ലിവര്‍പൂള്‍: പ്രീക്വാര്‍ട്ടറിലെ രണ്ട് പാദങ്ങളിലായ് നേടിയ 11-2ന്റെ വമ്പന്‍ ജയത്തോടെ ലിവര്‍പൂള്‍ എഫ്സി യുവേഫ യൂറോപ്പ ക്വാര്‍ട്ടറില്‍ കടന്നു. ചെക്ക് റിപ്പബ്ലിക്ക് ക്ലബ്ബ് സ്പാര്ട്ടയെ ഇന്നലെ നടന്ന രണ്ടാം പാദ പ്രീക്വാര്‍ട്ടറില്‍ ഒന്നിനെതിരെ ആറ് ഗോളുകളടിച്ചാണ് പരാജയപ്പെടുത്തിയത്. സ്പാര്‍ട്ടയുടെ മൈതാനത്ത് നടന്ന ആദ്യ പാദ ക്വാര്‍ട്ടറില്‍ ലിവര്‍ 5-1ന് വിജയിച്ചിരുന്നു.
കോഡി ഗാക്പോ ഇരട്ടഗോളുകളടിച്ച മത്സരത്തില്‍ ലിവര്‍പൂളിന് വേണ്ടി ഡാര്വിന് ന്യൂനസ്(ഏഴ്), ബോബി ക്ലാര്‍ക്ക്(എട്ട്), മുഹമ്മദ് സലാ(10), എന്നിവര്‍ കളിയുടെ തുടക്കത്തിലേ തന്നെ ഗോളുകള്‍ നേടി. 14-ാം മിനിറ്റിലായിരുന്നു ഗാക്പോയുടെ ആദ്യ ഗോള്‍. കളിയുടെ 20 ശതമാനം സമയം കഴിയും മുമ്പേ ലിവര്‍ 4-0ന് മുന്നിലെത്തി. ആദ്യ പകുതി തീരും മുമ്പേ സ്പാര്‍ട്ട ആശ്വാസഗോള്‍ കണ്ടെത്തി. വെല്കോ ബ്രിമാന്കെവിച് ആണ് സ്പാര്‍ട്ടയുടെ ഗോള്‍ നേടിയത്. രണ്ടാം പകുതിയിലും ഗോള്‍ നേട്ടത്തോടെയാണ് ലിവര്‍ തുടങ്ങിയത്. 48-ാം മിനിറ്റില്‍ ഡോമിനിക് സോപോസ്ലായി ഗോള്‍ നേടി. കളിക്ക് 55 മിനിറ്റെത്തിയപ്പോള്‍ ഗാക്പോയുടെ ഇരട്ടഗോളും പിറന്നു.
ഇറ്റാലിയന്‍ സീരി എ ക്ലബ്ബ് അറ്റ്ലാന്റ ബിസി പോര്‍ച്ചുഗല്‍ ടീം സ്പോര്‍ട്ടിങ്ങ് സിപിയെ തോല്‍പ്പിച്ചാണ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ഇന്നലെ നേടിയ 2-1 വിജയത്തോടെ അറ്റ്ലാന്റയ്ക്ക് രണ്ട് പാദങ്ങളിലും കൂടി 3-2ന്റെ മേല്‍കൈയ്യോടെ ക്വാര്‍ട്ടറില്‍ പ്രവേശിക്കനായി. ആദ്യപാദ മത്സരം 1-1 സമനിലയില്‍ കലാശിച്ചിരുന്നു. മറ്റൊരു പോരാട്ടത്തില്‍ സ്വന്തം തട്ടകത്തില്‍ ഇറ്റാലിയന്‍ ക്ലബ്ബ് എഫ്സി റോമയെ തോല്‍പ്പിച്ച് പ്രീമിയര്‍ ലീഗ് ടീം ബ്രൈറ്റണും മുന്നേറി. ആദ്യപാദ മത്സരത്തില്‍ 3-1ന് ജയിച്ചതിന്റെ ആധിപത്യം ബ്രൈറ്റണിനുണ്ടായിരുന്നു. ഇന്നലത്തെ രണ്ടാം പാദത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രൈറ്റണ് വിജയിച്ചത്.
മറ്റൊരു കളിയില്‍ അസെര്ബൈജാന് ടീം ഖരാബാഗ് എഫ്കെയെ തോല്‍പ്പിച്ച് ജര്‍മന്‍ ക്ലബ്ബ് ബയെര്‍ ലെവര്കൂസെന് ക്വാര്‍ട്ടറിലേക്ക് കുതിച്ചു. ഇരുവരും തമ്മിലുള്ള ആദ്യപാദ മത്സരം 2-2 സമനിലയില്‍ കലാശിച്ചതിനെ തുടര്‍ന്ന് ഇന്നലെ വാശിയേറിയ പോരാട്ടമാണ് നടന്നത്. കളി അവസാന 20 മിനിറ്റിലേക്ക് കടക്കുമ്പോള്‍ ബയെര്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പിന്നിലായിരുന്നു. 72-ാം മിനിറ്റിലും ഇന്‍ജുറി ടൈമില്‍ രണ്ട് ഗോളുകളും നേടിക്കൊണ്ടാണ് നിര്‍ണായക വിജയം സ്വന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: