കണ്ണൂര്‍: കേരളസര്‍വകലാശാല കലോത്സവത്തിനിടെ കോഴ വാങ്ങിയെന്ന് ആരോപിച്ച് എസ്എഫ്ഐ സംഘത്തിന്റെ ക്രൂരമര്‍ദനത്തിനിരയായ മാര്‍ഗംകളി വിധികര്‍ത്താവ് കണ്ണൂര്‍ ചൊവ്വ സൗത്തിലെ ഷാജി പൂത്തട്ട മരിച്ചത് കീടനാശിനി അകത്തു ചെന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
ഷാജിയുടെ ശരീരത്തില്‍ അടിയേറ്റതിന്റെ പാടുകളോ ലക്ഷണങ്ങളോയില്ലെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കണ്ണൂര്‍ സിറ്റി പോലിസ് ഇന്‍സ്പെക്ടര്‍ എസ്.ബി. കൈലാസനാഥിന്റെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ എസ്ഐയും രണ്ടു ഗ്രേഡ് എസ്ഐമാരും ഉള്‍പ്പെടുന്ന പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം അന്വേഷണ സംഘത്തിന് കൈമാറുമെന്നാണ് പോലീസ് നല്കുന്ന വിവരം.
അതേ സമയം ഷാജി മരിച്ചു കിടന്ന മുറിയില്‍ നിന്ന് കീടനാശിനിയുടെ കുപ്പിയും ഇതു ഒഴിച്ച ഗ്ലാസും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതു ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. കോഴവാങ്ങിയെന്ന ആരോപണമുയര്‍ന്നതിനാല്‍ ഷാജി മനോവിഷമം കൊണ്ട് ജീവനൊടുക്കിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്. ഷാജിയുടെ മൊബൈല്‍ ഫോണ്‍ പോലീസ് പരിശോധിച്ചുവരികയാണ്. കൂടാതെ ശരീരത്തില്‍ എസ്എഫ്ഐക്കാരുടെ അക്രമത്തില്‍ ക്ഷതമേറ്റിരുന്നുവോയെന്നതും പോലീസ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിശോധിക്കുന്നുണ്ട്. ഇതു പൂര്‍ത്തിയായാല്‍ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാവുമെന്ന് പോലീസ് പറഞ്ഞു.
ഷാജിയെ കലോത്സവവുമായി ബന്ധപ്പെട്ട ഫലങ്ങള്‍ കോഴവാങ്ങി അട്ടിമറിക്കുന്ന സംഘങ്ങളില്‍ ചിലര്‍ കുടുക്കിയതാണെന്ന ആരോപണം ബന്ധുക്കള്‍ ഉന്നയിച്ചിരുന്നു. കൂടാതെ കലോത്സവ സംഘാടകരായ യൂണിയന് ഭാരവാഹികളടക്കമുളള എസ്എഫ്ഐക്കാര്‍ ഷാജിയെ ക്രൂരമായി മര്‍ദിച്ചതായും പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ ആത്മഹത്യാക്കുറിപ്പില്‍ ഇവരുടെ ആരുടെ പേരും പരാമര്‍ശിക്കുന്നില്ല. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ ഷാജിയുടെ അമ്മ ലളിത പൂത്തട്ടയുടെയും സഹോദരന് അനില്‍കുമാറിന്റെയും ബന്ധുക്കളുടെയും മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ വിശദമായ അന്വേഷണമുണ്ടാകുമെന്നാണ് പോലീസ് നല്കുന്ന വിവരം.
ഷാജിയുടെ മൃതദേഹം രാവിലെ എട്ടുമണി മുതല്‍ പത്തുമണിവരെ കണ്ണൂര്‍ സൗത്ത് റെയില്‍വെ സ്റ്റേഷനടുത്തെ സ്വവസതിയില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് സംസ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: