കൊച്ചി: പുല്‍വാമ ഭീകരാക്രമണത്തെ വെള്ളപൂശി പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി നടത്തിയ പ്രസ്താവന ദുരുപദിഷ്ടവും അപലപനീയവും രാജ്യദ്രോഹവുമാണെന്ന് ബിജെപി ദേശീയ സെക്രട്ടറിയും പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ അനില്‍ ആന്റണി. പ്രസ്താവന തിരുത്തിയില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു.
2019 ല്‍ നടന്ന ഭീകരാക്രമണം പാകിസ്ഥാന്‍ സര്‍ക്കാരിലെ മന്ത്രി തന്നെ തങ്ങളുടെ വിജയമായി അവകാശപ്പെട്ടിരുന്നു. രാജ്യത്തിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന പ്രസ്താവനകളിലെ ഒടുവിലത്തെ ഉദാഹരണമാണ് 15 വര്‍ഷം പാര്‍ലമെന്റ് അംഗമായിരുന്ന ആന്റോ ആന്റണി നടത്തിയ പ്രസ്താവനയെന്ന് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
കശ്മീരില്‍ പാകിസ്ഥാന്റെ അറിവോടെ നടക്കുന്ന ഭീകരാക്രമണങ്ങളെ ചെറുത്ത് തോല്‍പ്പിക്കുന്ന ലക്ഷണക്കണക്കിന് ധീരജവാന്മാരെയും പുല്‍വാമ ആക്രമണത്തില്‍ വീരമൃത്യുവരിച്ച 42 സൈനികരെയും അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനയാണ് ആന്റോ ആന്റണിയുടെതെന്നും അത് തിരുത്തണമെന്നും നിരുപാധികം മാപ്പ് പറയണമെന്നും അനില്‍ആന്റണി ആവശ്യപ്പെട്ടു.
പുല്‍വാമ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരവാദ സംഘടനയായ ജയ്ഷ് ഇ മുഹമ്മദ് ഏറ്റെടുത്തിരുന്നു. എന്നിട്ടും ഇത്തരത്തില്‍ നടത്തുന്ന പ്രസ്താവന രാജ്യദ്രോഹമാണ്. രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സ്വദേശത്തും വിദേശത്തും രാജ്യവിരുദ്ധ ശക്തികളുമായി ചേര്‍ന്ന് രാജ്യത്തെ താഴ്‌ത്തി കെട്ടാനാണ് ശ്രമിക്കുന്നതെന്നും തീവ്രവാദ മനസുള്ളവരെ പ്രീണിപ്പിക്കുന്നതിനാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദി യാതൊരുവിധ വേര്‍തിരിവുമില്ലാതെ രാജ്യത്തെ 140 കോടി ജനങ്ങളെയും ഒരുമിപ്പിച്ച് വികസിത ഭാരതത്തിലേക്ക് നയിക്കുമ്പോള്‍ 15 വര്‍ഷത്തോളം പാര്‍ലമെന്റില്‍ അംഗമായ വ്യക്തിയുടെ ഇത്തരത്തിലുള്ള പ്രസ്താവന ഗുരുതരമാണ്.
സിഎഎ നടപ്പിലാക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ മാത്രം ചുമതലയാണെന്നിരിക്കെ മുഖ്യമന്ത്രിയും യുഡിഎഫ്, എല്‍ഡിഎഫ് നേതാക്കളും നടപ്പിലാക്കില്ലെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് അദ്ദേഹം ചോദിച്ചു. ഭരണഘടനയുടെ ഷെഡ്യൂള്‍ 7, സെക്ഷന്‍ 17, 19 പ്രകാരം പൗരത്വം നല്‍കുന്ന കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. പൗരത്വ നിയമ ഭേദഗതി രാജ്യത്ത് നടപ്പിലായിട്ടും നടപ്പിലാക്കില്ലെന്ന് പറയുന്നത രാഷ്‌ട്രീയലക്ഷ്യം മാത്രമാണെന്നും ചെറിയൊരു വിഭാത്തെ പ്രീണിപ്പിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
സിഎഎ നടപ്പിലാക്കില്ലെന്ന് കേരളത്തിലെയും തമിഴ്‌നാട്ടിലെയുമൊക്കെ മുഖ്യമന്ത്രിമാര്‍ പറയുന്നത് ജനങ്ങളെ വിഡ്ഢികളാക്കാനും വേര്‍തിരിവ് ഉണ്ടാക്കാനുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകത്തിലെ ഒരു ശക്തിക്കും സിഎഎ നടപ്പിലാക്കുന്നത് തടയാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ബിജെപി സംസ്ഥാന വക്താവ് കെ.വി.എസ്. ഹരിദാസ്, ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു, ജനറല്‍ സെക്രട്ടറിമാരായ എസ്. സജി, വി. കെ. ഭസിത്കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: