കൊൽക്കത്ത : പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ പ്രശ്‌നബാധിതമായ സന്ദേശ്ഖാലിയിൽ ഇഡി പരിശോധനകൾ തുടരുന്നു. ഇതോടനുബന്ധിച്ച് സസ്പെൻഷനിലായ തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാന്റെ ഇഷ്ടിക ചൂളയിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് വ്യാഴാഴ്ച പുലർച്ചെ റെയ്ഡ് നടത്തി.
വനിതാ സേന ഉൾപ്പെടെയുള്ള അർദ്ധസൈനികരുടെ അകമ്പടിയോടെ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ ഓപ്പറേഷനിൽ പങ്കെടുത്തു. രാവിലെ 6:30 ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന്റെ നിരവധി സംഘങ്ങൾ സന്ദേശ്ഖാലിയിലെത്തി. ഒരു സംഘം ഷെയ്ഖ് ഷാജഹാന്റെ ഇഷ്ടിക ചൂളയിൽ റെയ്ഡ് നടത്തുമ്പോൾ മറ്റൊരു സംഘം സന്ദേശ്ഖാലിയിലെ ധമഖാലി മേഖലയിൽ തിരച്ചിൽ നടത്തി. തൃണമൂൽ കോൺഗ്രസ് നേതാവ് നസ്‌റുൽ മൊല്ലയുടെ കൊൽക്കത്തയിലെ വസതിയിലും റെയ്ഡ് നടന്നു. സന്ദേശ്ഖാലിയിലെ മത്സ്യബന്ധന പ്രവർത്തനങ്ങളിൽ നസ്രുൾ മൊല്ല പങ്കാളിയാണ്.
അതേസമയം ജനുവരി അഞ്ചിന് സന്ദേശ്ഖാലിയിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് സംഘത്തിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ഇന്ന് വരെ സിബിഐ കസ്റ്റഡിയിലാണ് ഷെയ്ഖ് ഷാജഹാൻ. സംഭവങ്ങളുമായി ബന്ധപ്പെട്ട മൂന്ന് കേസുകളുടെ അന്വേഷണം സിബിഐ ഏറ്റെടുത്തു.
ജനുവരി 5 ന്, റേഷൻ വിതരണ കുംഭകോണ കേസുമായി ബന്ധപ്പെട്ട് ഏജൻസിയുടെ അന്വേഷണവുമായി ബന്ധപ്പെട്ട് ഷെയ്ഖ് ഷാജഹാന്റെ സ്ഥാപനം പരിശോധിക്കാൻ പോയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥരെ ഏകദേശം 1000-ത്തോളം വരുന്ന ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു. തുടർന്നാണ് ഇയാൾ ഒളിവിൽ പോയത്. കൂടാതെ റേഷൻ കേസിൽ മുൻ സംസ്ഥാന മന്ത്രി അറസ്റ്റിലുമാണ്.
ജനുവരി അഞ്ചിന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് സംഘത്തിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ഷെയ്ഖ് ഷാജഹാന്റെ സുരക്ഷാ ജീവനക്കാരൻ ഉൾപ്പെടെ മൂന്ന് കൂട്ടാളികളെ തിങ്കളാഴ്ച സിബിഐ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ഷെയ്ഖ് ഷാജഹാന്റെ ഒമ്പത് സഹായികളെയും കൂട്ടാളികളെയും തിങ്കളാഴ്ച ചോദ്യം ചെയ്യാൻ സിബിഐ വിളിപ്പിച്ചിരുന്നു.
ഈ ഒമ്പത് വ്യക്തികളും എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിന്റെ ഭാഗമാണെന്നും സന്ദേശ്ഖാലിയിലെ ഷെയ്ഖ് ഷാജഹാന്റെ സ്ഥാപനം റെയ്ഡ് ചെയ്യാൻ പോയപ്പോൾ സംഘത്തെ ലക്ഷ്യമിടാൻ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചുവെന്നും ഏജൻസി സംശയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: