ന്യൂദല്‍ഹി: കഷായത്തില്‍ വിഷം ചേര്‍ത്ത് നല്കി കാമുകനെ കൊലപ്പെടുത്തിയ കേസില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ അന്തിമ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രീഷ്മയടക്കമുള്ള പ്രതികള്‍ സുപ്രീം കോടതിയില്‍. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ അധികാരമില്ലെന്നാണ് വാദം. അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ക്കേ കഴിയൂ എന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
ഈ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് പ്രതികള്‍ സുപ്രീം കോടതിയിലെത്തിയത്. അഭിഭാഷകന് ശ്രീറാം പറക്കാട്ടാണ് ഗ്രീഷ്മയ്ക്കായി ഹര്‍ജി സമര്‍പ്പിച്ചത്. കേസിലെ രണ്ടും മൂന്നും പ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധുവും അമ്മാവന് നിര്‍മലകുമാരന്‍ നായരുമാണ് മറ്റ് ഹര്‍ജിക്കാര്‍.
പ്രണയത്തില്‍നിന്നു പിന്മാറാന് വിസമ്മതിച്ച ഷാരോണ്‍ രാജിനെ വീട്ടില്‍ വിളിച്ചു വരുത്തി 2022 ഒക്ടോബര്‍ 14-ന് ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തി നല്‍കിയെന്നാണു കേസ്. കുറ്റകൃത്യം നടന്നുവെന്ന് ആരോപിക്കുന്ന തന്റെ വീട് കേരള അതിര്‍ത്തിയില്‍ തമിഴ്നാട്ടിലായതിനാല്‍ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന ഗ്രീഷ്മയുടെ ഹര്‍ജി സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു.
ഗ്രീഷ്മ 11 മാസത്തെ ജയില്‍വാസത്തിന് ശേഷം കഴിഞ്ഞവര്‍ഷം സെപ്തംബറിലാണ് ജാമ്യം ലഭിച്ച് ജയില്‍ മോചിതയായത്. പൊലീസ് കസ്റ്റഡിയിലിരിക്കെ ടോയിലറ്റ് ശുചിയാക്കുന്ന ദ്രാവകം കഴിച്ച് ആത്മഹത്യാശ്രമം നടത്തിയതിനും ഗ്രീഷ്മക്കെതിരെ പൊലീസ ്കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഗ്രീഷ്മയ്ക്ക് മികച്ച സാമ്പത്തിക ശേഷിയുള്ള സൈനികന്റെ വിവാഹ ആലോചന വന്നതോടെയാണ് പാറശാലയ്ക്ക് സമീപം താമസിച്ചിരുന്ന ഷാരോണിനെ ഒഴിവാക്കാന്‍ ശ്രമം നടത്തിയത്. പലതവണ ശ്രമിച്ചെങ്കിലും ഷാരോണ്‍ പിന്മാറിയില്ല. ഇതോടെയാണ് ഷാരോണിനെ കൊല ചെയ്യാന്‍ ആസൂത്രണം നടത്തിയത്.
ജ്യൂസ് ചലഞ്ച് എന്ന പേരില്‍ ജ്യൂസില്‍ പാരസെറ്റമോള്‍ കൂടുതലായി കലര്‍ത്തി നല്കി. എന്നാല്‍ കയ്പായതിനാല്‍ ഷാരോണ്‍ ഇത് തുപ്പി കളഞ്ഞതോടെ ആ ശ്രമം പരാജയപ്പെട്ടു. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 14 ന് ലൈംഗിക ബന്ധത്തിനായി വീട്ടിലേക്ക് ക്ഷണിച്ച് വരുത്തി ഷാരോണിന് ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തി കൊടുക്കുകയായിരുന്നു. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെയും അമ്മാവന് നിര്‍മ്മല്‍ കുമാറിനെയും പ്രതി ചേര്‍ത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: