കോട്ടയം: കേരളത്തില്‍ ഗോവ മാതൃകയിലുള്ള മാലിന്യസംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള നീക്കം മന്ദഗതിയില്‍. ഗോവയിലെ പ്പോലെ വേസ്റ്റ് മാനേജ്‌മെന്റ് കോര്‍പ്പറേഷന്‍ രൂപീകരിച്ച് നടപടികള്‍ ഏകോപിപ്പിക്കാന്‍ പഠന സംഘത്തിന്റെ നിര്‍ദേശമുണ്ടായെങ്കിലും തുടര്‍ നടപടി ഉണ്ടായില്ല.
നദികളിലെ മാലിന്യം കുറയ്‌ക്കുന്നതു സംബന്ധിച്ച് 2018 മുതല്‍ ദേശീയ ഹരിത ട്രൈബ്യൂണലിലുള്ള കേസില്‍, ഖരമാലിന്യ പ്ലാന്റുകള്‍ക്ക് സ്ഥലലഭ്യത പ്രയാസം സൃഷ്ടിക്കുന്നതായി കേരളം ധരിപ്പിച്ചപ്പോള്‍ ഗോവ മാതൃക പഠിക്കാന്‍ ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിയോഗിച്ച സംഘം ഗോവ സന്ദര്‍ശിച്ച് പഠന റിപ്പോര്‍ട്ടുതയ്യാറാക്കി. എന്നാല്‍ അതോടെ എല്ലാം അവസാനിപ്പിച്ച മട്ടാണ്.
കേരളത്തിന്റെ പത്തിലൊന്നു വിസ്തീര്‍ണം മാത്രമുള്ള ഗോവയെ പ്രാദേശികമായി 3 മേഖലകളാക്കി തിരിച്ചായിരുന്നു മാലിന്യ സംസ്‌കരണ നടപടികള്‍ . വീടുകള്‍, സ്‌കൂളുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും വഴിയോരങ്ങളില്‍ നിന്നും മാലിന്യശേഖരണം നടത്തുകയും ശാസ്ത്രീയമായി സംസ്‌കരിച്ച് വാതക ഇന്ധനമാക്കി വൈദ്യുതി ഉല്‍പാദനം നടത്തുകയും ചെയ്യുന്നു. ജൈവ മാലിന്യങ്ങള്‍ വളമായും മറ്റും മാറ്റുന്നുണ്ട്.
ടൂറിസം സീസണില്‍ ആളോഹരി മാലിന്യ ഉത്പാദനവും അധിക മാലിന്യങ്ങളും വര്‍ദ്ധിച്ചതിനാല്‍, സൗകര്യം വിപുലീകരിക്കേണ്ടത് ആവശ്യമായിരുന്നു.ഗോവ വേസ്റ്റ് മാനേജ്മെന്റ് കോര്‍പ്പറേഷന്റെ കീഴിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം ലഭിച്ചത്. ഒരു കോടി രൂപ ചെലവഴിച്ചാണ് വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ആകെ103.87 കോടി.2020 ആഗസ്റ്റില്‍ പ്രവൃത്തി ആരംഭിച്ച് 2021 ഡിസംബറോടെ പൂര്‍ത്തീകരിച്ചു. വിപുലീകരണത്തിന് ശേഷം, പ്രതിദിനം നിലവിലുള്ള 150 മെട്രിക് ടണ്ണില്‍ നിന്ന് പ്രതിദിനം 250- 300 മെട്രിക് ടണ്‍ വരെ മാലിന്യം കൈകാര്യം ചെയ്യുന്നു.മൂന്ന് ലക്ഷത്തിലേറെ ടണ്‍ ഖരമാലിന്യമാണ് പ്രവര്‍ത്തനം തുടങ്ങി ചുരുങ്ങിയ കാലം കൊണ്ട് സംസ്‌കരിച്ചത്. പ്രതിദിനം 25000 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനും കഴിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: