പൗരത്വ ഭേദഗതി നിയമം ഒരിക്കലും പിന്‍വലിക്കില്ലെന്നും, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ അത് നടപ്പാക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കിയത് ഇതു സംബന്ധിച്ച് ആശയക്കുഴപ്പങ്ങളും ആശങ്കയും സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ്. പൗരത്വ ഭേദഗതി നിയമം ഭരണഘടനാനുസൃതം ആണെന്നും, ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് ഇത് നടപ്പാക്കുമെന്നും ഈ നിയമം പാര്‍ലമെന്റ് പാസാക്കിയതിനുശേഷമുള്ള നാലുവര്‍ഷത്തിനിടെ ആഭ്യന്തര മന്ത്രി എന്ന നിലയില്‍ താന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഒരു വാര്‍ത്ത ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ അമിത് ഷാ വിശദീകരിച്ചിരിക്കുകയാണ്. ഈ നിയമം നടപ്പാക്കുമെന്ന് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രകടനപത്രികയില്‍ ബിജെപി വ്യക്തമാക്കിയതാണ്. പാര്‍ലമെന്റില്‍ ബില്‍ പാസാക്കിയെങ്കിലും കൊവിഡ് മഹാമാരി കാരണം നടപ്പാക്കാന്‍ കഴിയാതിരുന്നത് ആരുടെയും കുറ്റമല്ലല്ലോ. പല നിയമനിര്‍മാണങ്ങളുടെ കാര്യത്തിലും ഇങ്ങനെ തടസ്സങ്ങള്‍ സംഭവിച്ചിട്ടുള്ളതായി കാണാം. അത് സ്വാഭാവികവുമാണ്. പൗരത്വ ഭേദഗതി നിയമത്തിന്റെ കാര്യത്തില്‍ വന്ന കാലതാമസം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള അവസരമാക്കി മാറ്റുകയാണ് പ്രതിപക്ഷം ചെയ്തത്. ഈ നിയമത്തിനെതിരെ നടന്ന പ്രക്ഷോഭം സര്‍ക്കാരിനെ ഭയപ്പെടുത്തിയെന്നും, നിയമം നടപ്പാക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയുകയാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ഒളിഞ്ഞും തെളിഞ്ഞും പ്രചരിപ്പിച്ചുകൊണ്ടിരുന്നു. നിയമം നടപ്പാക്കുന്നത് തടയുന്നതില്‍ തങ്ങള്‍ വിജയിച്ചിരിക്കുകയാണെന്നും ഈ പാര്‍ട്ടികള്‍ അഹങ്കരിച്ചു. വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ കഴിയാന്‍ ആര്‍ക്കും അവകാശമുണ്ടല്ലോ.
പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിന്റെ പേരില്‍ രാജ്യത്തെ മുസ്ലിം ജനവിഭാഗങ്ങളില്‍ അനാവശ്യ ഭീതി സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ കോണ്‍ഗ്രസ്സും ഇടതു പാര്‍ട്ടികളും നടത്തുന്ന ശ്രമങ്ങളെയും അമിത് ഷാ തുറന്നുകാട്ടിയിരിക്കുന്നു. ഭാരതത്തിലെ ഒരാളുടെ പോലും പൗരത്വം റദ്ദാക്കില്ലെന്നും, അതിനാല്‍ നിയമം നടപ്പാക്കുന്നതില്‍ ഏതെങ്കിലും മതവിഭാഗങ്ങള്‍ ഭയക്കേണ്ടതില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി ആധികാരികമായി പ്രസ്താവിച്ചിരിക്കുകയാണ്. പാകിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളില്‍ നിന്ന് അഭയാര്‍ത്ഥികളായി എത്തുന്ന ഹിന്ദു, ബുദ്ധ, ജൈന, സിക്ക്, പാഴ്സി, ക്രൈസ്തവ മതന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുക മാത്രമാണ് ചെയ്യുന്നത്. രാജ്യത്തെ മുസ്ലിങ്ങളെ ഇത് ഒരുതരത്തിലും ബാധിക്കുന്നില്ല. ഇത് മറച്ചുപിടിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് കാലത്ത് തെറ്റിദ്ധാരണ പരത്തുന്നതിനെ അമിത് ഷാ വിമര്‍ശിച്ചു. പൗരത്വ നിയമ ഭേദഗതി ബില്ലിലും, പാര്‍ലമെന്റില്‍ അത് അവതരിപ്പിച്ചപ്പോഴും തുടര്‍ന്നുള്ള ചര്‍ച്ചകളിലും സംശയലേശമെന്യെ സര്‍ക്കാര്‍ ഇക്കാര്യങ്ങളൊക്കെ പറഞ്ഞിട്ടുള്ളതാണ്. നിക്ഷിപ്ത താല്പര്യം മുന്‍നിര്‍ത്തി ഇത് അംഗീകരിക്കാന്‍ തയ്യാറാവാത്തവര്‍ രാജ്യത്തിനകത്തും പുറത്തും അസത്യം പ്രചരിപ്പിക്കുകയായിരുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ ഭൂരിപക്ഷാധിപത്യത്തിലേക്ക് നീങ്ങുകയാണെന്നും, രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ അരക്ഷിതാവസ്ഥയില്‍ ആണെന്നും വര്‍ഷങ്ങളായി പ്രചരിപ്പിച്ചുകൊണ്ടിരുന്നവര് പൗരത്വ ഭേദഗതി നിയമവും ആയുധമാക്കുകയായിരുന്നു. വിവിധ രംഗങ്ങളില്‍ ശക്തമായി മുന്നേറുന്ന രാഷ്ട്രത്തിന്റെ പ്രതിച്ഛായ ഇടിച്ചു താഴ്ത്തുക എന്ന ദുഷ്ടലാക്കാണ് ഇതിനുപിന്നില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇതൊന്നും മോദി സര്‍ക്കാര്‍ കൂട്ടാക്കിയില്ല.
മുസ്ലിം മതമൗലികവാദികളുടെ പിന്തുണയുറപ്പിക്കാന്‍ കോമാളി വേഷം കെട്ടുന്ന മുഖ്യമന്ത്രി പിണറായി വിജയനെപ്പോലുള്ളവര്ക്കും അമിത് ഷാ വ്യക്തമായ മറുപടി നല്കിയിരിക്കുന്നു. പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്നാണ് പിണറായി വീമ്പിളക്കുന്നത്. പൗരത്വം നല്‍കുന്നത് രാജ്യമാണ്, സംസ്ഥാനങ്ങളല്ല. ഇതൊക്കെ അറിഞ്ഞുകൊണ്ടുതന്നെ മതവികാരം ഇളക്കി വിടുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. മുസ്ലിം ലീഗിനെ മുന്നണിയില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ കോണ്‍ഗ്രസ് പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുമ്പോള്‍ അതിലും വലിയ വര്‍ഗീയത പറയുകയാണ് പിണറായി ചെയ്യുന്നത്. പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് തീരുമാനമെടുത്ത ആദ്യ സംസ്ഥാനമാണ് കേരളം എന്നും മറ്റും ‘അങ്കമാലിയിലെ പ്രധാനമന്ത്രി’ ചമഞ്ഞ് പിണറായി വിജയന് ആവേശം കൊള്ളുന്നുണ്ട്. ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ ഈ മുഖ്യമന്ത്രിയെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. പിണറായി കേരളം ഭരിച്ചാല്‍ മതി, ഭാരിച്ച കാര്യങ്ങള്‍ അന്വേഷിക്കേണ്ടതില്ല. രാജ്യം ഭരിക്കാന്‍ ജനങ്ങള്‍ തെരഞ്ഞെടുത്തിട്ടുള്ളത് ബിജെപിയെയും നരേന്ദ്ര മോദിയെയും ആണ്. ആരെങ്കിലും കണ്ണിറുക്കി കാണിച്ചാല്‍ പിന്മാറുന്നവരല്ല കേന്ദ്രം ഭരിക്കുന്നത്. ചോദിക്കാനും പറയാനും ആളുണ്ട്. പിണറായിമാരുടെ ചങ്കിലെ ചൈനയ്ക്ക് പോലും ബോധ്യപ്പെട്ടിട്ടുള്ള കാര്യമാണിത്. എന്നിട്ടാണ് പിണറായിയുടെ പ്രഹസനം. രാജ്യത്തിന് ആവശ്യമുള്ള നിയമം കൊണ്ടുവരാന്‍ കഴിയുമെങ്കില്‍ അത് നടപ്പാക്കാനും മോദി സര്‍ക്കാരിനറിയാം. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയപ്പോള്‍ ഇതുപോലെ തന്നെയായിരുന്നല്ലോ പലരുടെയും നിലപാട്. അതിനെക്കുറിച്ച് ഇപ്പോള്‍ ഒന്നും മിണ്ടുന്നില്ല. പൗരത്വ നിയമ ഭേദഗതിയുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: