തിരുവനന്തപുരം: വർഷങ്ങളായുള്ള കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് പദ്മിനി തോമസും തമ്പാനൂർ സതീഷും അടക്കമുള്ളവർ ബിജെപിയിൽ ചേർന്നു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് സ്പോർട്സ് കൗൺസിൽ അധ്യക്ഷയായിരുന്നു പദ്മിനി തോമസ്. ഇവരോടൊപ്പം ഡിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന ഉദയന്‍, പദ്മിനി തോമസിന്റെ മകന് ഡാനി ജോണ്‍ സെല്വന് എന്നിവരുള്‍പ്പെടെ 20 പേര് ബിജെപിയിൽ ചേർന്നിട്ടുണ്ട്.
ബിജെപിയുടെ പുതിയതായി ഉദ്ഘാടനം ചെയ്ത തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തിയാണ് നേതാക്കൾ അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനൊപ്പമാണ് ഇവർ പാർട്ടി ഓഫീസിലെത്തിയത്. കേന്ദ്രമന്ത്രിയും തിരുവനന്തപുരം എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറുടെ സാന്നിധ്യത്തിലായിരുന്നു ബിജെപി പ്രവേശനം.
കെപിസിസി കായിക വേദിയുടെ അധ്യക്ഷയായി പ്രവര്‍ത്തിച്ച പത്മിനി തോമസ് വര്‍ഷങ്ങളായി കോണ്‍ഗ്രസുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചു വരികയായിരുന്നു. 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭയില്‍ കോണ്‍ഗ്രസ് മേയര്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നെങ്കിലും പിന്നീട് സീറ്റ് നിഷേധിക്കുകയായിരുന്നു.
കോൺഗ്രസ് നേതൃത്വവുമായുള്ള അസ്വാരസ്യങ്ങളെ തുടർന്നാണ് തമ്പാനൂർ സതീഷ് ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ച് ബിജെപിയിൽ ചേർന്നത്. പാർട്ടിയിൽ പുനഃസംഘടന നടന്നപ്പോഴൊക്കെ താൻ തഴയപ്പെട്ടതായി തമ്പാനൂർ സതീഷ് ആരോപിച്ചിരുന്നു. പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന ഒരു പ്രവൃത്തിയും തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. പുതിയ സെക്രട്ടറിമാരുടെ ലിസ്റ്റിലും പേരില്ലാത്തതിൽ അഭിപ്രായ വ്യത്യാസമുണ്ട്. കോണ്‍ഗ്രസ് പ്രവർത്തകർ വെയിലും മഴയും കൊണ്ട് സ്വരൂപിച്ച പാർട്ടി ഫണ്ട് കെപിസിസി പ്രസിഡന്റ് ധൂർത്തടിക്കുകയാണ്. ഫണ്ട് എന്തിനു വിനിയോഗിക്കുന്നു എന്നുപോലും ആർക്കുമറിയില്ലെന്നും സതീഷ് പറഞ്ഞു.
ഡിസിസിയുടെ മുൻ ഭാരവാഹികളും ബിജെപിയിൽ അംഗത്വം സ്വീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: