപാല്‍.
തിരുവനന്തപുരം ആര്‍സിസിയില്‍ സര്‍ജിക്കല്‍ ഓങ്കോളജി അഡീ. പ്രൊഫസറായിരുന്ന അദ്ദേഹം 2017 ലാണ് ഡെപ്യൂട്ടേഷനില്‍ സിസിആര്‍സിയില്‍ മെഡി. സൂപ്രണ്ടായി ചുമതലയേറ്റത്. തിരുവനന്തപുരം ഗവ. മെഡി. കോളേജില്‍ നിന്ന് മെഡിക്കല്‍ ബിരുദവും ജനറല്‍ സര്‍ജറി, ന്യൂറോസര്‍ജറി എന്നിവയില്‍ ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയ ബാലഗോപാലിന് ക്യാന്‍സര്‍ ചികിത്സയില്‍ 24 വര്‍ഷത്തെ പരിചയമുണ്ട്.
ദേശീയ അന്തര്‍ദേശീയ പ്രസിദ്ധീകരണങ്ങളില്‍ 100 ലേറെ പ്രബന്ധങ്ങളുടെ കര്‍ത്താവാണ്. കളമശേരിയില്‍ പൂര്‍ത്തീകരിച്ചു വരുന്ന സിസിആര്‍സിയുടെ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. എന്‍സിഐ ഫെലോഷിപ്പ്, യൂണിയന് ഓഫ് ഇന്റര്‍നാഷണല്‍ ക്യാന്‍സര്‍ കണ്ട്രോള് ഫെലോഷിപ്പ്, ഐഎസിഎ ഫെലോഷിപ്പ്, ക്യാന്‍സര്‍ ചികിത്സയില്‍ ജോണ്‍ ഹോപ്കിന്‍സ്, മില്‍വൗക്കി സര്‍വകലാശാലകളിലെ പരിശീലനം എന്നിവ നേടിയിട്ടുണ്ട്. ക്യാന്‍സറും പുകയിലയും സംബന്ധിച്ച ഒമ്പത് ഗ്രന്ഥങ്ങളുടെ കര്‍ത്താവുമാണ്. മികച്ച ഡോക്ടര്‍ക്കുള്ള 2021 ലെ ഐഎംഎ അവാര്‍ഡ്, സംസ്ഥാന സര്‍ക്കാറിന്റെ ശാസ്ത്രസാഹിത്യ പുരസ്കാരം, പി. കേശവദേവ് പുരസ്കാരം എന്നിവ നേടി. കേന്ദ്ര, സംസ്ഥാന സര്‍ക്കാറിന്റെ ക്യാന്‍സര്‍ സംബന്ധിച്ച വിവിധ സമിതികളില്‍ ഡോ. ബാലഗോപാല്‍ അംഗവുമാണ്.
ടാറ്റാ ക്യാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. ആര്. എ. ബഡ്വെ, മാഗ്സസെ അവാര്‍ഡ് ജേതാവ് ഡോ. രവി കണ്ണന്, ബെംഗളൂരുവിലെ ഡോ. കിഡ്വായീസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓങ്കോളജി ഡയറക്ടര്‍ ഡോ. ലോകേഷ്, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. സതീശന് ബാലസുബ്രഹ്മണ്യം എന്നിവരടങ്ങിയ സമിതിയാണ് ഡോ. ബാലഗോപാലിന്റെ പേര് നിര്‍ദേശിച്ചത്. ഭാര്യ: ജെ. ഇന്ദു (ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക). മക്കള്‍: നീരജ, നന്ദിനി (ഇരുവരും ഡോക്ടര്‍മാര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: