നാഗ്പൂര്‍: 2025ലെ വിജയദശമിയോടെ 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ആര്‍എസ്എസ്, അതിന്റെ ജന്മശതാബ്ദി കാര്യക്രമങ്ങളെപ്പറ്റി നാളെ നാഗ്പൂരില്‍ ആരംഭിക്കുന്ന പ്രതിനിധിസഭയില്‍ ചര്‍ച്ച ചെയ്യുമെന്ന് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അഖില ഭാരതീയ പ്രതിനിധിസഭ 15, 16, 17 തീയതികളില്‍ നാഗ്പൂര്‍ രേശിംഭാഗിലെ സ്മൃതിഭവനിലാണ് ചേരുന്നത്. സാമാജിക പരിവര്‍ത്തനത്തിന് ആര്‍എസ്എസ് മുന്നോട്ടുവച്ച അഞ്ചു പ്രവര്‍ത്തനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തും.
കുടുംബ പ്രബോധനം, പരിസ്ഥിതി സംരക്ഷണം, സാമാജിക സമരസത, സ്വദേശി ശീലം, പൗരബോധം വളര്‍ത്തുക എന്നീ അഞ്ചു പരിവര്‍ത്തന മന്ത്രങ്ങള്‍ മുറുകെപ്പിടിച്ച് സമൂഹത്തിലാകെ സമഗ്ര മാറ്റത്തിനുള്ള ശ്രമങ്ങളാണ് ആര്‍എസ്എസ് തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ശാഖകള്‍ സംബന്ധിച്ച വിലയിരുത്തലും പ്രതിനിധിസഭയിലുണ്ടാകും. ശതാബ്ദിയോടെ രാജ്യത്ത് ഒരു ലക്ഷം ശാഖകളെന്ന ലക്ഷ്യമാണ് സംഘടന മുന്നോട്ടുവച്ചിട്ടുള്ളത്.
അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ രാജ്യത്താകെ ഉണര്‍ത്തിയ പ്രതീക്ഷാ നിര്‍ഭരമായ അന്തരീക്ഷത്തിന്റെ പശ്ചാത്തലത്തില്‍ അതു സംബന്ധിച്ച് പ്രതിനിധിസഭയില്‍ പ്രമേയം അവതരിപ്പിക്കും. ആര്‍എസ്എസ് സര്‍കാര്യവാഹിന്റെ തെരഞ്ഞെടുപ്പും സര്‍സംഘചാലകിന്റെ അടുത്ത വര്‍ഷത്തെ പരിപാടികളുടെ തീരുമാനവും ഈ പ്രതിനിധിസഭയിലുണ്ടാവും. അഹല്യാബായ് ഹോള്‍ക്കറുടെ മുന്നൂറാം ജന്മവാര്‍ഷികം പ്രമാണിച്ചുള്ള പരിപാടികളെക്കുറിച്ച് പ്രസ്താവനയും പ്രതിനിധിസഭയിലുണ്ടാകും. പുതിയ പാഠ്യപദ്ധതിയനുസരിച്ചുള്ള ആര്‍എസ്എസ് പരിശീലന ശിബിരങ്ങളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.
2018ലാണ് ഇതിനു മുമ്പ് നാഗ്പൂര്‍ ആര്‍എസ്എസ് പ്രതിനിധിസഭയ്ക്കു വേദിയായത്. 1529 പ്രതിനിധികളാണ് പങ്കെടുക്കുക. 32 വിവിധ ക്ഷേത്ര പ്രസ്ഥാനങ്ങളുടെ പ്രതിനിധികളുമെത്തും. രാഷ്ട്ര സേവികാ സമിതി പ്രമുഖ സഞ്ചാലിക ശാന്തക്ക, വിശ്വഹിന്ദു പരിഷത്ത് അധ്യക്ഷന്‍ അലോക് കുമാര്‍ തുടങ്ങിയവര്‍ പ്രതിനിധിസഭയില്‍ പങ്കെടുക്കും. എല്ലാ സംഘടനകളും അവരുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഓരോ സംഘടനയും അതതു മേഖലകളില്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും കണ്ടെത്തിയ പരിഹാര മാര്‍ഗങ്ങളെക്കുറിച്ചും പ്രതിനിധിസഭ ചര്‍ച്ച ചെയ്യും.
ആര്‍എസ്എസ് പശ്ചിമ ക്ഷേത്ര സംഘ ചാലക് ഡോ. ജയന്തിഭായ് ഭദേസിയയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: