ന്യൂദല്‍ഹി: കൊടിയ മത പീഡനങ്ങള്‍ നേരിട്ട പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും അഫ്ഗാനിലെയും ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, സിഖുകാര്‍, ജൈനര്‍, പാഴ്സികള്‍, ബൗദ്ധര് എന്നിവര്‍ക്ക് പൗരത്വം നല്‍കാനുള്ള നിയമം എന്നും ബിജെപിയുടെ അജണ്ടയില്‍ ഉണ്ടായിരുന്നതാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇപ്പോഴത്തെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊണ്ടുവന്നതൊന്നുമല്ല ഇത്. ഇത് എന്നും പാര്‍ട്ടിയുടെ അജണ്ടയില്‍ ഉണ്ടായിരുന്നു, ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ അദ്ദേഹം പറഞ്ഞു.
പാക്കധിനിവേശ കശ്മീരിലെ ഹിന്ദുക്കളും മുസ്ലീങ്ങളും എല്ലാം നമ്മുടെ ഭാഗം തന്നെയാണ്. പാക്കധിനിവേശ കശ്മീര്‍ തന്നെ നമ്മുടെയാണ്, അദ്ദേഹം പറഞ്ഞു.
എന്തുകൊണ്ട് മുസ്ലീങ്ങളെ ഉള്‍പ്പെടുത്തിയില്ല
പ്രശ്നമുയരുന്ന മൂന്ന് അയല്‍രാജ്യങ്ങള്‍ ഇസ്ലാമിക രാജ്യങ്ങളാണ്. സ്വാതന്ത്യം ലഭിച്ച സമയത്ത് പാകിസ്ഥാനില്‍ 23 ശതമാനം ഹിന്ദുക്കളുണ്ടായിരുന്നു. ഇന്ന് 2.7 ശതമാനം മാത്രം. അവര്‍ എവിടെപ്പോയി? അവര്‍ക്കെന്തു സംഭവിച്ചു? ഞാന്‍ പറയാം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പോലും നിര്‍ബന്ധമായി മതംമാറ്റി വിവാഹം കഴിപ്പിച്ചു. അവര്‍ ഭയാനകമായ ക്രൂരതകളാണ് നേരിട്ടത്. അമ്മമാരുടെയും പെണ്‍കുട്ടികളുടെയും മാനം രക്ഷിക്കാന്‍ അവര്‍ക്ക് ഭാരതത്തില്‍ അഭയം തേടേണ്ടിവന്നു. നാം അവര്‍ക്ക് എന്തുകൊണ്ട് പൗരത്വം നല്‍കിയില്ല?
പാകിസ്ഥാനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലും മതപീഡനം നേരിട്ട്, പലായനം ചെയ്ത്, നിയമപരമായോ നിയമവിരുദ്ധമായോ 2014 ഡിസംബര്‍ 31നു മുന്‍പ് ഭാരതത്തില്‍ എത്തി, അഞ്ചു വര്‍ഷമോ അതില്‍ കൂടുതലോ ആയി ഇവിടെ താമസിക്കുന്നവര്‍ പൗരത്വത്തിന് അര്‍ഹരാണ്. ഇവര്‍ക്ക് പൗരത്വം നല്‍കണമെന്നത് 1950 മുതലുള്ള വാഗ്ദാനമാണ്. കോണ്‍ഗ്രസ് അത് പാലിച്ചില്ല. ബിജെപി അത് പൂര്‍ത്തീകരിച്ചു. ഏതാനും സംഭവങ്ങളുടെ പേരിലല്ല സിഎഎ പോലുള്ള വലിയ തീരുമാനങ്ങളും നയങ്ങളും കൈക്കൊള്ളുന്നത്. വലിയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടിയാണ് ഇത്തരം നയങ്ങള്‍ രൂപീകരിക്കുന്നത്.
ബലൂചികളുടെ കാര്യവും പരിഗണിക്കും
ഇത്തരം ആവശ്യങ്ങളുമായി വന്നാല്‍ പാകിസ്ഥാനിലെ ബലൂചികളുടെ കാര്യവും പരിഗണിക്കും. പീഡിപ്പിക്കപ്പെടുന്നവരെ നാം എന്തിനാണ് അവഗണിക്കുന്നത്.
സഖ്യങ്ങളില്‍ രസതന്ത്രം
ബിജെപി സഖ്യമുണ്ടാക്കുന്നത് ഫിസിക്സിനേക്കാള്‍ ഉപരി രസതന്ത്രമാണ്. രാഷ്ട്രീയം ഫിസിക്സല്ല, കെമിസ്ട്രിയാണ്. ഒന്നും ഒന്നും എല്ലായ്പ്പോഴും രണ്ടല്ല. ചിലപ്പോള്‍ അത് പതിനൊന്നുമാകാം. സഖ്യങ്ങളില്‍ തത്വശാസ്ത്രമില്ല. ജയപരാജയങ്ങളുടെ കണക്കും, പാര്‍ട്ടികളുടെ ആദര്‍ശങ്ങളും മാത്രമാണുള്ളത്. ഹരിയാനയിലെ ചൗത്താലയുടെ ജനനായക് ജനതാ പാര്‍ട്ടിയുമായി മോശം ബന്ധമൊന്നും ഇപ്പോഴുമില്ല. സീറ്റുകളുടെ എണ്ണം സംബന്ധിച്ച് അവര്‍ ചില ആവശ്യങ്ങള്‍ ഉന്നയിച്ചു. ഇത് ഭിന്നതയുണ്ടാക്കി. തെരഞ്ഞെടുപ്പിന് വളരെ മുന്‍പുതന്നെ നല്ല അന്തരീക്ഷത്തിലാണ് സഖ്യം വിട്ടതും.
പിളര്പ്പുകളില് ബിജെപിക്ക് പങ്കില്ല
ചില പ്രാദേശിക പാര്‍ട്ടികളുടെ പിളര്പ്പുകളില് ബിജെപിക്ക് ഒരു പങ്കുമില്ല. ചിലര്‍ക്ക് ആണ്മക്കളോടും പെണ്മക്കളോടുമള്ള സ്നേഹമാണ് പിളര്‍പ്പുകള്‍ക്ക് കാരണം, ശരദ് പവാര്‍, ഉദ്ധവ് വിഷയങ്ങള്‍ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പ്രതികരിച്ചു.
ബംഗാളില്‍ 25
ബംഗാളില്‍ ഞങ്ങള്‍ 25 ലേറെ സീറ്റുകള്‍ നേടും. അത് ആവേശമല്ല, വസ്തുതയാണ്. അത് ഞങ്ങള്‍ നടത്തിയിരിക്കും.
സന്ദേശ്ഖാലി
അത് ബംഗാളിലെ ബാധിച്ച അര്‍ബുദമാണ്. സംസ്ഥാനത്തു നടക്കുന്ന കെടുകാര്യസ്ഥതയുടെ ഉദാഹരണമാണത്. അര്‍ബുദം ശരീരത്തെ ബാധിച്ചാല്‍ അത് വളരെ വലുതായാല്‍ മാത്രേമ പുറത്ത് ദൃശ്യമാകൂ. പുറത്തുവരെ എത്തിയ അര്‍ബുദമാണ് സന്ദേശ്ഖാലി.
400 കടക്കും
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദേശീയ ജനാധിപത്യ സഖ്യം 400 സീറ്റുകള്‍ കടക്കും. ബിജെപി ഒറ്റയ്ക്ക് 350 സീറ്റുകള്‍ നേടും.
(തയ്യാറാക്കിയത് എജി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: