വടക്കാഞ്ചേരിയിൽ ഒമ്പത് വിദ്യാർത്ഥികളുടെ മരണത്തിന് ഇടയാക്കിയ ടൂറിസ്റ്റ് അപകടത്തിന് പിന്നാലെ കർശന നിയന്ത്രണങ്ങളാണ് എംവിഡി ടൂറിസ്റ്റ് ബസുകൾക്ക് ഏർപ്പെടുത്തിയിരുന്നത്. ഇപ്പോഴിതാ ഈ നിയന്ത്രണങ്ങൾക്ക് എംവിഡി ഇളവ് നൽകിയിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് വിനോദയാത്രയ്‌ക്ക് പോകുന്ന ടൂറിസ്റ്റ് ബസുകൾക്ക് ഏർപ്പെടുത്തിയിരുന്ന പരിശോധനയിലാണ് ഇളവ് വരുത്തിയതായി എംവിഡി അറിയിച്ചിരിക്കുന്നത്.
വിദ്യാർത്ഥികളുമായി വിനോദയാത്രക്ക് പോകുന്നതിന് ഏഴ് ദിവസം മുമ്പ് വാഹനങ്ങൾ ഉദ്യോഗസ്ഥർ പരിശോധിക്കണമെന്നായിരുന്നു എംവിഡി പങ്കുവച്ച ആദ്യ നിർദ്ദേശം. എന്നാൽ പുതിയതായി പങ്കുവച്ച നിർദ്ദേശാനുസരണം ടൂറിസ്റ്റ് ബസുകൾ 30 ദിവസത്തിൽ ഒരിക്കൽ മാത്രം പരിശോധനയ്‌ക്ക് എത്തിച്ചാൽ മതിയാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.ബസിന്റെ പ്രവർത്തന ക്ഷമത ഉറപ്പു വരുത്തുന്നതിനാണ് പരിശോധന.
കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾ മാസത്തിൽ ഒരു തവണ എംവിഡി ഇൻസ്പെക്ടർ പരിശോധിച്ച് വാഹനത്തിന്റെ കാര്യക്ഷമത ഉറപ്പാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനൊപ്പം ബസുകളിൽ അനധികൃത ലൈറ്റുകൾ, എയർ ഹോൺ എന്നിങ്ങനെ തീവ്രത കൂടിയ ശബ്ദ സംവിധാനങ്ങൾ ഇല്ലെന്ന് ഉറപ്പാക്കുന്നതിനാണ് പരിശോധന നടത്തുന്നതെന്ന് എംവിഡി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: