ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ ഒന്നു മുതല്‍ ആറു മാസത്തേക്കുള്ള പുതിയ മേല്‍ശാന്തിയായി വടക്കാഞ്ചേരി പനങ്ങാട്ടുകര പള്ളിശ്ശേരി മനയ്ക്കല്‍ മധുസൂദനന് നമ്പൂതിരിയെ (53) നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.
ഇന്നലെ ഉച്ചപൂജ നട തുറന്നപ്പോള്‍ നമസ്കാര മണ്ഡപത്തിലെ വെള്ളിക്കുടത്തില്‍ നിക്ഷേപിച്ച പേരുകളില്‍ നിന്ന് ക്ഷേത്രം തന്ത്രിമുഖ്യന്‍ ദിനേശന് നമ്പൂതിരിപ്പാടിന്റെയും, ക്ഷേത്രം തന്ത്രി കൃഷ്ണന് നമ്പൂതിരിപ്പാടിന്റെയും സാന്നിധ്യത്തില്‍ നിലവിലെ മേല്‍ശാന്തി പൊട്ടക്കുഴി മനയ്ക്കല്‍ ശ്രീനാഥ് നമ്പൂതിരിയാണ് നറുക്കെടുത്തത്. രണ്ടാം തവണയാണ് മധുസൂദനന് നമ്പൂതിരി ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയാകുന്നത്. 2017 ഏപ്രില്‍ ഒന്നു മുതല്‍ സപ്തംബര്‍ 30 വരെ ഇദ്ദേഹം ഗുരുവായൂര്‍ മേല്‍ശാന്തിയായിരുന്നു. ഇപ്പോള്‍ നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തിലെ മേല്‍ശാന്തിയായ മധുസൂദനന് നമ്പൂതിരി, വിയ്യൂര്‍ ശിവക്ഷേത്രം, ചോറ്റാനിക്കര, പനങ്ങാട്ടുകര ക്ഷേത്രങ്ങളിലും മേല്‍ശാന്തിയായിരുന്നു.
വടക്കാഞ്ചേരി പനങ്ങാട് പള്ളിശ്ശേരി മനയ്ക്കല്‍ പരേതനായ സുബ്രഹ്മണ്യന് നമ്പൂതിരിയുടെയും വടക്കേക്കാട് മുല്ലമംഗലം മനയ്ക്കല്‍ പരേതയായ ദേവസേന അന്തര്‍ജനത്തിന്റെയും മകനാണ്. ഭാര്യ: കോട്ടയം വിളായിക്കോട് മനയ്ക്കല്‍ നിഷ അന്തര്‍ജനം. ആലുവ ഫെഡറല്‍ ബാങ്ക് ഉദ്യോഗസ്ഥന് ശ്രാവണ്‍, ഉണ്ണിക്കൃഷ്ണന് എന്നിവര്‍ മക്കളാണ്.
ചടങ്ങില്‍ ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് ഡോ. വി.കെ. വിജയന്, ദേവസ്വം ഭരണസമിതി അംഗങ്ങളായ സി. മനോജ്, ചെങ്ങറ സുരേന്ദ്രന്, മനോജ് ബി. നായര്‍ വി.ജി. രവീന്ദ്രന്, കെ.ആര്. ഗോപിനാഥ്, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ പി. മനോജ്കുമാര്‍, ദേവസ്വം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ പി.കെ. സുശീല, കൂടാതെ നൂറുകണക്കിനു ഭക്തജനങ്ങളും പങ്കെടുത്തു. നാളെ മുതല്‍ ക്ഷേത്രത്തില്‍ ഭജനമിരുന്ന് 31ന് വൈകിട്ട് അത്താഴ പൂജയ്ക്കു ശേഷം ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന് നമ്പൂതിരിയില്‍ നിന്ന് അടയാള ചിഹ്നമായ താക്കോല്‍ക്കൂട്ടം ഏറ്റുവാങ്ങി ചുമതലയേല്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: