ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചു. അടിയന്തരാവസ്ഥയെ തുടര്‍ന്ന് അറസ്റ്റു ചെയ്തും കരുതല്‍ തടങ്കിലാക്കിയും വച്ചിരുന്ന എതിര്‍പക്ഷ നേതാക്കളെ വിട്ടയച്ചു.
അടിയന്തരാവസ്ഥയ്‌ക്ക് കാരണമായതെന്ത് എന്ന് സംശയം പ്രകടിപ്പിച്ചതിനു സമാനമായി ഒരു ചോദ്യം ഉയരുന്നുണ്ട്, ഇവിടെയും. അടിയന്തരാവസ്ഥ ഗുണമായോ ദോഷമായോ? പല അഭിപ്രായങ്ങള്‍ വരും. വിശാലമായി നോക്കിയാല്‍ പക്ഷേ, മൂന്ന് ഗുണമുണ്ടായി: ഒന്ന്, ജനാധിപത്യത്തിന്റെ വിലയറിഞ്ഞു. രണ്ട്: കുടുംബ – ഒറ്റപ്പാര്‍ട്ടി വാഴ്‌ച്ചകള്‍ക്ക് ബദലായി ദേശീയരാഷ്‌ട്രീയം ഒരുങ്ങി. മൂന്ന്: അടിയന്തരാവസ്ഥക്കാലം വിരുദ്ധ ആശയാദര്‍ശക്കാര്‍ക്ക് ഒരു പൊതുലക്ഷ്യത്തില്‍ ഒന്നിക്കാനുള്ള സാധ്യതകള്‍ക്കുള്ള ചര്‍ച്ചകള്‍ക്ക് വിവിധ ജയിലുകളില്‍ വേദിയുണ്ടായി.
അടിയന്തരാവസ്ഥക്കാലത്ത് മുതിര്‍ന്ന നേതാക്കള്‍ പലയിടങ്ങളിലാണ് തടവില്‍ കഴിഞ്ഞിരുന്നതെങ്കിലും തമ്മില്‍ ആശയ വിനിമയത്തിനും കൂടിയാലോചനകള്‍ക്കും ഒരു പരിധിവരെ അവസരമുണ്ടായി. അതിന്റെ ഫലമായി ജയില്‍മോചിതരായപ്പോള്‍ അവര്‍ ഒന്നിച്ചു. ജനസംഘം നേതാക്കളായിരുന്ന എല്‍.കെ. അദ്വാനി ബെംഗളൂരു ജയിലിലായിരുന്നു. മോചനം പ്രഖ്യാപിക്കുമ്പോള്‍ അടല്‍ ബിഹാരി വാജ്പേയി ദല്‍ഹിയില്‍ എയിംസ് ആശുപത്രിയില്‍ നടുവിന്റെ കശേരു തെന്നിയതിന് ചികിത്സയിലായിരുന്നു. അടിയന്തരാവസ്ഥയ്‌ക്കെതിരേയുള്ള സമരനായകനായ ജയപ്രകാശ് നാരായണ്‍ തെരഞ്ഞെടുപ്പിന് തയാറായി, ജനതാ പാര്‍ട്ടി പ്രഖ്യാപിച്ചു. അതിലേക്ക് 28 അംഗ ദേശീയ നിര്‍വാഹക സമിതിയംഗങ്ങളെയും പ്രഖ്യാപിച്ചു.
മൊറാര്‍ജി ദേശായിയെ ചെയര്‍മാനാക്കി. ചരണ്‍ സിങ് ആയിരുന്നു വൈസ് ചെയര്‍മാന്‍. നാല് പാര്‍ട്ടികളുടെ സംയോഗമാണ് ജനതാ പാര്‍ട്ടിയായത്. ജനസംഘം, കോണ്‍ഗ്രസ് (ഒ), സോഷ്യലിസ്റ്റ് പാര്‍ട്ടി, ലോക്ദള്‍ എന്നീ പാര്‍ട്ടികള്‍. കോണ്‍ഗ്രസ് (ഒ) എന്നാല്‍ സംഘടനാ കോണ്‍ഗ്രസ്. ഈ നാല് പാര്‍ട്ടികളും ലയിച്ചാണ് ജനതാ പാര്‍ട്ടിയായത്. മധു ലിമായെ, രാം ധന്‍, സുരേന്ദ്ര മോഹന്‍, എല്‍.കെ. അദ്വാനി എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരുമായി.
ഒരു മുന്നണിക്കപ്പുറം പുതിയൊരു പാര്‍ട്ടിയായാണ് ജനതാ പാര്‍ട്ടി പിറന്നത്. അതേസമയം രാജ്യത്തെ ആദ്യത്തെ മുന്നണിയുമായി. കാഴ്ചപ്പാടിലും ദര്‍ശനത്തിലും വ്യത്യസ്തരായിരുന്നവര്‍ സഖ്യത്തിനപ്പുറത്തേക്ക് ആഴത്തില്‍ ബന്ധം ഉണ്ടായിരിക്കണമെന്ന കാഴ്ചപ്പാടായിരുന്നു ജെപിക്ക്. അതുകൊണ്ടുതന്നെ മുന്നണിയെ ഒറ്റപ്പാര്‍ട്ടിയാക്കി, അതിന് പൊതുചിഹ്നവും കൊടിയും വേണമെന്ന് തീരുമാനിച്ച് അതും പ്രഖ്യാപിച്ചു. ഒരു വലിയ എതിരാളിയെ നേരിടാന്‍ ചെറിയ ശക്തികള്‍ക്ക് വേണ്ടത് മെയ്‌ക്കരുത്തു മാത്രമല്ല, ബുദ്ധിയും യുക്തിയും കൂടിയാണെന്നതാണ് ജനതാ പാര്‍ട്ടിയുടെ രൂപീകരണത്തിന് ചിന്തിച്ചവര്‍ ആലോചിച്ചത്. മൂന്നു പതിറ്റാണ്ടുമുമ്പ്, 1947ല്‍ ഭാരതജനത നേടിയ സ്വാതന്ത്ര്യത്തിന് കാരണമായ അതേ വികാരമായിരുന്നു നേതാക്കള്‍ക്ക്, ജനങ്ങള്‍ക്കും.
ജയപ്രകാശ് നാരായണ്‍ അടിയന്തരാവസ്ഥക്കാലത്തും ശേഷവും ജനസംഘത്തിനോടും ആര്‍എസ്എസിനോടും കാണിച്ച ആത്മാര്‍ത്ഥതയും ആ സംഘടനകളില്‍ അര്‍പ്പിച്ച വിശ്വാസവും ശ്രദ്ധേയമായിരുന്നു. അതുകൊണ്ടുതന്നെ ജനതാ പാര്‍ട്ടിയില്‍ ജനസംഘം നേതാക്കള്‍ക്ക് കാര്യമായ പങ്കും അദ്ദേഹം കല്‍പ്പിച്ചു നല്‍കി. അതിന് കാരണം രാജ്യമാണ് പരമ പ്രധാനം എന്ന ആ സംഘടനകളുടെ കാഴ്ചപ്പാടും അതാണ് ശരിയെന്ന ജെപിയുടെ തിരിച്ചറിവും മൂലമായിരുന്നു.
അങ്ങനെ, അടിയന്തരാവസ്ഥക്കാലത്ത് രൂപംകൊടുത്ത ലോക് സംഘര്‍ഷ് സമിതിയുടെ നേതൃസ്ഥാനത്ത് ജെപി നിയോഗിച്ചത് ആര്‍എസ്എസ്-ജനസംഘം പ്രചാരകനായിരുന്ന നാനാജി ദേശ്മുഖിനെ ആയിരുന്നു. മുന്നണി രാഷ്‌ട്രീയ പ്രവര്‍ത്തനത്തിലും നിര്‍ണായകപങ്ക് ജെപി നല്‍കി.
ജെപിയുടെ നേതൃത്വവും വിശ്വസനീയരുടെ നടത്തിപ്പും കൊണ്ട് ജനതാ പാര്‍ട്ടി അതിവേഗം ജനപ്രിയമായി. ഇന്ദിരാഗാന്ധിയുടെ മന്ത്രിസഭാംഗങ്ങള്‍ രാജിവെച്ച് ജെപിയുടെ ദൗത്യത്തില്‍ പങ്കുചേര്‍ന്നു. ഇന്ദിരയുടെ വലംകൈ ആയിരുന്ന, മന്ത്രിസഭയിലെ പട്ടികജാതി നേതാവായിരുന്ന ജഗജീവന്‍ റാം രാജിവെച്ചു. 1946 ലെ ആദ്യ നെഹ്‌റുമന്ത്രിസഭയില്‍ അംഗമായിരുന്നയാളാണ് ജഗ്ജീവന്‍. ഇന്ദിരയുമായി വഴിപിരിഞ്ഞ് പുതിയ പാര്‍ട്ടിയായി ‘കോണ്‍ഗ്രസ് ഫോര്‍ ഡമോക്രസി’ (സിഎഫ്ഡി) ഉണ്ടാക്കി എച്ച്.എന്‍. ബഹുഗുണ എന്ന അതിപ്രശസ്ത നേതാവ് (ഹേമവതി നന്ദന്‍ ബഹുഗുണ), നന്ദിനി സത്പതി തുടങ്ങി വലുതും ചെറുതുമായ നേതാക്കള്‍ കോണ്‍ഗ്രസ് വിട്ടു. സിഎഫ്ഡി വൈകാതെ ജനതാ പാര്‍ട്ടിയില്‍ ലയിച്ചു.
അക്കാലത്ത് കേരളം വിളിച്ച മുദ്രാവാക്യം ഇങ്ങനെയായിരുന്നു:
”ജഗജീവന്‍പോയ് ജീവന്‍പോയ്
ബഹുഗുണപോയി ഗുണവും പോയ്
നന്ദിനിപോയി നാണം പോയ്
ഇന്ദിരയാകെ നാറിപ്പോയ്…” അന്നത്തെ രാഷ്‌ട്രീയത്തിന്റെ ആവര്‍ത്തനം പോലെ തോന്നാം ആനുകാലിക രാഷ്‌ട്രീയ സംഭവ വികാസങ്ങള്‍.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: