ന്യൂദല്‍ഹി: ഫിഫ ലോകകപ്പ് ഫുട്ബോള്‍ 2026 യോഗ്യതാ മത്സരങ്ങള്‍ക്കായി ഭാരത ടീം സൗദി അറേബ്യയിലേക്ക് തിരിച്ചു. അഫ്ഗാനിസ്ഥാനെതിരായ എവേ മത്സരങ്ങള്‍ക്കായാണ് ഇന്നലെ ടീമംഗങ്ങള്‍ യാത്രയായത്. സൗദിയിലെ ആഭയില്‍ 21ന് രാത്രി 12.30നാണ് മത്സരം. യോഗ്യതാ മത്സരങ്ങളില്‍ രണ്ടാം റൗണ്ട് ഗ്രൂപ്പ് എയില്‍ കുവൈറ്റിന് പിന്നില്‍ മൂന്നാം സ്ഥാനത്താണ് ഭാരതം. ഇതുവരെ കളിച്ച രണ്ട് മത്സരങ്ങളില്‍ ഒന്നില്‍ ജയിച്ചപ്പോള്‍ മറ്റൊരെണ്ണത്തില്‍ പരാജയപ്പെട്ടു.
21ന് നടക്കുന്ന ഏവേ മത്സരത്തിന് ശേഷം 26നുള്ള ഹോം മാച്ചിനായി ടീം തിരിച്ചെത്തും. അഫ്ഗാനിസ്ഥാന് ആണ് 26ന് നടക്കുന്ന മത്സരത്തിലെയും എതിരാളികള്‍. ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്ലെറ്റിക് സ്റ്റോഡിയത്തിലാണ് മത്സരം.
ഇതുവരെ കളിച്ച രണ്ട് കളികളില്‍ ആദ്യത്തെ മത്സരത്തില്‍ ഭാരതം കുവൈറ്റിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചിരുന്നു. അവരുടെ നാട്ടിലാണ് ഭാരതം ഈ വിജയം നേടിയത്. തുടര്‍ന്ന് ഭൂവനേശ്വറില്‍ കരുത്തരായ ഖത്തറിനോട് പരാജയപ്പെടുകയും ചെയ്തു. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ഭാരതത്തിന്റെ തോല്‍വി. ഖത്തര്‍ ആണ് ഭാരതം ഉള്‍പ്പെട്ട ഗ്രൂപ്പില്‍ നിലവിലെ ഒന്നാം സ്ഥാനക്കാര്‍.
ഏഷ്യന്‍ കപ്പ് ഫുട്ബോളിലെ നിരാശാ പ്രകടനത്തിന് ശേഷം ആദ്യമായാണ് ഭാരത ടീം കളത്തിലിറങ്ങുന്നത്. ഏഷ്യന്‍ കപ്പില്‍ ഓസ്ട്രേലിയ(0-2), ഉസ്ബെകിസ്ഥാന്(0-3), സിറിയ(0-1) ടീമുകളോട് തോറ്റ് ഭാരതം ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. ആ തോല്‍വി നിരാശപ്പെടുത്തുന്നതാണ്, അതിനെ നിരന്തരം കൊണ്ടുനടക്കാന്‍ ആഗ്രഹിക്കുന്നില്ല. യാതൊരു അടിസ്ഥാനവുമില്ലാതെ അമിത പ്രതീക്ഷ വച്ചുപുലര്‍ത്തിയതിന്റെ തിരിച്ചടിയായിരുന്നു അത്-ഭാരത പരിശീലകന് ഇഗോര്‍ സ്റ്റിമാച്ച് പ്രതികരിച്ചു.
ഭാരത ടീം
- ഗോള്‍വല കാക്കാന്‍- ഗുര്‍പ്രീത് സിങ് സന്ധു, അമരീന്ദര്‍ സിങ്, വിശാല്‍ കെയ്ത്ത്.
- പ്രതിരോധ നിര- ആകാശ് മിശ്ര, മെഹ്താബ് സിങ്, രാഹുല്‍ ബെക്കെ, നിഖില്‍ പൂജാരി, സുഭാസിഷ് ബോസ്, അന്‍വര്‍ അലി, അമേയ് റനവാഡെ, ജയ് ഗുപ്ത
- മധ്യനിര- അനിരുദ്ധ് ഥാപ്പ, ബ്രണ്ടന്‍ ഫെര്‍ണാണ്ടസ്, ലിസ്റ്റന്‍ കൊലാസോ, മഹേഷ് സിങ് നോറെം, സഹല്‍ അബ്ദുല്‍ സമദ്, സുരേഷ് സിങ് വാങ്ജം, ജീക്സണ് സിങ് തുനോജം, ദീപത് താംഗ്രി, ലാലെങ്മാവിയ റാള്‍ട്ടെ, ഇമ്രാന് ഖാന്
- മുന്നേറ്റം– സുനില്‍ ഛേത്രി, ലാല്ലിയന്സുവാല ഛാങ്തെ, മന്വീല് സീങ്, വിക്രം പ്രതാപ് സിങ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: