കൊച്ചി: സംസ്ഥാനത്തെ 12 ബാങ്കുകള്‍ നിയമലംഘകരെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ക്രമക്കേട് കണ്ടെത്തിയ 12 സഹകരണ ബാങ്കുകളുടെ പേര് വിവരങ്ങള്‍ ഇ ഡി സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
അയ്യന്തോള്‍, മാരായമുട്ടം, കണ്ടല, ചാത്തന്നൂര്‍, മൈലപ്ര, മാവേലിക്കര, തുമ്പൂര്‍, നടയ്ക്കല്‍, പെരുങ്കടവിള, കോന്നി റീജിയണല്‍, ബിഎസ്എന്‍എല്‍ എഞ്ചിനീയേഴ്സ് സഹകരണ ബാങ്ക്, മൂന്നിലവ് സഹകരണ ബാങ്കുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന് പുറമേ ഈ ബാങ്കുകള്‍ക്കെതിരെയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കരുവന്നൂര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സമര്‍പ്പിച്ച എതിര്‍സത്യവാങ്മൂലത്തിലാണ് വിവരങ്ങള്‍ നല്‍കിയത്. സഹ. സംഘങ്ങളില്‍ അംഗത്വം നല്‍കുന്നതിലും കെവൈസി രേഖപ്പെടുത്തിയതിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ക്രമക്കേട് കണ്ടെത്തി. അംഗത്വ രജിസ്റ്റര്‍ പാലിക്കുന്നതിലും നിയമവിരുദ്ധതയുണ്ട്. സി ക്ലാസ് അംഗത്വം നല്കിയ നടപടി സൊസൈറ്റി നിയമാവലിക്ക് വിരുദ്ധമാണ്. വായ്പക്ക് ഈട് നല്‍കുന്നതിലും വ്യാപക ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും ഇ ഡി വ്യക്തമാക്കി. കരുവന്നൂര്‍ ബാങ്ക് കേസില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടിയ നടപടി ചോദ്യം ചെയതു അലി സാബ്രി നല്കിയ ഹര്‍ജിയിലാണ് ഇ ഡി സത്യവാങ്മൂലം സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: