ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതകളുള്ള ലോക്സഭാ മണ്ഡലമാണ് മാവേലിക്കര. തുടര്‍ച്ചയായി മൂന്നുതവണ യുഡിഎഫിലെ കൊടിക്കുന്നില്‍ സുരേഷാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. ഇത്തവണയും ഇദ്ദേഹം തന്നെയാണ് യുഡിഎഫിനായി രംഗത്തുള്ളത്.
സംവരണ മണ്ഡലമായ മാവേലിക്കരയില്‍ ശക്തമായ ത്രികോണമത്സരമാണ്. എല്‍ഡിഎഫിനായി സിപിഐയിലെ സി.എ. അരുണ്‍കുമാറാണ് രംഗത്തുള്ളത്. സിപിഐ ആലപ്പുഴ ജില്ലാ എക്സിക്യൂട്ടീവ് അംഗവും മന്ത്രി പി. പ്രസാദിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമാണ് അരുണ്‍. എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി ബിഡിജെഎസിലെ ബൈജു കലാശാലയാണ്. മൂവരും മണ്ഡലം നിറഞ്ഞ് പര്യടനത്തിലും പ്രചാരണത്തിലും സജീവമാണ്. മാറ്റമാണോ തുടര്‍ച്ചയാണോ ജനങ്ങളുടെ തീരുമാനം എന്നത് വോട്ടെണ്ണല്‍ ദിവസം കൃത്യമായി അറിയാനാകും.
കുട്ടനാട് മുതല്‍ പശ്ചിമഘട്ടത്തിന്റെ താഴ്വാരം വരെ വ്യാപിച്ചുകിടക്കുന്ന ഏഴു നിയമസഭാ മണ്ഡലങ്ങളാണ് മാവേലിക്കരയിലുള്ളത്. മറ്റ് ലോക്സഭ മണ്ഡലങ്ങള്‍ രണ്ട് ജില്ലകളില്‍ വ്യാപിച്ചുകിടക്കുമ്പോള്‍ മാവേലിക്കര മൂന്നുജില്ലകളിലായാണ് കിടക്കുന്നത്. കൊല്ലം ജില്ലയില്‍ നിന്നുള്ള പത്തനാപുരം, കുന്നത്തൂര്‍, കൊട്ടാരക്കര എന്നിവയും ആലപ്പുഴയിലെ മാവേലിക്കര, ചെങ്ങന്നൂര്‍, കുട്ടനാട് എന്നിവയും കോട്ടയത്ത് നിന്നും ചങ്ങനാശേരിയും ഉള്‍പ്പെടുന്നതാണ് മാവേലിക്കര പാര്‍ലമെന്റ് മണ്ഡലം. 2019ല്‍ സിപിഐയുടെ ചിറ്റയം ഗോപകുമാറിനെ 61,138 വോട്ടിനാണ് കൊടിക്കുന്നില്‍ പരാജയപ്പെടുത്തിയത്. അതിന് മുമ്പ് 2014ല്‍ ചെങ്ങറ സുരേന്ദ്രനെ 32737 വോട്ടിന് തോല്പിച്ചു. രണ്ട് തവണയായി ക്രമേണയുള്ള വളര്‍ച്ചയാണ് എന്‍ഡിഎ മണ്ഡലത്തില്‍ നേടിയിട്ടുള്ളത്. 2014ലെ 79743 വോട്ടുകള്‍ 2019 എത്തുമ്പോള്‍ 1,33,546 ആയി വര്‍ധിപ്പിക്കാന്‍ എന്‍ഡിഎയ്ക്ക് സാധിച്ചിട്ടുണ്ട്. ഇത്തവണ നരേന്ദ്രമോദിയുടെ പ്രഭാവം മാവേലിക്കര മണ്ഡലത്തില്‍ ശക്തമായി പ്രതിഫലിക്കുമെന്നും മികച്ച വിജയം നേടാനാകുമെന്നും എന്‍ഡിഎ ആത്മവിശ്വാസത്തിലാണ്. മാവേലിക്കര താലൂക്കിലെ താമരക്കുളം പഞ്ചായത്തില്‍ സാധാരണകര്‍ഷക തൊഴിലാളി കുടുംബത്തില്‍ ജനിച്ച ബൈജു കലാശാല ശക്തമായ സാന്നിധ്യമാണ്.
കോണ്‍ഗ്രസ് വിട്ട് ദേശീയ രാഷ്ട്രീയത്തോടൊപ്പം ചേര്‍ന്ന ആളാണ് ബൈജു. സുദീര്‍ഘമായ രാഷ്ട്രീയപ്രവര്‍ത്തനം അദ്ദേഹത്തിന് കൈമുതലായുണ്ട്. 2016 അസംബ്ലി തെരഞ്ഞെടുപ്പില്‍ മാവേലിക്കര മണ്ഡലത്തില്‍ നിന്നും മത്സരിച്ചപ്പോള്‍ 42,000 വോട്ട് നേടിയിരുന്നു. താമരക്കുളം ഗ്രാമപഞ്ചായത്ത് മെമ്പര്‍, പഞ്ചായത്ത് പ്രസിഡന്റ്, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇത് കൂടാകെ ഏഴുവര്‍ഷം കേരള പുലയര്‍മഹാസഭ ജനറല്‍ സെക്രട്ടറിയും ദളിത് ആദിവാസി സംയുക്തസമിതി ജില്ലാ കണ്‍വീനറുമായിരുന്നു.
ബൈജു കലാശാല
മാവേലിക്കര ഇത്തവണ മാറി ചിന്തിക്കും. ചിട്ടയായതും അച്ചടക്കത്തോടും കൂടിയ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനമാണ് നടന്നുവരുന്നത്. കഴിഞ്ഞ പത്ത് കൊല്ലം ധാരാളം ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കി. മാവേലിക്കര ലോക്സഭ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിച്ചിട്ടുണ്ട്. നരേന്ദ്രമോദിയുടെ സ്വീകാര്യത കേരളത്തില്‍ വര്‍ധിച്ചു. അതിന്റെ തെളിവായി മാവേലിക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ മുന്നേറ്റവും വിജയവും മാറും.
കൊടിക്കുന്നില്‍ സുരേഷ്
ശക്തമായ മത്സരമായതുകൊണ്ടാണ് സിറ്റിങ് സീറ്റില്‍ മറ്റൊരാളെ പാര്‍ട്ടി പരീക്ഷിക്കാത്തതെന്ന് ഞാന്‍ മനസിലാക്കുന്നു. പാര്‍ലമെന്റില്‍ നരേന്ദ്രമോദിയെ ചെറുക്കാന്‍ കോണ്‍ഗ്രസിന്റെ ശക്തി വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണ്. ലോക്സഭ മണ്ഡലത്തില്‍ നാലാമതും വിജയിക്കുമെന്നത് ഉറപ്പാണ്. മണ്ഡലത്തിലെ മുഴുവന്‍ പ്രദേശങ്ങളും കൈവെള്ള പോലെ അറിയാം. എന്നെ ഒരു കുടുംബാംഗമെന്ന പോലെയാണ് വോട്ടര്‍മാര്‍ കാണുന്നത്.
സി.എ. അരുണ്‍കുമാര്‍
എല്‍ഡിഎഫിന് മികച്ച പ്രതീക്ഷയാണ് ഉള്ളത്. വികസന മുരടിപ്പാണ് മാവേലിക്കരയിലെങ്ങും അനുഭവപ്പെടുന്നത്. മണ്ഡലത്തില്‍ മാറ്റം വരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹപരമായ നിലപാടുകള്‍ക്കെതിരെ വിധിയെഴുത്ത് ഉണ്ടാകുന്നതിനൊപ്പം സംസ്ഥാനം ഭരിക്കുന്ന ഇടതുസര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയായിരിക്കും ഇത്തവണ കാണാന്‍ പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: