ന്യൂദല്‍ഹി : തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ രാജ്യത്ത് മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വന്നു. ഈ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വ്യാജ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരെയും മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കവെയാണ് ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയത്.
സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണങ്ങളിലും നടപടിയുണ്ടാകും.ഇത്തരത്തിലുള്ള വാര്‍ത്തകളിലൂടെയോ പ്രചാരണങ്ങളിലൂടെയോ സമൂഹത്തില്‍ പ്രശ്‌നങ്ങളുണ്ടാകാന്‍ അനുവദിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഇതോടെ കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയ വിഷയങ്ങളില്‍ വീഴ്ചയുണ്ടായാല്‍ നടപടി നേരിടേണ്ടി വരും.
പരസ്യം വാര്‍ത്തയായി നല്‍കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. സമൂഹ മാധ്യമങ്ങളിലൂടെ എതിരാളികളെ അവഹേളിക്കരുത്. താര പ്രചാരകര്‍ മര്യാദയുടെ സീമ ലംഘിക്കരുതെന്നും കുട്ടികളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു.
ചട്ടലംഘനം ആവര്‍ത്തിച്ചാല്‍ ശിക്ഷ താക്കീതില്‍ ഒതുങ്ങില്ലെന്ന മുന്നറിയിപ്പും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കി. റീ പോളിംഗ് സാധ്യതകള്‍ പരമാവധി ഒഴിവാക്കണമെന്നും നിര്‍ദേശിച്ചു.
തെരഞ്ഞെടുപ്പില്‍ 85ന് മുകളില്‍ പ്രായമുള്ളവര്‍ക്കും, 40 ശതമാനത്തിലേറെ വൈകല്യമുള്ളവര്‍ക്കും’വോട്ട് ഫ്രം ഹോം’ സൗകര്യം പ്രയോജനപ്പെടുത്താം. വീട്ടില്‍വച്ചുതന്നെ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: