കോയമ്പത്തൂര്‍ :പ്രധാനമന്ത്രി മോദിയുടെ കോയമ്പത്തൂര്‍ റോഡ് ഷോയ്ക്ക് മദ്രാസ് ഹൈക്കോടതി അനുമതി നല്കി. നേരത്തെ കോയമ്പത്തൂര്‍ സിറ്റി പൊലീസാണ് അനുമതി നിഷേധിച്ചത്. മോദിയുടെ കോയമ്പത്തൂര്‍ റോഡ് ഷോ തടയാനുള്ള സ്റ്റാലിന് സര്‍ക്കാരിന്റെ ശ്രമം പൊളിഞ്ഞു.
കോയമ്പത്തൂരിലെ ബിജെപി ജില്ലാ പ്രസിഡന്റ് ജെ. രമേഷ് കുമാര്‍ നല്കിയ പരാതിയില്‍ മോദിയുടെ റോഡ് ഷോ നടത്താന്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ ജസ്റ്റിസ് എന്‍. ആനന്ദ് വെങ്കടേഷ് കോയമ്പത്തൂര്‍ ആര്‍എസ് പുരം റേഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്കി. മാര്‍ച്ച് 14ന് തന്നെ റോഡ് ഷോ നടത്താന്‍ അനുമതി തേടി അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കത്ത് നല്കിയിരുന്നുവെങ്കില് അനുമതി തടയുകയായിരുന്നുവെന്നും പ്രധാനമന്ത്രി നടപ്പാക്കിയ പദ്ധതികളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാനായിരുന്നു ഈ നാല് കിലോമീറ്റര്‍ റോഡ് ഷോ എന്നും രമേഷ് കുമാര്‍ പരാതിയില്‍ പറഞ്ഞിരുന്നു. ഇത് കോടതി അംഗീകരിച്ചു.
മാര്‍ച്ച് 18ന് മേട്ടുപ്പാളയം റോഡ് മുതല്‍ ആര്.എസ് പുരം വരെയുള്ള മോദിയുടെ റോഡ് ഷോ നേരത്തെ നിശ്ചയിച്ചതുപോലെ നടക്കും. 1998ല്‍ ബോംബ്സ്ഫോടനപരമ്പര ഉണ്ടായ സ്ഥലമാണ് കോയമ്പത്തൂര്‍. തമിഴ്നാട്ടില്‍ ബിജെപിയ്ക്ക് സ്വാധീനം വര്‍ധിച്ചുവരുന്ന ഇടം കൂടിയാണ് കോയമ്പത്തൂര്‍. സുരക്ഷാ കാരണങ്ങളാലാണ് അനുമതി നിഷേധിച്ചതെന്നാണ് പൊലീസ് വിശദീകരണം.പൊതുജനങ്ങള്‍ക്കുണ്ടാകുന്ന അസൗകര്യവും പ്രധാനകാരണമായി കോയമ്പത്തൂര്‍ പൊലീസ് കമ്മീഷണര്‍ ചൂണ്ടിക്കാട്ടി.
കോയമ്പത്തൂര്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരപരിധിയില്‍ നാലു കിലോമീറ്ററോളം റോഡ് ഷോ നടത്താനായിരുന്നു നരേന്ദ്രമോദിയുടെ പദ്ധതി. റോഡ്ഷോയില്‍ ഒരുലക്ഷത്തിലേറെ ആളുകള്‍ പങ്കെടുക്കുമെന്നാണ് നേരത്തേ ബി.ജെ.പി അറിയിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: